'കൽക്കി 2898 AD' രണ്ട് വർഷം പൂർത്തിയാക്കുന്നു; സിനിമാറ്റിക് യൂണിവേഴ്‌സിന്റെ യാത്ര തുടരുന്നു

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ദൃശ്യവിസ്മയങ്ങളിൽ ഒന്നായ 'കൽക്കി 2898 എഡി' റിലീസ് ചെയ്തിട്ട് ഇന്നേക്ക് രണ്ട് വർഷം. സ്വപ്‌നമായി തുടങ്ങി, പ്രേക്ഷകർ നെഞ്ചിലേറ്റിയതോടെ ആഗോള പ്രതിഭാസമായി മാറിയ ചിത്രത്തിന്റെ രണ്ടാം വാർഷികം ആഘോഷമാക്കുകയാണ് അണിയറപ്രവർത്തകരും സിനിമാ ലോകവും.
'ഒരു സ്വപ്‌നത്തോടെയാണ് ഞങ്ങൾ തുടങ്ങിയത്... നിങ്ങളതിനെ ഒരു പ്രതിഭാസമാക്കി മാറ്റി. കൽക്കി സിനിമാറ്റിക് യൂണിവേഴ്‌സിന്റെ യാത്ര തുടരുകയാണ്', എന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.
പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ തുടങ്ങിയ വൻതാരനിര അണിനിരന്ന സയൻസ് ഫിക്ഷൻ മിത്തോളജി ചിത്രം ബോക്‌സ് ഓഫീസിൽ വൻ റെക്കോർഡുകളാണ് സൃഷ്ടിച്ചത്. നാഗ് അശ്വിൻ എന്ന സംവിധായകന്റെ ദീർഘവീക്ഷണവും വിഷ്വൽ എഫക്ട്‌സും ചിത്രത്തെ ഇന്ത്യൻ സിനിമയിലെ നാഴികക്കല്ലാക്കി മാറ്റി.
ഒന്നാം ഭാഗം വൻ വിജയമായതോടെ, 'കൽക്കി സിനിമാറ്റിക് യൂണിവേഴ്‌സ്' ഇനി എങ്ങോട്ട് എന്ന ആകാംഷയിലാണ് സിനിമാ പ്രേമികൾ. ജൂൺ 27-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തിയ ചിത്രം ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. 600 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 1200 കോടിയിലേറെയാണ് നേടിയത്.
സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്. ജോർഡ്‌ജെ സ്റ്റോജിൽകോവിച്ചായിരുന്നു ഛായാഗ്രഹണം. കോട്ടഗിരി വെങ്കടേശ്വര റാവുവാണ് എഡിറ്റർ. സംവിധായകൻ നാഗ് അശ്വിനൊപ്പം റുഥം സമർ, സായ് മാധവ് ബുറ, ബി എസ് ശരവംഗ കുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. പിആർഒ: ആതിര ദിൽജിത്ത്.
വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വനി ദത്ത്, സ്വപ്‌ന ദത്ത്, പ്രിയങ്ക ദത്ത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. അതേസമയം, 2027-ൽ സിനിമയുടെ രണ്ടാംഭാഗം തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്.
Content Highlights: Celebration of Kalki 2898 AD's 2nd anniversary since its 2024 release. Confirmation of the expansion of the Kalki Cinematic Universe. Recap of the film's 1200 crore global box office success. Official update regarding the sequel scheduled for 2027