500 കോടി പിന്നിട്ട് ആഗോള കളക്ഷൻ, പുത്തൻ നേട്ടത്തിൽ ഋഷഭ് ഷെട്ടിയും കാന്താരയും

'കാന്താര: ചാപ്റ്റര്‍ 1' പോസ്റ്റർ | ഫോട്ടോ: Instagram
'കാന്താര: ചാപ്റ്റര്‍ 1' പോസ്റ്റർ | ഫോട്ടോ: Instagram

ബോക്‌സ് ഓഫീസ് യാത്രയില്‍ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഋഷഭ് ഷെട്ടിയുടെയും ഹോംബാലെ ഫിലിംസിന്റെയും 'കാന്താര: ചാപ്റ്റര്‍ 1' . ചിത്രം ലോകമെമ്പാടുമായി 500 കോടിയാണ് ചിത്രം ഇതുവരെ സ്വന്തമാക്കിയത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രം, യാഷിന്റെ 'കെജിഎഫ്: ചാപ്റ്റര്‍ 2'-ന് ശേഷം ലോകമെമ്പാടും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ കന്നഡ ചിത്രമാണ്. 'കാന്താര: ചാപ്റ്റര്‍ 1'-ന്റെ ആഗോള കളക്ഷന്‍ പ്രഖ്യാപിക്കുന്ന പോസ്റ്റർ നിർമാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്.

'ദൈവികമായ സിനിമാ കൊടുങ്കാറ്റ് ബോക്‌സ് ഓഫീസില്‍ ഉയരങ്ങളിലേക്ക് കുതിക്കുന്നത് തുടരുന്നു. കാന്താര നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു' എന്നാണ് നിർമാതാക്കൾ കുറിച്ചത്.
 

ബി. അജനീഷ് ലോക്‌നാഥ് സംഗീത സംവിധാനവും, അരവിന്ദ് കശ്യപ് ഛായാഗ്രാഹണവും, വിനേഷ് ബംഗ്ലാന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിർവഹിച്ചിരിക്കുന്നു. 2022-ലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 'കാന്താര'യുടെ പ്രീക്വല്‍ ആണ് 'കാന്താര ചാപ്റ്റര്‍ 1'. 'കാന്താര'യിലെ പ്രകടനത്തിന് നടന്‍ ഋഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

ഒക്ടോബര്‍ 2-ന് കന്നഡ, ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ്, ബംഗാളി, ഇംഗ്ലീഷ് ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രം ഇന്ത്യയില്‍ എട്ട് ദിവസം കൊണ്ട് ഏകദേശം 334.94 കോടി രൂപ നെറ്റ് കളക്ഷന്‍ നേടി. രണ്ടാമത്തെ വാരാന്ത്യം ചിത്രം ബോക്‌സ് ഓഫീസിൽ കൂടുതല്‍ ചലനം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ഋഷഭ് ഷെട്ടിയെ കൂടാതെ, 'രുക്മിണി വസന്ത്, ഗുല്‍ഷന്‍ ദേവയ്യ, ജയറാം, പ്രമോദ് ഷെട്ടി തുടങ്ങിയവരും കാന്താര ചാപ്റ്റര്‍ 1'-ല്‍ സുപ്രധാനവേഷങ്ങളിലുണ്ട്.

Content Highlights: Rishab Shetty`s Kantara: Chapter 1, the prequel to the 2022 blockbuster, has crossed Rs 500 crore worldwide. A divine cinematic storm soaring higher!