25 വർഷത്തിന് ശേഷം സിനിമ സംവിധാനം ചെയ്യാനൊരുങ്ങി ജോണി ഡെപ്പ്, സഹനിർമാതാവായി അൽ പച്ചിനോ

ജോണി ഡെപ്പ്, അൽ പച്ചിനോ | ഫോട്ടോ: എ.എഫ്.പി, എ.പി
ജോണി ഡെപ്പ്, അൽ പച്ചിനോ | ഫോട്ടോ: എ.എഫ്.പി, എ.പി

നടൻ ജോണി ഡെപ്പ് നേരത്തേ വാർത്തകളിൽ നിറഞ്ഞത് മുൻഭാര്യ ആംബർ ഹേർഡിനെതിരെ കോടതിയിൽ മുഖാമുഖം വരികയും കേസ് വിജയിക്കുകയും ചെയ്തതിനാലാണ്. പക്ഷേ ഇപ്പോഴിതാ താരം വീണ്ടും വാർത്തകളിലിടംപിടിക്കുകയാണ്. 25 വർഷത്തിന് ശേഷം സിനിമ സംവിധാനം ചെയ്യാൻ തയ്യാറെടുക്കുകയാണ് സൂപ്പർ താരം.

ഇറ്റാലിയൻ ചിത്രകാരനായ അമേഡിയോ മോഡി​ഗ്ലിയാനിയുടെ ജീവിതത്തെ ആസ്പദമാക്കിയായിരിക്കും ജോണി ഡെപ്പിന്റെ സംവിധാന സംരംഭം. ഡെപ്പും പ്രശസ്ത നടൻ അൽ പച്ചിനോയും ചേർന്നായിരിക്കും ഈ ചിത്രം നിർമിക്കുക. ചിത്രത്തിൽ ജോണി ഡെപ്പ് അഭിനയിക്കുമോ ഇല്ലയോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഡെന്നിസ് മകലാന്റയറുടെ നാടകത്തെ അടിസ്ഥാനമാക്കി ജേഴ്സി, മാർക്ക് ക്രോമോലോവ്സ്കി എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. "മോഡി​ഗ്ലിയാനിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നതിൽ അഭിമാനമുണ്ട്. കഷ്ടപ്പാടുകൾ കടന്ന് ജീവിതവിജയം നേടിയ കലാകാരനായിരുന്നു അദ്ദേഹം. ലോകത്തിലെ എല്ലാ പ്രേക്ഷകർക്കും മനസിലാവുന്ന കഥ." താൻ സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തേക്കുറിച്ച് ജോണി ഡെപ്പ് പറയുന്നതിങ്ങനെയാണ്.

ചിത്രത്തിലെ അഭിനേതാക്കൾ ആരെന്ന് ഈ വർഷംതന്നെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. ചിത്രീകരണം അടുത്തവർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 1997-ൽ പുറത്തിറങ്ങിയ ദ ബ്രേവ് ആണ് ഡെപ്പ് ഇതിന് മുമ്പ് സംവിധാനം ചെയ്ത ചിത്രം. അദ്ദേഹവും മർലൺ ബ്രാൻഡോയുമായിരുന്നു നായകന്മാർ. വൻ വിജയമായ ഹ്യൂ​ഗോ ഉൾപ്പെടെ 11 ചിത്രങ്ങൾ നിർമിച്ചിട്ടുമുണ്ട് ജോണി ഡെപ്പ്.

Content Highlights: Johnny Depp to direct first film in 25 years, Al Pacino, Amedeo Modigliani