ഓസ്‌കറിലേക്ക് പുറപ്പെടുംമുന്നേ പേരുമാറി 'ലാപതാ ലേഡീസ്', ഇനി 'ലോസ്റ്റ് ലേഡീസ്'; പോസ്റ്റര്‍ പുറത്ത്

image courtesy: https://www.instagram.com/p/DCQ35fcIYaQ/?utm_source=ig_embed&ig_rid=9d9d5db0-80a6-4e13-a305-c2631252aca0
image courtesy: https://www.instagram.com/p/DCQ35fcIYaQ/?utm_source=ig_embed&ig_rid=9d9d5db0-80a6-4e13-a305-c2631252aca0

കിരണ്‍ റാവു സംവിധാനംചെയ്ത 'ലാപതാ ലേഡീസ്' ആണ് ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഇത്തവണത്തെ ഔദ്യോഗിക എന്‍ട്രി. കരുത്തുറ്റ സന്ദേശം ഉള്‍ക്കൊള്ളുന്ന ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നു എല്ലായിടത്തുനിന്നും ലഭിച്ചത്. ഇക്കഴിഞ്ഞ ദിവസം ലാപതാ ലേഡീസിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. 

പോസ്റ്ററില്‍ ചിത്രത്തിന്റെ പേരില്‍ വ്യത്യാസമുള്ളതായി കാണാം. ഹിന്ദി വാക്കായ 'ലാപത' എന്നതിന് പകരം 'ലോസ്റ്റ്' എന്ന ഇംഗ്ലീഷ് വാക്ക് ഉപയോഗിച്ചിരിക്കുന്നു എന്നതാണ് മാറ്റം. ചിത്രം അന്താരാഷ്ട്ര പ്രേക്ഷകര്‍ക്കു മുന്‍പാകെ എത്തുന്നതിന് മുന്നോടിയായാണ് പേരില്‍ ഈ മാറ്റം വരുത്തിയിട്ടുള്ളത്. 

ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സും ജിയോ സ്റ്റുഡിയോസും ചേര്‍ന്നാണ് ലാപതാ ലേഡീസ് നിര്‍മിച്ചിരിക്കുന്നത്. പ്രതിഭ റാന്‍ട, സ്പര്‍ഷ് ശ്രീവാസ്തവ, നിതാന്‍ഷി ഗോയല്‍, രവി കിഷന്‍, ഛായ കദം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 

മലയാള ചിത്രമായ ആട്ടം, അനിമല്‍, കില്‍, കല്‍ക്കി 2898 എ.ഡി., ചന്ദു ചാമ്പ്യന്‍, മൈദാന്‍ തുടങ്ങി 29 ചിത്രങ്ങളെ മറികടന്നാണ് ലാപതാ ലേഡീസ് 97-ാമത് അക്കാദമി അവാര്‍ഡില്‍ ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി മാറിയത്.

Content Highlights: laapataa ladiews becomes lost ladies poster out