സിനിമാ മേഖലയെ കാണുന്നത് കറവപ്പശുവായി, പത്തുവർഷം സർക്കാർ ഒരു ചുക്കും ചെയ്തില്ല- ജി. സുരേഷ് കുമാർ

കൊച്ചി: സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി നിർമാതാവ് ജി. സുരേഷ് കുമാർ. കഴിഞ്ഞ പത്തുവർഷമായി സിനിമാ മേഖലയ്ക്കുവേണ്ടി സർക്കാർ ഒരു ചുക്കുംചെയ്തിട്ടില്ലെന്ന് സുരേഷ് കുമാർ കുറ്റപ്പെടുത്തി. സിനിമാ മേഖലയെ സർക്കാർ കറവപ്പശുവായാണ് കാണുന്നതെന്നും അദ്ദേഹം ആരോപണം. സിനിമാ സംഘടനകളുടെ പ്രതിനിധികളുടെ വാർത്താസമ്മേളനത്തിലായിരുന്നു വിമർശനം.
'വിനോദ നികുതിയെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ട് എത്രയോ കാലങ്ങളായി. ഇടയ്ക്ക് നിർത്തലാക്കിയിട്ട് വീണ്ടും കൊണ്ടുവന്നു. സിനിമാ മേഖലയെ കറവപ്പശുവായിട്ടാണ് സർക്കാർ കണക്കാക്കുന്നത്. കിട്ടുന്നതെല്ലാം അങ്ങോട്ട് എടുക്കുന്നു. തിരിച്ചൊന്നും തരുന്നില്ല'- സുരേഷ് കുമാർ കുറ്റപ്പെടുത്തി.
'ഓരോ സംസ്ഥാനങ്ങളും കോടിക്കണക്കിന് രൂപയാണ് സബ്‌സിഡി നൽകുന്നത്. ഇവിടെ തരുന്ന അഞ്ചുലക്ഷം രൂപ മൂക്കിൽപ്പൊടി വാങ്ങിക്കാൻ തികയില്ല. എന്തൊരു കഷ്ടമാണെന്ന് ആലോചിച്ചു നോക്കൂ. സിനിമാ ഇൻഡസ്ട്രിക്കുവേണ്ടി കഴിഞ്ഞ പത്തുകൊല്ലം സർക്കാർ ഒരു ചുക്കും ചെയ്തിട്ടില്ല. കോൺക്ലേവ് നടത്തി. എന്തൊക്കെയോ സംഭവിക്കുമെന്ന് ഞങ്ങൾ വിചാരിച്ചു. വെറും കണ്ണിൽപ്പൊടിയിടുന്നതല്ലാതെ വേറൊന്നും നടന്നിട്ടില്ല'- അദ്ദേഹം ആരോപിച്ചു.
ആടിനെ പ്ലാവില കാണിച്ചുകൊണ്ടുപോവുന്നതുപോലെ സിനിമാ മേഖലയെ മൊത്തം കബളിപ്പിച്ചുവെന്ന് ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ് ആരോപിച്ചു. ഏറ്റവും കൂടുതൽ നികുതി ചുമത്തപ്പെടുന്ന വ്യവസായ മേഖലയാണിതും ബജറ്റിൽ പോലും തങ്ങളെ പരിഗണിക്കാറില്ലെന്നും അദ്ദേഹം ആരോപിച്ചു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 21-ന് സിനിമാ സംഘടനകൾ സൂചനാ സമരം നടത്തുന്നുണ്ട്. അമ്മ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ഫിലിം ചേംബർ എന്നിവർ സംയുക്തമായാണ് സമരം. ഷൂട്ടിങ്ങുകൾ നിർത്തിവെക്കുകയും തിയേറ്ററുകൾ അടച്ചിടുകയുംചെയ്യും. നിർമാതാക്കളുടെ സംഘടനാ പ്രസിഡന്റ് ബി. രാകേഷ്, അമ്മ ജനറൽ സെക്രട്ടറിയും ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്‌സണുമായ കുക്കൂ പരമേശ്വരൻ ഉൾപ്പെടെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Content Highlights: Film Industry Accuses Government of Exploitation: "Treated Like a Cash Cow"