'അമ്മ മരിച്ചതറിഞ്ഞിട്ടും കോമഡി സീൻ ചെയ്തു, അതുകണ്ട് മനസ്സ് തകർന്നു'; രാധികയെക്കുറിച്ച് മമിത

നടി രാധികാ ശരത്കുമാറിന്റെ അർപ്പണമനോഭാവത്തെക്കുറിച്ച് സംസാരിച്ച് മമിതാ ബൈജു. വിശ്വനാഥ് ആൻഡ് സൺസ് എന്ന ചിത്രത്തിനുവേണ്ടി ഒരു കോമഡി രംഗം ചിത്രീകരിക്കുന്നതിനിടെയാണ് തന്റെ അമ്മ മരിച്ച വിവരം രാധിക അറിയുന്നത്. ആ സങ്കടം ഉള്ളിലൊതുക്കിയാണ് ആ രംഗം അവർ അഭിനയിച്ചതെന്ന് മമിത ഒരു പ്രചാരണപരിപാടിയിൽ പറഞ്ഞു. സംവിധായകൻ വെങ്കി അറ്റ്ലൂരി, നടൻ സൂര്യ എന്നിവരും രാധികയും ഇതേ സംഭവം ഓർത്തെടുത്തു.
അമ്മയുടെ മരണത്തിന് കൃത്യം ഒരു ദിവസം മുൻപ് അമ്മയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് രാധിക തന്നോട് സംസാരിച്ചിരുന്നു എന്ന് മമിത ഓർത്തു. ആ സങ്കടകരമായ വാർത്തയ്ക്കിടയിലും അവർ അഭിനയിക്കുന്നത് കണ്ടപ്പോൾ തന്റെ മനസ്സ് തകർന്നുപോയെന്ന് മമിത പറയുന്നു. “ഞാൻ വാക്കു കിട്ടാതെ നിന്നുപോയി,” മമിത പറഞ്ഞു. അഭിനയിച്ചുകൊണ്ടിരുന്ന രംഗം തീർത്തിട്ട് പോയാൽ മതിയോ എന്നാണ് രാധിക തന്നോട് ചോദിച്ചതെന്ന് സംവിധായകൻ വെങ്കി അറ്റ്ലൂരി ഓർമിച്ചു. ചോദ്യം കേട്ടപ്പോൾ താൻ ഒരു നിമിഷം സ്തംഭിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു.
"അവർ തന്റെ കലയോട് പുലർത്തുന്ന അപാരമായ ബഹുമതി നോക്കൂ. ആ സമർപ്പണബോധം തന്നെയാണ് ഇന്നുവരെ ഇത്രയും പ്രശസ്തമായ ഒരു കരിയർ നിലനിർത്താൻ അവരെ പ്രാപ്തയാക്കിയത്. സിനിമ തനിക്ക് നൽകിയ എല്ലാത്തിനോടും അവർക്കുള്ള ആഴത്തിലുള്ള സ്നേഹവും ബഹുമാനവുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്," സൂര്യയുടെ വാക്കുകൾ ഇങ്ങനെ.
"രംഗത്തിന്റെ 85 ശതമാനവും പൂർത്തിയായിരുന്നു. അഞ്ച് ഷോട്ടുകൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ആ രംഗം പിന്നീട് പുനഃസൃഷ്ടിക്കുക അസാധ്യമായിരുന്നു. അമ്മ ആശുപത്രിയിലായിരുന്നപ്പോഴാണ് ഞാൻ ഷൂട്ടിന് വന്നത്. ഇതൊരു നിർണായക സമയമാണെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ അമ്മ പറഞ്ഞു, ഇല്ല, പോയി ഷൂട്ട് ചെയ്യൂ എന്ന്." താൻ അവിടെത്തന്നെ നിന്ന് ഷൂട്ട് പൂർത്തിയാക്കാനെടുത്ത തീരുമാനത്തെക്കുറിച്ച് രാധിക വിശദീകരിച്ചു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് 2025 സെപ്റ്റംബറിൽ ചെന്നൈയിൽ വെച്ചായിരുന്നു രാധികാ ശരത്കുമാറിന്റെ അമ്മ ഗീതയുടെ മരണം.
ലക്കി ഭാസ്കർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം വെങ്ക് അറ്റ്ലൂരി സംവിധാനംചെയ്യുന്ന ചിത്രമാണ് വിശ്വനാഥ് ആൻഡ് സൺസ്. സൂര്യയുടെ കരിയറിലെ 46-ാം ചിത്രമായാണ് 'വിശ്വനാഥ് ആൻഡ് സൺസ്' എത്തുന്നത്. സഞ്ജയ് വിശ്വനാഥ് എന്ന ഒളിമ്പിക് ലെവൽ പിസ്റ്റൾ ഷൂട്ടറുടെ വേഷത്തിലാണ് സൂര്യ 'വിശ്വനാഥ് & സൺസിൽ' അഭിനയിക്കുന്നത്. തന്റെ 40-ാം വയസ്സിൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രം പറയുന്നത്. മലയാളി താരം മമിത ബൈജുവാണ് നായിക.
സംവിധായകൻ വെങ്കി അറ്റ്‌ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനിശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന്, സിതാര എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ സൂര്യദേവര നാഗവംശി, സായ് സൗജന്യ എന്നിവരാണ് നിർമിച്ചിരിക്കുന്നത്.
Content Highlights: Actress Mamitha Baiju and the team of Viswanath & Sons recalled veteran actress Radikaa Sarathkumar's immense dedication after she chose to complete a comedy scene before leaving upon hearing the news of her mother's passing.