അകലെയാണെങ്കിലും അരികിലായി മധുസ്മിതം; നവതിയിൽ നടൻ മധുവിന് സ്നേഹാദരം

തിരുവനന്തപുരം: മധുസന്ധ്യയിൽ നിശാഗന്ധിയിൽ ആരാധകർ കാതോർത്തിരുന്നു... മംഗളം നേരുന്നവർക്കിടയിലേക്ക് ഓൺലൈനിലൂടെ മധുമൊഴിഞ്ഞു... അകലെയാണെങ്കിലും അരികിലെന്ന് തോന്നുംവണ്ണം മധുസ്മിതം പൊഴിഞ്ഞു.
ട്രിവാൻഡ്രം ഫിലിം ഫ്രട്ടേണിറ്റി സംഘടിപ്പിച്ച 'മധുമൊഴി' നവതിയാഘോഷച്ചടങ്ങിൽ അദ്ദേഹം ഓൺലൈനായി പങ്കുചേർന്നു. ചലച്ചിത്രവഴിയിൽ ക്യാമറയ്ക്കു മുന്നിലും പിന്നിലുമായി കൂട്ടുചേർന്നവരും കൈപിടിച്ചവരും അദ്ദേഹത്തിനായി കൗതുകത്തോടെ കാത്തിരുന്നു. മകൾ ഉമ, മരുമകൻ കൃഷ്ണകുമാർ, പേരക്കുട്ടി വിശാഖ്, അടുത്ത സുഹൃത്തുക്കൾ തുടങ്ങിയവരാണ് വീട്ടിൽ കൂടെയുണ്ടായിരുന്നത്.
പിറന്നാൾദിനത്തിലും അദ്ദേഹത്തിന്റെ ഉറക്കത്തിന്റെ പതിവുചിട്ടയിൽ മാറ്റമില്ലായിരുന്നു. വൈകി ഉറങ്ങി പിറ്റേദിവസം ഉച്ചവരെ നീളുന്നതാണ് രീതി.
നവതിയോടനുബന്ധിച്ച് കണ്ണമ്മൂലയിലെ വസതിയായ ‘ശിവസദന’ത്തിൽ വെള്ളിയാഴ്ച രാത്രി മുതൽ ആരാധകരുടെയും സുഹൃത്തുക്കളുടെയും പ്രവാഹമായിരുന്നു. അവരുടെ സ്നേഹത്തിന്റെ ഊഷ്മളതയിൽ രാത്രി വൈകിയും അവരോടൊപ്പമിരുന്നു. അക്കൂട്ടത്തിൽ മുംബൈ, ചെന്നൈ തുടങ്ങിയ വിദൂരസ്ഥലങ്ങളിൽ നിന്നുള്ളവരും. പിറന്നാൾ കേക്കുകൾ മുറിച്ചും ആശംസയറിയിച്ചും ആഘോഷങ്ങൾ പുലരുവോളം നീണ്ടു.പിറന്നാൾദിനമായ ശനിയാഴ്ച ഉച്ചയോടെ നടൻ മോഹൻലാൽ അദ്ദേഹത്തെ കാണാൻ എത്തി. വൈകീട്ടോടെ മന്ത്രി ആന്റണി രാജു, ശശി തരൂർ എം.പി., സി.പി.ഐ. നേതാവ് പന്ന്യൻ രവീന്ദ്രൻ, എഴുമറ്റൂർ രാജരാജവർമ തുടങ്ങിയവരും ആശംസകളുമായെത്തി.
നിശാഗന്ധിയിലെ ആഘോഷരാവിനു ശേഷം കണ്ണമ്മൂലയിൽ നേരിട്ടെത്തി താരങ്ങൾ അദ്ദേഹത്തിനു സ്നേഹസമ്മാനം കൈമാറി. ചേർത്തുപിടിച്ചും ആശ്ലേഷിച്ചും അഭ്രപാളിയിലെ നടനവൈഭവത്തിനു മധുരം നൽകി അവർ മനസ്സിൽ മന്ത്രിച്ചു- ‘‘മലയാള സിനിമയുടെ കാരണവർക്ക് ഞങ്ങളുടെ നൂറായിരം പിറന്നാൾ മംഗളം’’.
നടൻമാരായ മോഹൻലാൽ, ദിലീപ്, ജനാർദനൻ, സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, പ്രിയദർശൻ, സത്യൻ അന്തിക്കാട് നിർമാതാവ് ജി.സുരേഷ്കുമാർ എന്നിവർക്കൊപ്പം നടിമാരായ ശ്രീലതാ നമ്പൂതിരി, അംബിക, മേനകാ സുരേഷ്, ജലജ, ചിപ്പി എന്നിവരും ഒപ്പം ചേർന്നപ്പോൾ നവതിരാവിന് ഇരട്ടിമധുരം.
Content Highlights: madhu at 90, actor madhu's 90th birthday, actor madhu's birthday celebration