കങ്കണയുടെ 'എമർജൻസി'യിലെ കഥാപാത്രം തെറ്റിദ്ധരിക്കപ്പെട്ടു; നടൻ വിശാഖ് നായർക്കെതിരെ വധഭീഷണി

തനിക്ക് നേരെ വധഭീഷണി ഉയരുന്നതായി മലയാളി നടൻ വിശാഖ് നായർ. അടിയന്തരാവസ്ഥ പ്രമേയമാക്കി നടി കങ്കണ റണാവത്ത് സംവിധാനം ചെയ്ത 'എമര്‍ജന്‍സി'യിലെ വേഷവുമായി ബന്ധപ്പെട്ടാണ് നടനെതിരെ ഭീഷണി ഉയരുന്നത്. തനിക്ക് നിരവധിയാളുകളുടെ അശ്ലീല സന്ദേശങ്ങളും ഭീഷണി സന്ദേശങ്ങളും വരുന്നുണ്ടെന്ന് നടൻ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു വിശാഖ് നായരുടെ പ്രതികരണം.
ചിത്രത്തിൽ സഞ്ജയ് ഗാന്ധിയായാണ് വിശാഖ് നായർ വേഷമിട്ടിരിക്കുന്നത്. താരം അവതരിപ്പിച്ച കഥാപാത്രം ജര്‍നൈല്‍ സിംഗ് ഭിന്ദ്രന്‍വാലെ ആണെന്ന് തെറ്റിദ്ധരിച്ചാണ് ആളുകൾ ഭീഷണി സന്ദേശം അയക്കുന്നത്.
'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്ക് നേരെ വധഭീഷണിയും അശ്ലീല സന്ദേശങ്ങളും പരാമർശങ്ങളും ഉണ്ടാകുന്നുണ്ട്. എമർജൻസി എന്ന ചിത്രത്തിൽ ജര്‍നൈല്‍ സിംഗ് ഭിന്ദ്രന്‍വാലെയുടെ കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത് എന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ചിലരാണ് ഇത് ചെയ്യുന്നത്. ഈ സിനിമയിൽ സഞ്ജയ് ഗാന്ധിയുടെ വേഷമാണ് ഞാൻ ചെയ്തതെന്ന് ഒരിക്കൽ കൂടി ആവർത്തിക്കുകയാണ്. എനിക്കെതിരെ തെറ്റായ വാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നവർ ദയവായി വസ്തുതകൾ പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു', വിശാഖ് നായർ കുറിച്ചു.
റിലീസിനൊരുങ്ങുന്ന 'എമര്‍ജന്‍സി'യിൽ കങ്കണയാണ് ഇന്ദിരാ ഗാന്ധിയായി വേഷമിടുന്നത്. ശ്രേയസ് തൽപഡെ, അനുപം ഖേർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടൽ ബിഹാരി വാജ്പേയ് ആയി ശ്രേയസ് എത്തുമ്പോൾ അനുപം ഖേർ ജയപ്രകാശ് നാരായണെ അവതരിപ്പിക്കുന്നു. എഴുപതുകളിലെ ഇന്ത്യാ പാക് യുദ്ധവും കഥാ പശ്ചാത്തലം ആകുന്നുണ്ട്. ചിത്രത്തിൻ്റെ സംവിധായകയും സഹ നിർമാതാവും എഴുത്തുകാരിയും കൂടെയാണ് കങ്കണ.
Content Highlights: kangana Emergency movie actor Vishak Nair receives death threats