‘വാപ്പിച്ചിയെ കാണാനുള്ള കൊതി, ഉമ്മിച്ചി വാശി പിടിച്ചു; അവസാനമായി അവർ കണ്ടത് അവിടെവെച്ച്’- നവാസിന്റെ മകന്റെ കുറിപ്പ്

കലാഭവൻ നവാസും ഭാര്യ രെഹ്നയും | Photo: Facebook/ Screen grab: Navas Kalabhavan
കലാഭവൻ നവാസും ഭാര്യ രെഹ്നയും | Photo: Facebook/ Screen grab: Navas Kalabhavan

നടനും മിമിക്രി താരവുമായ കലാഭവന്‍ നവാസ് അന്തരിക്കുന്നതിന് മുമ്പ് ഭാര്യ രെഹ്നയ്ക്കുവേണ്ടി പാടിയ പാട്ട് പങ്കുവെച്ച് മകന്‍. മരിക്കുന്നതിന് തലേദിവസം പങ്കെടുത്ത കല്യാണത്തിലെ വീഡിയോയ്‌ക്കൊപ്പമാണ് പാട്ട് പങ്കുവെച്ചത്. നവാസിന്റെ സാമൂഹികമാധ്യമങ്ങളിലൂടെയാണ് മകന്‍ വീഡിയോ പങ്കുവെച്ചത്.

'വാപ്പിച്ചിയും ഉമ്മിച്ചിയും രണ്ട് ലോകത്തിരുന്ന് ഇപ്പോഴും പ്രണയിക്കുന്നു', എന്ന് അവസാനിക്കുന്ന വൈകാരികമായ കുറിപ്പും റിഹാന്‍ പങ്കുവെച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്നിനായിരുന്നു നവാസിന്റെ മരണം. ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

ഷൂട്ടിങ് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു നവാസിന്റെ മരണവാര്‍ത്തപുറത്തുവന്നത്. ഇതിന് തലേദിവസം നവാസ് ഭാര്യയ്‌ക്കൊപ്പം ഒരു വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ വീഡിയോയാണ് മകന്‍ പങ്കുവെച്ചത്.

'ഇത് വാപ്പിച്ചി ഇടവേളയില്‍ ഉമ്മിച്ചിക്ക് പാടി കൊടുത്ത പാട്ടാണ്. ജൂലായ് 31-ന് വാപ്പിച്ചിയും ഉമ്മിച്ചിയും പങ്കെടുത്ത കല്യാണം. വാപ്പിച്ചി ഞങ്ങളെ വിട്ട് പോകുന്നതിന്റെ തലേദിവസം എടുത്ത വീഡിയോ. കല്യാണത്തിന് ലൊക്കേഷനില്‍നിന്ന് വരാമെന്നു പറഞ്ഞെങ്കിലും, പറഞ്ഞ സമയത്ത് ജോലി കഴിഞ്ഞില്ല. ഉച്ചക്ക് 12.30. ആ സമയത്ത് വന്നാല്‍ കല്യാണം കഴിയുമെന്ന് വാപ്പിച്ചി പറഞ്ഞെങ്കിലും ഉമ്മിച്ചി സമ്മതിച്ചില്ല', മകന്‍ കുറിച്ചു.

'വാപ്പിച്ചിയെ കാണാനുള്ള കൊതികൊണ്ട് ഉമ്മിച്ചി വാശി പിടിച്ചു. ലൊക്കേഷനിലെ ഇടവേളയില്‍ ഉമ്മിച്ചിയെ കാണാന്‍ വാപ്പിച്ചി ഓടിയെത്തി. വാപ്പിച്ചി ആരോഗ്യവാനായിരുന്നു. അവിടെവെച്ചു അവര്‍ അവസാനമായി കണ്ടു. രണ്ടു പേരും അറിഞ്ഞില്ല, അത് അവസാന കാഴ്ചയായിരുന്നെന്ന്. വാപ്പിച്ചി ലൊക്കേഷനിലേയ്ക്കും ഉമ്മിച്ചി വീട്ടിലേയ്ക്കും മടങ്ങി. വാപ്പിച്ചിയും ഉമ്മിച്ചിയും രണ്ട് ലോകത്തിരുന്ന് രണ്ട് പേരും ഇപ്പോഴും പ്രണയിക്കുന്നു', റിഹാന്‍ കുറിച്ചു.

Content Highlights: Kalabhavan Navas`s son Rehan shares a touching video of his father singing for his mother before his untimely death