മോഹൻലാലിനെ വെച്ച് പടം ചെയ്ത മകൻ അധിക്ഷേപം നേരിട്ടപ്പോൾ ആരും മിണ്ടിയില്ല- മല്ലികാ സുകുമാരൻ

താരസംഘടനയായ 'അമ്മ'യിൽ വലിയ കോക്കസും ഗ്രൂപ്പുമുണ്ടെന്നും പലരേയും നിയന്ത്രിക്കുന്നത് പുറത്തുള്ള ശക്തികളാണെന്നും നടി മല്ലികാ സുകുമാരൻ. നിലവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ട് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കണം. എഴുപതുവർഷമായാലും കേൾക്കാൻ പാടില്ലാത്ത വൃത്തികെട്ട കാര്യങ്ങളാണ് കേവലം ഏഴുമാസം പ്രായമുള്ള ഭരണസമിതിയിൽനിന്ന് പുറത്തേക്കുവരുന്നതെന്നും അവർ ആരോപിച്ചു.
'പടപേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തി പട എന്നുപറഞ്ഞതുപോലെയാണ് എന്റെ അവസ്ഥ. കുടുംബമേളകളുടെ കാര്യം പറയുന്നുണ്ട്. ആദ്യത്തെ കുടുംബമേള ഞാൻ അറിഞ്ഞില്ല. എന്നെ അവർ പണ്ടേ കുടുംബത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ചെറുപ്പക്കാർക്കും ചെറുപ്പക്കാരിയാണെന്ന് പറഞ്ഞു നടക്കുന്നവർക്കും ഉത്സാഹത്തോടെ പോവാൻ കഴിയുന്ന സ്ഥലമാണ് 'അമ്മ'', മല്ലികാ സുകുമാരൻ പറഞ്ഞു.
മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനംചെയ്തതിന്റെ പേരിൽ തന്റെ മകന് നേരെ അധിക്ഷേപ പ്രചാരണമുണ്ടായപ്പോൾ സംഘടന പ്രതികരിച്ചില്ലെന്ന് മല്ലിക ആരോപിച്ചു. 'ഒരു പടം സംവിധാനംചെയ്തതിന്റെ പേരിൽ ഏറ്റവും കൂടുതൽ ജാതീയമായി അധിക്ഷേപിച്ച്, എന്റെ മകൻ അനുഭവിച്ചത് നിങ്ങൾക്ക് അറിയാമല്ലോ? ആരോ പൈസ മുടക്കി, ആരോ എഴുതിക്കൊടുത്ത കഥയും തിരക്കഥയും, മലയാളത്തിന്റെ അഭിമാനം മോഹൻലാൽ അഭിനയിച്ച് ഒന്നരവർഷത്തോളം അതിന് പുറകേ നടന്നു കഷ്ടപ്പെട്ട് പടംചെയ്തു. എന്നിട്ട് അവസാനം വന്നപ്പോൾ ആരെങ്കിലും മിണ്ടിയോ? ജാതീയമായി അധിക്ഷേപിച്ചത് സുകുമാരന്റേയും മല്ലികയുടേയും മകനെയാണെന്ന് ഇവർക്കെല്ലാം അറിയാമായിരുന്നല്ലോ?', അവർ ചോദിച്ചു.
'അമ്മയിൽ വലിയ കോക്കസും ഗ്രൂപ്പുമുണ്ട്. ഉള്ളിലുള്ള പലരേയും നിയന്ത്രിക്കുന്നത് പുറത്തുള്ള ശക്തികളാണ്. അവർക്ക് പല ഉദ്ദേശങ്ങലും കാണും. ബിസിനസ് പരമായും സാമ്പത്തികമായും നേട്ടങ്ങൾ ലക്ഷ്യമുണ്ടാവും. ഇതിലൊന്നും ശ്വേത ഉൾപ്പെടുമെന്ന് എനിക്ക് തോന്നുന്നില്ല. അതുല്യക്കെതിരായി ആഭാസത്തരത്തിന് സെക്യൂരിറ്റിയെ പ്രേരിപ്പിച്ചെന്നത് സത്യമാണെങ്കിൽ പിന്നിൽ കുക്കുവിന് കാര്യമായ പങ്കുണ്ട്', മല്ലികാ സുകുമാരൻ ആരോപിച്ചു.
'ഈ സംഘടന ഇങ്ങനെ അല്ല തുടങ്ങിയത്. അന്തസ്സായി ആണുങ്ങൾ ഇരുന്ന് ഭരിച്ച് എന്തെല്ലാം കാര്യങ്ങൾ ചെയ്തു. ഏഴോ എട്ടോ മാസമായ ഒരു കമ്മിറ്റിയിൽനിന്ന് എഴുപതുവർഷമായാലും കേൾക്കാൻ പാടില്ലാത്ത വൃത്തികെട്ട കാര്യങ്ങളാണ് കേൾക്കുന്നത്', അവർ കൂട്ടിച്ചേർത്തു.
Content Highlights: Mallika Sukumaran alleges groupism and external power control within the AMMA organization. Demands the dissolution of the current executive committee due to ongoing controversies. Claims AMMA failed to support her son after he faced caste-based abuse for directing a Mohanlal film. Criticizes the current committee's conduct as disgraceful compared to the organization's founding principles