മിഷ്കിൻ കാൽമുട്ടിൽ തൊട്ടപ്പോൾ അസ്വസ്ഥയായെന്ന് സോഷ്യൽ മീഡിയയിൽ പരിഹാസം; ചുട്ട മറുപടിയുമായി കീർത്തി സുരേഷ്

#മൂവി ഡെസ്ക്
കീർത്തി സുരേഷ്, മിഷ്കിനൊപ്പം നടത്തിയ വാർത്താസമ്മേളനം | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ \ മാതൃഭൂമി, സ്ക്രീൻ​ഗ്രാബ്
കീർത്തി സുരേഷ്, മിഷ്കിനൊപ്പം നടത്തിയ വാർത്താസമ്മേളനം | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ \ മാതൃഭൂമി, സ്ക്രീൻ​ഗ്രാബ്

സംവിധായകൻ മിഷ്കിൻ തന്റെ കാൽമുട്ടിൽ സ്പർശിച്ചതിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ ഉയർന്ന ട്രോളുകൾക്കും വിമർശനങ്ങൾക്കും രൂക്ഷ മറുപടിയുമായി നടി കീർത്തി സുരേഷ്. താനും മിഷ്കിനും തമ്മിലുള്ളത് അച്ഛനും മകളും പോലെയുള്ള ആത്മബന്ധമാണെന്നും സിനിമയിൽ അഭിനയിക്കുന്നതും പൊതുവിടങ്ങളിലെ പെരുമാറ്റവും തമ്മിൽ താരതമ്യം ചെയ്യുന്നവർ ചിന്താഗതി തിരുത്തണമെന്നും കീർത്തി വ്യക്തമാക്കി. ഇരുവരും പ്രധാനവേഷങ്ങളിലെത്തുന്ന സത്യവാൻ സാവിത്രി എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിനിടെയാണ് ചർച്ചാവിഷയമായ സംഭവം നടന്നത്.

ചെന്നൈയിൽ നടന്ന ചിത്രത്തിന്റെ വാർത്താസമ്മേളനത്തിനിടെ കീർത്തിയെ പ്രശംസിച്ച് സംസാരിക്കുന്നതിനിടെ മിഷ്കിൻ നടിയുടെന്റെ കാൽമുട്ടിൽ സ്പർശിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മിഷ്കിന്റെ പ്രവൃത്തിയിൽ കീർത്തി അസ്വസ്ഥയായാണ് കാണപ്പെട്ടതെന്നായിരുന്നു ചിലർ വ്യാഖ്യാനിച്ചത്. സിനിമകളിൽ സഹതാരങ്ങളെ തൊട്ടഭിനയിക്കുന്ന നടിക്ക് പൊതുവേദിയിൽ എന്താണ് ഇത്ര അസ്വസ്ഥത എന്നായിരുന്നു എക്സ് പ്ലാറ്റ്ഫോമിൽ ഒരാളുടെ പരിഹാസം. ഇതിനെതിരെയാണ് കീർത്തി ഇപ്പോൾ രംഗത്തെത്തിയത്.

തന്റെ മുഖത്ത് എവിടെയാണ് നിങ്ങൾ അസ്വസ്ഥത കണ്ടതെന്ന് കീർത്തി ചോദിച്ചു. "ഞങ്ങൾ തമ്മിലുള്ളത് അച്ഛനും മകളും പോലെയുള്ള ബന്ധമാണെന്ന് ഞാനും അദ്ദേഹവും പറഞ്ഞത് നിങ്ങൾ കേട്ടില്ലേ? രണ്ടാമതായി, എനിക്ക് അസ്വസ്ഥത തോന്നിയെന്ന് തന്നെ വയ്ക്കുക; സിനിമകളിൽ അത്തരം രംഗങ്ങളിൽ അഭിനയിക്കുന്നുണ്ടെന്ന് കരുതി പൊതുവിടങ്ങളിലും അതെല്ലാം സഹിക്കണമെന്നാണോ നിങ്ങൾ പറയുന്നത്? സഹോദരാ, നിങ്ങളുടെ ചില ചിന്താഗതികൾ തിരുത്തേണ്ടതുണ്ട്."– കീർത്തി സുരേഷ് കുറിച്ചു. കീർത്തിയുടെ പ്രതികരണത്തിനുപിന്നാലെ വിമർശനമുന്നയിച്ച വ്യക്തി തന്റെ പോസ്റ്റ് എക്സിൽനിന്ന് നീക്കം ചെയ്തു.

കീർത്തിക്ക് നടികർ തിലകം എന്ന വിശേഷണം താൻ നൽകുന്നുവെന്നാണ് വാർത്താ സമ്മേളനത്തിൽ മിഷ്കിൻ പറഞ്ഞു. ഇനിമുതൽ കീർത്തി അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളിലും പേരിനൊപ്പം ഈ വിശേഷണം ചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഡൊറോത്തി എന്ന ചിത്രത്തിലെ കീർത്തിയുടെ പ്രകടനത്തിൽ സന്തുഷ്ടനായ മിഷ്കിൻ അവർക്ക് വേദിയിൽവെച്ച് സ്വർണ്ണമോതിരവും സമ്മാനിച്ചു. ചിത്രത്തിലെ മറ്റ് താരങ്ങളായ സനന്തിനും ഋഷികാന്തിനും നേരത്തെ മോതിരം നൽകിയിരുന്നെന്നും, കീർത്തിക്ക് നൽകാൻ വിട്ടുപോയതിനാലാണ് ഇപ്പോൾ സമ്മാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മിഷ്കിനെക്കുറിച്ച് കീർത്തി സുരേഷും സംസാരിച്ചു. 'സത്യവാൻ സാവിത്രി'യുടെ ചിത്രീകരണം തുടങ്ങി രണ്ടാം ദിവസം തന്നെ മിഷ്കിൻ തന്റെ അടുത്ത് വന്ന്, "എന്റെ മകൾക്ക് നിന്റെ അതേ ഛായയാണ്" എന്ന് പറയുകയും മകളുടെ ഫോട്ടോ കാണിച്ചുതരികയും ചെയ്തതായി കീർത്തി ഓർമ്മിച്ചു.

Content Highlights: Actress Keerthy Suresh strongly responded on social media to trolls criticizing a viral video from the Sathyavan Savithri press meet in Chennai where director Mysskin touched her knee, clarifying that they share a father-daughter bond and calling out the regressive mindset of comparing on-screen acting with real-life public behavior.