പ്രകൃതിദുരന്തങ്ങൾ അകലെയല്ലെന്ന് ആ നടൻ അന്നേ പറഞ്ഞതാണ്, ആരും ഗൗരവമായെടുത്തില്ല-എസ്.ജെ. സൂര്യ

#മൂവി ഡെസ്ക്
നേപ്പാൾ മിന്നൽ പ്രളയത്തിന്റെ ദൃശ്യം, എസ്.ജെ. സൂര്യ | ഫോട്ടോ: Getty Images, Instagram
നേപ്പാൾ മിന്നൽ പ്രളയത്തിന്റെ ദൃശ്യം, എസ്.ജെ. സൂര്യ | ഫോട്ടോ: Getty Images, Instagram

കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും ലോകം നേരിടുന്ന വലിയ ഭീഷണിയാണെന്ന് നടൻ എസ്.ജെ. സൂര്യ. അത് ദൂരെ എവിടെയോ നടക്കുന്ന സംഭവമാണെന്നും നമുക്ക് കുഴപ്പമില്ലെന്ന് കരുതരുതെന്നും അദ്ദേഹം വ്യക്തമാക്കി. കാർത്തിയെ നായകനാക്കി പി.എസ്. മിത്രൻ സംവിധാനം ചെയ്യുന്ന സർദാർ-2 എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതാപനവുമായി ബന്ധപ്പെട്ട് ഓസ്കർ വേദിയിൽവെച്ച് ലിയോനാർഡോ ഡികാപ്രിയോ വർഷങ്ങൾക്ക് മുൻപ് പറഞ്ഞ കാര്യവും എസ്.ജെ. സൂര്യ തന്റെ പ്രസംഗത്തിൽ പരാമർശിച്ചു.

"ഓസ്കർ പുരസ്കാരം ഏറ്റുവാങ്ങിയ വേളയിൽ ഹോളിവുഡ് താരം ലിയോനാർഡോ ഡി കാപ്രിയോ പറഞ്ഞ ഒരു കാര്യമുണ്ട്. വർഷങ്ങൾക്ക് മുൻപ് ഒരു സിനിമയുടെ ചിത്രീകരണത്തിനായി മഞ്ഞുമലകൾ തേടിച്ചെന്നപ്പോൾ അവിടെ മഞ്ഞൊന്നും ഉണ്ടായിരുന്നില്ല; മഞ്ഞുമലകളെല്ലാം ഉരുകിപ്പോയിരുന്നു എന്ന് അദ്ദേഹം പറഞ്ഞിരുന്നു. മനുഷ്യർ കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്നും ആഗോളതാപനത്തെക്കുറിച്ച് ബോധവാന്മാരാകണമെന്നും അന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മനുഷ്യർ കാടുകൾ നശിപ്പിച്ചുകൊണ്ടിരുന്നാൽ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ എങ്ങനെ നിലനിൽക്കും? വർഷങ്ങൾക്ക് മുൻപ് അദ്ദേഹം പറഞ്ഞത് നമ്മൾ അത്ര ഗൗരവമായി എടുത്തില്ല. അത് ദൂരെ എവിടെയോ നടക്കുന്ന കാര്യമാണെന്നും നമുക്ക് കുഴപ്പമൊന്നുമില്ലെന്നുമാണ് നമ്മൾ കരുതിയത്. എന്നാൽ അടുത്തിടെ നേപ്പാളിൽ ഉണ്ടായ പ്രകൃതിദുരന്തങ്ങൾ നമ്മൾ കണ്ടതാണ്.

ഭാവിക്കും ഭൂമിക്കും ആവശ്യമായ അത്തരമൊരു ഗംഭീര സന്ദേശമാണ് സംവിധായകൻ പി.എസ്. മിത്രൻ 'സർദാർ 2' എന്ന സിനിമയിലൂടെ നൽകുന്നത്. 'സർദാർ' ആദ്യ ഭാഗത്തിൽ പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗത്തെക്കുറിച്ചും അതിലെ അപകടങ്ങളെക്കുറിച്ചും സംവിധായകൻ സംസാരിച്ചിരുന്നു. എന്നിട്ടും നമ്മളിൽ പലരും മാറിയിട്ടില്ല. ഇതൊക്കെ എപ്പോഴോ എവിടെയോ സംഭവിക്കുന്ന കാര്യങ്ങളാണെന്നാണ് നമ്മൾ കരുതുന്നത്. എന്നാൽ ഈ അപകടം നമ്മുടെ തൊട്ടടുത്ത് തന്നെയുണ്ട് എന്ന ശക്തമായ മുന്നറിയിപ്പാണ് 'സർദാർ 2'-ലൂടെ വീണ്ടും തരുന്നത്." എസ്.ജെ. സൂര്യ പറഞ്ഞു.

Also Read: നേപ്പാൾ പ്രളയം:10 ദിവസത്തിനുശേഷം 2 പേർക്കുകൂടി പുതുജീവൻ; വിവിധ തുരങ്കങ്ങളിൽ അകപ്പെട്ടത് 500-ലേറെ പേർ

കാർത്തിയെ നായകനാക്കി 2022-ൽ പി.എസ്. മിത്രൻ സംവിധാനംചെയ്ത സർദാർ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് സർദാർ 2. കാർത്തി ഇരട്ടവേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ എസ്.ജെ. സൂര്യയാണ് വില്ലൻ വേഷത്തിൽ. രജിഷ വിജയൻ, മാളവിക മോഹനൻ എന്നവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. സാം.സി.എസ് സംഗീത സംവിധാനവും ജോർജ് സി. വില്ല്യംസ് ഛായാഗ്രഹണവും നിർവഹിക്കുന്നു.

Content Highlights: Speaking at the Telugu promotional event for Karthi-starrer Sardar 2, actor SJ Suryah warned that climate change and natural disasters are immediate threats, recalling Leonardo DiCaprio's famous Oscar speech while highlighting the strong environmental message delivered by director PS Mithran in the film.