'ആ കാസ്റ്റിങ് കോളുമായി യാതൊരു ബന്ധവുമില്ല'; വ്യക്തതവരുത്തി 'ജെഎസ്‌കെ' സംവിധായകന്‍

പ്രവീൺ നാരായണന്റെ സിനിമയിലേക്കെന്ന പേരില്‍ പ്രചരിക്കുന്ന വ്യാജ കാസ്റ്റിങ് കോൾ, പ്രവീൺ നാരായണൻ | Photo: Facebook/ Pravin Narayanan
പ്രവീൺ നാരായണന്റെ സിനിമയിലേക്കെന്ന പേരില്‍ പ്രചരിക്കുന്ന വ്യാജ കാസ്റ്റിങ് കോൾ, പ്രവീൺ നാരായണൻ | Photo: Facebook/ Pravin Narayanan

സിനിമയില്‍ അവസരം വാഗ്ദാനംചെയ്തുള്ള വ്യാജ കാസ്റ്റിങ് കോളില്‍ ജാഗ്രതപാലിക്കണമെന്ന മുന്നറിയിപ്പുമായി സംവിധായകന്‍ പ്രവീണ്‍ നാരായണന്‍. തന്റെ സംവിധാനത്തിലിറങ്ങുന്ന സിനിമയിലേക്ക് എന്ന പേരില്‍ പ്രചരിക്കുന്ന കാസ്റ്റിങ് കോളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കി. സുരേഷ് ഗോപി നായകനായ 'ജെഎസ്‌കെ: ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രവീണ്‍ നാരായണന്‍.

‘ഡിവിഎഫ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ എന്റെ സംവിധാനസംരംഭം എന്ന പേരില്‍ പ്രചരിക്കുന്ന കാസ്റ്റിങ് കോളുമായി എനിക്ക് നേരിട്ടോ അല്ലാതയോ യാതൊരു ബന്ധവുമില്ല. കാസ്റ്റിങ് കോളിനെക്കുറിച്ച് നിരവധി അന്വേഷണങ്ങള്‍ ലഭിച്ചതിനാലാണ് നിലപാട് വ്യക്തമാക്കുന്നതിനായി ഞാനിത് പോസ്റ്റ് ചെയ്യുന്നത്. ഇത് എന്റെ സിനിമയാണെന്നുകരുതി ദയവായി ഈ കാസ്റ്റിങ് കോളിനോട് പ്രതികരിക്കരുത്'- പ്രവീണ്‍ നാരായണന്‍ വ്യക്തമാക്കി.

'ഈ കാസ്റ്റിങ് കോളിനോട് പ്രതികരിക്കുകയോ അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതുമൂലം ഉണ്ടാകുന്ന യാതൊരു പ്രത്യാഘാതങ്ങള്‍ക്കും ഞാന്‍ ഉത്തരവാദിയായിരിക്കില്ല. നിങ്ങള്‍ ഇതിനോട് പ്രതികരിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍, അതിന്റെ ഭവിഷ്യത്തുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം നിങ്ങള്‍ക്ക് മാത്രമായിരിക്കും'- ഇംഗ്ലീഷില്‍ പങ്കുവെച്ച കുറിപ്പില്‍ സംവിധായകന്‍ വ്യക്തമാക്കി.

'ഡിവിഎഫ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ തമിഴിലും മലയാളത്തിലുമായി പ്രവീണ്‍ നാരായണന്‍ സംവിധാനംചെയ്യുന്ന പ്ലസ് ടു വിദ്യാര്‍ഥികളുടെ കഥ പറയുന്ന സിനിമയിലേക്ക് സ്വാഗതം', എന്ന പേരിലാണ് കാസ്റ്റിങ് കോള്‍ പ്രചരിക്കുന്നത്. 18-നും 27-നും ഇടയില്‍ പ്രായമുള്ള നായകന്‍, അതേ പ്രായത്തിലുള്ള നായിക എന്നീ വേഷങ്ങളിലേക്ക് ആളെ തേടിയാണ് കാസ്റ്റിങ് കോള്‍. ഫോണ്‍ നമ്പറും ഇ- മെയിലും ഇന്‍സ്റ്റഗ്രാം ഐഡിയും ഉള്‍പ്പെടുന്നതാണ് കാസ്റ്റിങ് കോള്‍ പോസ്റ്റര്‍.

Content Highlights: Director Praveen Narayanan clarifies no affiliation with a fake casting call for his upcoming film. Beware of fraudulent opportunities