'കാന്താരയില്‍ അജന്‍ഡകളില്ല'; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഋഷഭ് ഷെട്ടി

'കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്ണി'നെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. 'കാന്താര'യില്‍ യാതൊരു അജന്‍ഡയോ പ്രത്യയശാസ്ത്രമോ ഇല്ലെന്ന് ഋഷഭ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഋഷഭ് ഇക്കാര്യം പറഞ്ഞത്.
'കഥപറയുന്ന ആളെന്ന നിലയില്‍ ഒരിക്കലും പക്ഷപതപരമാവരുതെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. നമ്മുടെ നാടോടിക്കഥകളെക്കുറിച്ചും ഭാരതീയതയെക്കുറിച്ചും വിശ്വാസരീതിയേക്കുറിച്ചും ആളുകളോട് കഥകള്‍ പറയണം. ആ ഘടകങ്ങള്‍ ചേര്‍ത്താണ് ഈ കഥയുണ്ടാക്കിയത്'- ഋഷഭ് പറഞ്ഞു.
'പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും അതീതമായി, സിനിമയില്‍ ഒരു പ്രത്യയശാസ്ത്രമോ അജന്‍ഡയോയില്ല. ഞങ്ങള്‍ കഥപറയുക മാത്രമാണ് ചെയ്തത്. ആളുകള്‍ക്ക് ഇത് ഇഷ്ടപ്പെടുകയും അവര്‍ അതിനെ അഭിനന്ദിക്കുകയുംചെയ്യുന്നു'- ഋഷഭ് പറഞ്ഞു.
'എന്റെ അമ്മ ദൈവത്തെ ആരാധിക്കുന്ന ആളാണ്, ഞാനും അങ്ങനെത്തന്നെയാണ്. ഞങ്ങള്‍ കുടുംബമായി വിശ്വാസികളാണ്. അത് ഞങ്ങളുടെ ജീവിതശൈലിയാണ്. ഷൂട്ടിങ് സ്ഥലത്ത് ഞാന്‍ പൂജ ചെയ്യാറുണ്ട്. ഞങ്ങള്‍ ക്യാമറയെ വണങ്ങിയിട്ടാണ് ഷൂട്ടിങ് തുടങ്ങുന്നത്', ഋഷഭ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Rishab Shetty clarifies `Kantara` has no agenda or ideology, focusing on storytelling, folklore, and Indian traditions. He addresses criticism in a recent interview