മഹേഷ് ബാബുവിന് ജോലിയില്ലാത്ത ഭാര്യയെയാണ് വേണ്ടിയിരുന്നത്- നമ്രത ശിരോദ്കര്‍

മഹേഷ് ബാബു, നമ്രത ശിരോദ്കര്‍
മഹേഷ് ബാബു, നമ്രത ശിരോദ്കര്‍

1993-ലെ മിസ് ഇന്ത്യ മത്സരത്തില്‍ കിരീടം ചൂടിയായിരുന്നു നമ്രത ശിരോദ്കര്‍ എന്ന പെണ്‍കുട്ടിയുടെ ജൈത്രയാത്ര ആരംഭിക്കുന്നത്. 1930-കളിലെ മറാത്തി ചലച്ചിത്ര രംഗത്തെ അഭിനേത്രിയായ മീനാക്ഷി ശിരോദ്കറിന്റെ പൗത്രിയും ബോളിവുഡ് താരം ശില്‍പ്പ ശിരോദ്കറിന്റെ സഹോദരിയും കൂടിയാണ് നമ്രദ. മിസ് ഇന്ത്യ വിജയത്തിന് ശേഷം 1998-ല്‍ ജബ് പ്യാര്‍ കൈസേ ഹോതാ ഹേ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. മമ്മൂട്ടി നായകനായ ഏഴുപുന്ന തരകനായിരുന്നു നമ്രത അഭിനയിച്ച മലയാളചിത്രം.  

ഏഴ് വര്‍ഷം നീണ്ട കരിയറിനൊടുവില്‍ 2004-ല്‍ നമ്രത സിനിമാ ജീവിതം എന്നന്നേക്കുമായി അവസാനിപ്പിച്ചു. തെലുങ്കു സൂപ്പര്‍താരം മഹേഷ് ബാബുവുമായുള്ള വിവാഹത്തിന് ശേഷമായിരുന്നു അത്. വിവാഹത്തിന് മുന്‍പ് മഹേഷ് ബാബു തനിക്ക് മുന്നില്‍ ഒരു നിബന്ധന വച്ചുവെന്നും അതുകൊണ്ടാണ് അഭിനയം നിര്‍ത്തിയതെന്നും നമ്രത പറയുന്നു. ഒരു തെലുങ്കു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍. 

മഹേഷിന് ജോലിയില്ലാത്ത ഒരു ഭാര്യയെയായിരുന്നു വേണ്ടത്. അതുകൊണ്ടാണ് തുടര്‍ന്ന് അഭിനയിക്കാതിരുന്നത്. അദ്ദേഹത്തിന്റെ നിലപാട് നേരത്തേ വ്യക്തമാക്കിയിരുന്നു. ഞാന്‍ സിനിമയില്‍ എന്നല്ല ഒരു ഓഫീസില്‍ ജോലി ചെയ്യുകയാണെങ്കില്‍ കൂടി അദ്ദേഹം എന്നോട് ജോലി വിടാന്‍ പറയുമായിരുന്നു.

മഹേഷ് ബാബുവിനെപ്പോലെ തനിക്കും ഒരു നിബന്ധനയുണ്ടായിരുന്നുവെന്ന് നമ്രത പറഞ്ഞു. താന്‍ മുംബൈയില്‍ നിന്നാണ്. വിവാഹശേഷം ഹൈദരാബാദിലെ മഹേഷ് ബാബുവിന്റെ വലിയ ബംഗ്ലാവില്‍ ജീവിക്കുന്നതില്‍ എനിക്ക് ആശങ്കകളുണ്ടായിരുന്നു. ഹൈദരാബാദിലേക്ക് താന്‍ താമസം മാറണമെങ്കില്‍  കുറച്ച് നാളത്തെ സമയം  വേണമെന്ന് പറഞ്ഞു. വിവാഹശേഷം മഹേഷ് മുംബൈയിലേക്ക് വന്നു. വിവാഹത്തിന് മുന്നോടിയായി തന്റെ എല്ലാ സിനിമകളും തീര്‍ത്തു. അതിന് ശേഷം എല്ലാ ജോലിയും അവസാനിപ്പിച്ചു. അഭിനയത്തിലേക്ക് ഒരിക്കല്‍ പോലും മടങ്ങിവരാന്‍ ഉദ്ദേശിച്ചില്ല. വീട് വിട്ട് ഷൂട്ടിങ് സെറ്റില്‍ അധികസമയം ചെലവഴിക്കാന്‍ സാധിക്കില്ലെന്നും നമ്രത പറഞ്ഞു. 

Content Highlights: Mahesh Babu wanted non-working wife, Namrata Shirodkar reveals interview