ഒരേ വർഷം മൂന്ന് 200 കോടി ക്ലബ് ചിത്രങ്ങൾ, ദീപികയ്ക്കും ആലിയയ്ക്കും ഒപ്പമെത്തി മമിത ബൈജു

മലയാള സിനിമയിൽ നിന്നും ഇന്ത്യൻ സിനിമാ ലോകത്തിന്റെ നെറുകയിലേക്ക് ചുവടുവെച്ച മമിത ബൈജുവിന് ബോക്സ് ഓഫീസിൽ സമാനതകളില്ലാത്ത നേട്ടം. ഒരു കലണ്ടർ വർഷത്തിൽ 200 കോടി രൂപയിലധികം കളക്ഷൻ നേടിയ മൂന്ന് ചിത്രങ്ങളുടെ ഭാഗമാകുന്ന മൂന്നാമത്തെ ഇന്ത്യൻ നടിയെന്ന ബഹുമതിയാണ് മമിത സ്വന്തമാക്കിയിരിക്കുന്നത്. ഇതിനുമുമ്പ് ബോളിവുഡ് സൂപ്പർനായികമാരായ ദീപിക പദുക്കോണും ആലിയ ഭട്ടുമാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചിട്ടുള്ളത്. ഈ വമ്പൻ നേട്ടത്തോടെ ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരുടെ പട്ടികയിലേക്ക് മമിതയും തന്റെ പേര് ചേർത്തുവെച്ചിരിക്കുകയാണ്.
കേവലം 23 ദിവസങ്ങൾക്കുള്ളിലാണ് മമിതയുടെ ഈ മൂന്ന് ചിത്രങ്ങളും തിയേറ്ററുകളിലെത്തിയത് എന്നതാണ് ഈ നേട്ടത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. ജൂലൈ 23-ന് റിലീസ് ചെയ്ത വിജയ് ചിത്രമായ 'ജനനായകൻ' ആയിരുന്നു ഈ വിജയക്കുതിപ്പിലെ ആദ്യ ചിത്രം. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വിടവാങ്ങൽ ചിത്രം കൂടിയായ 'ജനനായകൻ' ആഗോള ബോക്സ് ഓഫീസിൽ നിന്ന് 324.38 കോടി രൂപയാണ് വാരിക്കൂട്ടിയത്. ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമെന്ന റെക്കോർഡും ഈ സിനിമ സ്വന്തമാക്കി.
'ജനനായകന്' പിന്നാലെ സൂര്യ നായകനായ 'വിശ്വനാഥ് ആന്റ് സൺസ്' ആണ് മമിതയുടേതായി തിയേറ്ററുകളിലെത്തിയത്. സ്വാതന്ത്ര്യദിന വാരാന്ത്യത്തിൽ റിലീസ് ചെയ്ത ഈ ചിത്രം ആഗോളതലത്തിൽ 203.26 കോടി രൂപ സ്വന്തമാക്കി കഴിഞ്ഞു. തിയേറ്റർ റൺ അവസാനിക്കുമ്പോഴേക്കും ചിത്രം 210 കോടി രൂപ പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് ഓണം റിലീസായി എത്തിയ നിവിൻ പോളി ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ആണ് മമിതയ്ക്ക് ഹാട്രിക് നേട്ടം സമ്മാനിച്ചത്. നിലവിൽ 238.05 കോടി രൂപ നേടിയ ഈ മലയാള ചിത്രം വൈകാതെ തന്നെ 250 കോടി ക്ലബ്ബിൽ ഇടംനേടും.
മുമ്പ് ദീപിക പദുകോണും ആലിയ ഭട്ടും കൈവരിച്ച സമാനമായ റെക്കോർഡുകൾക്കൊപ്പമാണ് മമിത ഇപ്പോൾ എത്തിനിൽക്കുന്നത്. 2013-ൽ ദീപിക പദുകോൺ അഭിനയിച്ച ചിത്രങ്ങളിൽ 'യേ ജവാനി ഹേ ദീവാനി' (318 കോടി), 'ചെന്നൈ എക്സ്പ്രസ്' (310 കോടി), 'ഗോലിയോം കി രാസലീല രാം-ലീല' (218.07 കോടി) എന്നീ മൂന്ന് ചിത്രങ്ങളാണ് 200 കോടി ക്ലബ്ബിൽ കടന്നത്. പിന്നീട് 2022-ൽ ആലിയ ഭട്ട് അഭിനയിച്ച 'ഗംഗുഭായ് കഠിയാവാഡി' (211.50 കോടി), 'ആർ.ആർ.ആർ' (1230 കോടി), 'ബ്രഹ്മാസ്ത്ര പാർട്ട് വൺ: ശിവ' (431 കോടി) എന്നീ ചിത്രങ്ങളും ഈ വൻ നേട്ടം കൈവരിച്ചു. ഈ ക്ലബിലേക്കാണിപ്പോൾ മമിതയും എത്തിയിരിക്കുന്നത്.
ദീപികയുടെയും ആലിയയുടെയും വിജയങ്ങളിൽ നിന്നും മമിതയുടെ ഈ നേട്ടത്തെ വേറിട്ടു നിർത്തുന്നത് ചിത്രങ്ങളുടെ പ്രാദേശികമായ വിജയമാണ്. ദീപികയുടെയും ആലിയയുടെയും ചിത്രങ്ങൾക്ക് വടക്കേ ഇന്ത്യയിലുടനീളം വലിയ വിപണി ഉണ്ടായിരുന്നുവെങ്കിൽ, മമിതയുടെ ചിത്രങ്ങൾ അതത് സംസ്ഥാനങ്ങളിലെ പ്രധാന വിപണികളിൽ നിന്ന് മാത്രമാണ് ഈ വൻ തുക നേടിയെടുത്തത്.
'ജനനായകൻ', 'വിശ്വനാഥ് ആന്റ് സൺസ്' എന്നീ ചിത്രങ്ങൾ പ്രധാനമായും തമിഴ്‌നാട്ടിൽ നിന്നും, 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' കേരളത്തിൽ നിന്നുമാണ് ഈ നേട്ടം കൈവരിച്ചത്. ഈ ചിത്രങ്ങൾക്ക് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സംഭാവന വളരെ കുറവായിരുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിലും പ്രാദേശിക തലത്തിലും നേടിയ ഈ വൻ വിജയം മമിതയുടെ കരിയറിലെ സവിശേഷമായ ഒരു നാഴികക്കല്ലാണ്.
Content Highlights: Mamitha Baiju achieved a significant milestone by becoming the third Indian actress to be part of three films that collectively grossed over 200 crore rupees in a calendar year, joining the ranks of Deepika Padukone and Alia Bhatt.