റഷ്യൻ ചലച്ചിത്രമേളയിൽ നേട്ടവുമായി ‘തിയേറ്റർ’; മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് പ്രീ അവാർഡ്

#Movies Desk
തിയേറ്റര്‍- ദ മിത്ത് ഓഫ് റിയാലിറ്റി പോസ്റ്റർ
തിയേറ്റര്‍- ദ മിത്ത് ഓഫ് റിയാലിറ്റി പോസ്റ്റർ

റഷ്യയിലെ പ്‌സ്‌കോവിൽ നടന്ന ഏഴാമത് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് പ്രീ അവാർഡ് സ്വന്തമാക്കി മലയാളി ചിത്രം 'തിയേറ്റർ - ദ മിത്ത് ഓഫ് റിയാലിറ്റി'. മത്സരവിഭാഗത്തിൽ മാറ്റുരച്ച ഏക ഇന്ത്യൻ ചിത്രം കൂടിയാണ് സജിൻ ബാബു രചനയും സംവിധാനവും നിർവ്വഹിച്ച ഈ സിനിമ.

ജൂലൈ 23 മുതൽ 26 വരെ പ്‌സ്‌കോവ് ലോക്കൽ ഗവൺമെന്റിന്റെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്. ഇന്ത്യയ്ക്ക് പുറമേ കസാക്കിസ്ഥാൻ, ബെൽജിയം, ചൈന, താജിക്കിസ്ഥാൻ, ഹംഗറി, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മികച്ച ചിത്രങ്ങളോട് മത്സരിച്ചാണ് 'തിയേറ്റർ' ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. മേളയിലെ അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ജൂറിയുടെ വിലയിരുത്തലിനൊപ്പം പ്രേക്ഷക വോട്ടിംഗും മുൻനിർത്തിയാണ് ഗ്രാൻഡ് പ്രിക്‌സ് പുരസ്‌കാര വിജയിയെ നിശ്ചയിച്ചത്.

റിമ കല്ലിങ്ങൽ പ്രധാന വേഷത്തിലെത്തുന്ന ചിത്രം അഞ്ജനാ ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

പ്രശസ്ത റഷ്യൻ ചലച്ചിത്ര സംവിധായകനും വെനീസ് ഫിലിം ഫെസ്റ്റിവൽ പുരസ്‌കാര ജേതാവുമായ അലക്‌സി ജർമ്മൻ ജൂനിയർ ചെയർമാനായ ജൂറിയാണ് പുരസ്‌കാര നിർണ്ണയം നടത്തിയത്. സിനിമാ നിരൂപകനും 'സീയൻസ്' മാഗസിൻ എഡിറ്റർ ഇൻ ചീഫുമായ വാസിലി സ്റ്റെപനോവ്, പ്രശസ്ത റോക്ക് ബാൻഡായ 'കിനോ'യുടെ സ്ഥാപകനും സംഗീതജ്ഞനുമായ അലക്‌സി റൈബിൻ, ഉസ്‌ബെക്കിസ്ഥാനിൽ നിന്നുള്ള പ്രമുഖ നടനും സംവിധായകനുമായ റുസ്തം സഗ്ദുള്ളേവ്, അർമേനിയൻ ചലച്ചിത്ര പ്രവർത്തകൻ എഡ്ഗർ ബാഗ്ദാസര്യൻ എന്നിവരായിരുന്നു ജൂറിയിലെ മറ്റ് അംഗങ്ങൾ.

Content Highlights: Malayalam film 'Theater' won the Grand Prix at the 7th Western Gate International Film Festival. The film was the only Indian entry competing against international films from Russia, China, and Belgium. Directed by Sajin Babu and starring Rima Kallingal. The award was decided by a jury led by Russian director Aleksei German Jr. and audience voting