മോഹന്‍ലാലിനുള്ള ആദരം; ചെലവിന് സര്‍ക്കാര്‍ അനുവദിച്ചത് 2.84 കോടി, ഒരു കോടി ഫെലോഷിപ്പ്‌ ഹെഡില്‍നിന്ന്

#സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ ആദരിക്കാനായി സര്‍ക്കാര്‍ സംഘടിപ്പിച്ച 'മലയാളം വാനോളം ലാല്‍സലാം' എന്ന പരിപാടിക്കായി അനുവദിച്ചത് രണ്ടുകോടി 84 ലക്ഷംരൂപ.

സാംസ്‌കാരിക വകുപ്പാണ് തുക അനുവദിച്ചത്. സാംസ്‌കാരിക വകുപ്പിന്റെ യുവകലാകാരന്മാര്‍ക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് ഹെഡില്‍നിന്ന് ഒരു കോടി രൂപയും കെഎസ്എഫ്ഡിസി, ചലച്ചിത്ര അക്കാദമി എന്നിവര്‍ 50 ലക്ഷം രൂപ വീതവും അനുവദിച്ചാണ് രണ്ടുകോടി രൂപ നല്‍കിയത്. 84 ലക്ഷം രൂപ പ്രത്യേകമായി അനുവദിച്ചു.

സാംസ്‌കാരിക വകുപ്പ് ഡയറക്ടറേറ്റ്, ചലച്ചിത്ര വികസന കോര്‍പറേഷന്‍, ചലച്ചിത്ര അക്കാദമി, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഒക്ടോബര്‍ നാലിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍വെച്ചായിരുന്നു 'മലയാളം വാനോളം ലാല്‍സലാം' സംഘടിപ്പിച്ചത്. ചടങ്ങില്‍ രാഷ്ട്രീയ- സിനിമ രംഗത്തുനിന്നുള്ള നിരവധിപ്പേര്‍ പങ്കെടുത്തു.

സര്‍ക്കാര്‍ പരിപാടിയെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് എഐസിസി ജനറല്‍ സെക്രട്ട റി കെ.സി. വേണുഗോപാല്‍ ആരോപിച്ചു. ചടങ്ങില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യവും ചോദ്യംചെയ്യപ്പെട്ടു. മോഹന്‍ലാലിനുള്ള ആദരമായതിനാല്‍ വിവാദമാക്കാനില്ലെന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ നിലപാട്.

Content Highlights: Kerala government allocated ₹2.84 crore for the `Malayalam Vanolam Lalsalam` event honoring Mohanlal`s Dada Saheb Phalke Award. Cultural Dept, KSFDC, & Film Academy funded it