കാലം മായ്ക്കാത്ത മുറിവുകളില്ല; കൊച്ചി മുൻ മേയർ സൗമിനി ജെയ്നുമായുള്ള തെറ്റിധാരണകൾ നീക്കിയെന്ന് ജൂഡ്

കൊച്ചി മുൻ മേയർ സൗമിനി ജെയ്ൻ, സംവിധായകൻ ജൂഡ് ആന്തണി ജോസഫ് | ഫോട്ടോ: വി.എസ്.ഷൈൻ, ബി.മുരളികൃഷ്ണൻ \ മാതൃഭൂമി
കൊച്ചി മുൻ മേയർ സൗമിനി ജെയ്ൻ, സംവിധായകൻ ജൂഡ് ആന്തണി ജോസഫ് | ഫോട്ടോ: വി.എസ്.ഷൈൻ, ബി.മുരളികൃഷ്ണൻ \ മാതൃഭൂമി

കൊച്ചി മുൻ മേയർ സൗമിനി ജെയ്നെ വസതിയിലെത്തി സന്ദർശിച്ച് സംവിധായകനും നടനുമായ ജൂഡ് ആന്തണി ജോസഫ്. ഏറെ കാലമായി തങ്ങൾക്കിടയിലുണ്ടായിരുന്ന തെറ്റിധാരണകൾ നീക്കിയതായി ജൂഡ് പിന്നീട് സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു.

ചൊവ്വാഴ്ചയാണ് സൗമിനി ജെയ്നെ സന്ദർശിച്ച വിവരം ജൂഡ് ആന്തണി അറിയിച്ചത്. കുടുംബസമേതമാണ് ജൂഡ് മുൻ മേയറുടെ വീട്ടിലെത്തിയത്. സൗമിനി ജെയ്നെ കണ്ടുവെന്നും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചെന്നും ജൂഡ് പറഞ്ഞു. സന്ദർശനത്തിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തു. ജൂഡിന്റെ അമ്മ റോസമ്മ, ഭാര്യ ഡിയാന, മക്കള്‍ എന്നിവരെയും ചിത്രങ്ങളില്‍ കാണാം.

‘‘കാലം മായ്ക്കാത്ത മുറിവുകളില്ല. തെറ്റിധാരണകൾ മറന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ചപ്പോൾ എടുത്ത ഫോട്ടോ. സൗമിനി ജെയ്ൻ മാമിനും ഭർത്താവിനുമൊപ്പം.’’–ജൂഡ് ആന്തണി കുറിച്ചു. 2017-ൽ സംവിധായകൻ ജൂഡ് ആന്തണിയും അന്നത്തെ കൊച്ചി മേയറുമായിരുന്ന സൗമിനി ജെയ്നും തമ്മിലുണ്ടായ നിയമപോരാട്ടം ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. 

ഒരു ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട വിഷയമാണ് പിന്നീട് വലിയ തർക്കത്തിലേക്കും നിയമപോരാട്ടത്തിലേക്കും വഴിവച്ചത്. സിനിമാ ഷൂട്ടിങ്ങിനായി എറണാകുളത്തെ സുഭാഷ് പാര്‍ക്ക് വിട്ടുതരണമെന്ന ആവശ്യവുമായി മേയറുടെ ഓഫീസില്‍ എത്തിയ സംവിധായകന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് സൗമിനി ജെയിൻ പരാതി നൽകി. തുടര്‍ന്ന് പോലീസ് സംവിധായകനെ അറസ്റ്റുചെയ്തശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു. ഇരുവർക്കുമിടയിൽ നടന്ന ഈ പ്രശ്നമാണ് ഇപ്പോൾ പരിഹരിക്കപ്പെട്ടത്.

Content Highlights: malayalam film director jude anthany joseph visited former kochi mayor soumini jain