കുമ്പളങ്ങി നൈറ്റ്സിനുശേഷം സംവിധായകൻ മധു സി. നാരായണൻ, നായകൻ നസ്ലിൻ; ചിത്രീകരണം ആരംഭിച്ചു

ആഗോളതലത്തിൽ വൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ കുമ്പളങ്ങി നൈറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ മധു സി. നാരായണൻ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഫോർട്ട് കൊച്ചിയിൽ ആരംഭിച്ചു. നസ്ലിൻ നായകനായി എത്തുന്ന ഈ ചിത്രം നിർമിക്കുന്നത് ഡോക്ടർ അനന്തു പ്രൊഡക്ഷൻസ് ബാനറിൽ ഡോക്ടർ അനന്തുവും സൈലൻ്റ് കാറ്റ് ഫിലിംസും ചേർന്നാണ്. ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ജൂലൈ അവസാനവാരമാണ് നടന്നത്.
ചിത്രത്തിൽ സൗബിൻ ഷാഹിർ, ബേബി ജീൻ, ചന്തു സലിംകുമാർ, പൂർണിമ ഇന്ദ്രജിത്, ഹാനിയ, ഫ്രാങ്കോ, അനൂപ് മോഹൻദാസ്, അലിസ്റ്റർ എന്നിവരും നിർണ്ണായക വേഷങ്ങൾ അവതരിപ്പിക്കുന്നു.
ബേസിൽ ജോസഫിനൊപ്പം ചേർന്ന് നിർമിച്ച സൂപ്പർഹിറ്റ് ചിത്രം അതിരടിക്ക് ശേഷം ഒരുപിടി വലിയ ചിത്രങ്ങളുമായി പ്രേക്ഷകരിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് ഡോക്ടർ അനന്തു പ്രൊഡക്ഷൻസ്. കരിക്ക് ടീം ഒരുക്കുന്ന ആദ്യ ചിത്രം, ഷിഫ്ന ബബിൻ പക്കർ ഒരുക്കുന്ന 40 ഡേയ്സ് ഓഫ് ഹൗസ് പാർട്ടി എന്നിവയാണ് ഡോക്ടർ അനന്തു പ്രൊഡക്ഷൻസ് നിർമിക്കുന്ന മറ്റ് ചിത്രങ്ങൾ.
ആദ്യ ചിത്രത്തിലൂടെ തന്നെ വലിയ കയ്യടിയും അഭിനന്ദനവും നേടിയ മധു സി. നാരായണനൊപ്പം, മികച്ച ജനപ്രീതി നേടി മുന്നേറുന്ന നസ്ലൻ ഒന്നിക്കുമ്പോൾ, മനോഹരമായ ഒരു ചലച്ചിത്രാനുഭവം കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലും കാത്തിരിപ്പിലുമാണ് പ്രേക്ഷകർ. പിആർഒ & മാർക്കറ്റിങ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
Content Highlights: Director Madhu C Narayanan of Kumbalangi Nights fame has commenced the shooting of his second directorial venture in Fort Kochi, starring Naslen alongside a stellar cast including Soubin Shahir, Baby Jean, and Chandhu Salimkumar.