സേവ് ബോക്സ് തട്ടിപ്പ്: നടൻ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്ത് ഇ.ഡി മരവിപ്പിച്ചു

#മാതൃഭൂമി ന്യൂസ്
നടൻ ജയസൂര്യ | ഫോട്ടോ: വി.പി. പ്രവീൺകുമാർ \ മാതൃഭൂമി
നടൻ ജയസൂര്യ | ഫോട്ടോ: വി.പി. പ്രവീൺകുമാർ \ മാതൃഭൂമി

കൊച്ചി: സേവ് ബോക്സ് ആപ്പ് തട്ടിപ്പുകേസിൽ നടൻ ജയസൂര്യക്കെതിരെ നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. താരത്തിന്റെ 39 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു. ഇത് ഭൂമിയാണെന്നാണ് വിവരം. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ.

സേവ് ബോക്സ് ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടുതവണ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ സരിതയേയും ഇഡി വിളിപ്പിച്ചിരുന്നു. ബ്രാൻഡ് അംബാസഡറായതുകൊണ്ട് സേവ് ബോക്സിൽനിന്ന് ജയസൂര്യയുടെ അക്കൗണ്ടിലേക്ക് പണം വന്നെന്ന് കണ്ടെത്തിയിരുന്നു. തട്ടിപ്പിലൂടെ ലഭിച്ച പണമാണ് സേവ് ബോക്സ് ആപ്പിന്റെ ഉടമ സാത്തിഖ് റഹീമിന്റെ കമ്പനിയിൽനിന്ന് ജയസൂര്യക്ക് നൽകിയത്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇഡി ഇപ്പോഴത്തെ നടപടിയിലേക്ക് നീങ്ങിയത്.

ഓൺലൈൻ ലേല ആപ്പാണ് സേവ് ബോക്സ്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഉടമ സ്വാതിഖ് റഹീമിനെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് ഇഡി അന്വേഷണവുമായി രംഗത്തെത്തിയത്.

രണ്ടുവർഷം മുൻപ് ഏറെവിവാദമായ കേസാണ് 'സേവ് ബോക്‌സ്' ആപ്പ് തട്ടിപ്പ്. ഓൺലൈൻ ലേല ആപ്പായ 'സേവ് ബോക്‌സി'ന്റെ ഫ്രൊഞ്ചൈസി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെന്നായിരുന്നു പരാതി. ഓൺലൈൻ ലേലത്തിലൂടെ ഇലക്ട്രോണിക് ഉപകരണങ്ങൾ കുറഞ്ഞവിലയ്ക്ക് സ്വന്തമാക്കാമെന്ന പ്രചാരണം നൽകിയാണ് സേവ് ബോക്‌സ് ആപ്പ് 2019-ൽ അവതരിപ്പിച്ചത്. സേവ് ബോക്സ് എന്ന പേരിൽ മൊബൈൽ ആപ്പും കമ്പനി പുറത്തിറക്കിയിരുന്നു. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കുറഞ്ഞവിലയിൽ ഓൺലൈൻ ലേലത്തിലൂടെ സ്വന്തമാക്കാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. ഈ ലേലത്തിൽ പങ്കെടുക്കാനായി സേവ് ബോക്സ് നൽകുന്ന വിർച്വൽ കോയിനുകൾ പണം കൊടുത്ത് വാങ്ങണം. ഈ കോയിനുകൾ ഉപയോഗിച്ചായിരുന്നു ലേലം.

ഇന്ത്യയിലെ തന്നെ ആദ്യ ലേല ആപ്പ് എന്നുപറഞ്ഞാണ് സേവ് ബോക്‌സിനെ പരിചയപ്പെടുത്തിയിരുന്നത്. സേവ് ബോക്‌സിന്റെ ഫ്രൊഞ്ചൈസികളും ഓഹരികളും വാഗ്ദാനംചെയ്താണ് സ്വാതിഖ് റഹീം പലരിൽനിന്നായി ലക്ഷങ്ങൾ തട്ടിയത്. പഴയ ഐഫോണുകൾ പുതിയ കവറിലിട്ടുനൽകി ഇയാൾ സിനിമാതാരങ്ങളെ കബളിപ്പിച്ചെന്നും ആരോപണമുണ്ടായിരുന്നു.

നടൻ ജയസൂര്യയടക്കമുള്ള സിനിമാതാരങ്ങൾ ആപ്പ് അവതരണച്ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. സേവ് ബോക്‌സ് ബ്രാൻഡ് അംബാസിഡറാകാൻ ജയസൂര്യക്ക് കരാറുണ്ടെന്ന് നേരത്തേ ഇഡിക്ക് സംശയമുണ്ടായിരുന്നു.

Content Highlights: Enforcement Directorate Freezes Actor Jayasurya's Assets Worth ₹39 Lakh in Save Box App Scam