‘മര്യാദ പാലിക്കുമെന്ന് പ്രതീക്ഷിച്ചു’,നടിമാരുടെ ശരീരം സൂംചെയ്ത് പ്രചരിപ്പിക്കുന്നതിനെതിരെ നടി സപ്തമി

പൊതുപരിപാടികളിൽ പങ്കെടുക്കുന്ന നടിമാരുടെ ചിത്രങ്ങൾ വ്യത്യസ്ത ആംഗിളുകളിൽ നിന്നുപകർത്തി മോശമായി ചിത്രീകരിച്ച് സാമൂഹികമാധ്യമത്തിൽ പങ്കുവെക്കുന്ന പ്രവണത കണ്ടുവരാറുണ്ട്. അതിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കാന്താര എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി സപ്തമി ഗൗഡ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇതിനെതിരെ സപ്തമി പ്രതികരിച്ചത്.
സിനിമാ മേഖലയിലെ സ്ത്രീ എന്ന നിലയ്ക്ക് തുടർച്ചയായി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയത്തെ അഭിസംബോധന ചെയ്യുകയാണ് എന്നുപറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. പൊതുപരിപാടികളിൽ പങ്കെടുക്കുന്ന നടിമാരുടെ, അനുചിതമായ ആംഗിളുകളിൽ നിന്നുപകർത്തുന്ന ഫോട്ടോകളും വീഡിയോകളും, തൊഴിലിനേക്കാൾ തങ്ങളുടെ ശരീരത്തിന് പ്രാധാന്യം കൊടുത്തും അനാവശ്യമായി സൂം ചെയ്തും പ്രചരിപ്പിക്കപ്പെടുകയാണെന്നാണ് സപ്തമി കുറിച്ചു.
ചില വ്യക്തികളിൽ നിന്നുള്ള ഈ പെരുമാറ്റം സ്വീകാര്യമല്ലെന്നും മര്യാദയില്ലാത്തതാണെന്നും സപ്തമി പറഞ്ഞു. സിനിമയ്ക്കും ജോലിക്കുംവേണ്ടിയാണ് ഇവിടെ നിലകൊള്ളുന്നത്. അനുചിതമായ ആംഗിളുകളെയും അനാവശ്യമായ സൂം ചെയ്യലുകളെയും അസന്ദിഗ്ധം അപലപിക്കുന്നു. മാന്യതയുടെ വ്യക്തമായ അത്തരം ലംഘനങ്ങൾ അനുവദിക്കുകയോ സാധാരണവൽക്കരിക്കുകയോ ചെയ്യില്ല. പരിപാടികൾ പകർത്തുന്നവർ പ്രൊഫഷണലിസവും അടിസ്ഥാന മര്യാദയും പാലിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു- സപ്തമി കുറിച്ചു.
ഇത്തരമൊരു അതിര് നിശ്ചയിക്കുന്നതിൽ ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും സപ്തമി കുറിക്കുന്നുണ്ട്. ഇത്തരമൊരു അവസ്ഥ അനുഭവിച്ചിട്ടുള്ള എല്ലാ സ്ത്രീകൾക്കും ഐക്യദാർഢ്യം അറിയിക്കുന്നു. ബഹുമാനം നേടാനായി തങ്ങൾ പരസ്പരം പിന്തുണയ്ക്കുന്നത് തുടരുമെന്നും കൂട്ടിച്ചേർത്തു. അഭിനേതാക്കൾ വസ്തുക്കളല്ല എന്ന ഹാഷ്ടാഗോടെയാണ് സപ്തമി കുറിപ്പ് പങ്കുവെച്ചത്.
Content Highlights: Actress Sapthami Gowda condemns the practice of taking and sharing inappropriate photos of actresses