വാക്കുകൾ കൊണ്ട് വലയിലാക്കും,കവികളെ സൂക്ഷിക്കണം;അന്ന് അമ്മ നൽകിയ മുന്നറിയിപ്പ് പങ്കുവെച്ച് ശബാന ആസ്മി

ആയിരക്കണക്കിന് പ്രണയഗാനങ്ങൾ എഴുതിയ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ പക്ഷെ യഥാർത്ഥ ജീവിതത്തിൽ ഒട്ടും റൊമാന്റിക് അല്ലെന്ന് പങ്കാളി ശബാന ആസ്മി പറയുമ്പോൾ അത് ആരാധകർക്ക് കൗതുകമാവുകയാണ്. മോജോ സ്റ്റോറിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും 41 വർഷത്തെ ദാമ്പത്യത്തിനിടയിലെ ചില രസകരമായ കാര്യങ്ങൾ പങ്കുവെച്ചത്.
തന്റെ ഉള്ളിൽ ഒട്ടും റൊമാൻസില്ലെന്ന ശബാനയുടെ പരാതിക്ക് മറുപടിയായി ജാവേദ് അക്തർ തന്റെ പ്രണയകാലത്തെ ഒരു സംഭവം ഓർത്തെടുക്കുന്നുണ്ട്. ഒരിക്കൽ ശബാനയ്ക്കായി ഒരു പൂക്കട മുഴുവൻ വാങ്ങി നൽകിയ കഥയാണത്. പൂക്കടയുടെ മുന്നിലൂടെ യാത്ര ചെയ്യുമ്പോൾ അവിടുത്തെ പൂക്കൾക്ക് നല്ല ഭംഗിയുണ്ടെന്ന് ശബാന പറഞ്ഞു. ഉടനെ വണ്ടി നിർത്തി കടയിലുണ്ടായിരുന്ന മുഴുവൻ പൂക്കളും ജാവേദ് വാങ്ങി. ആ ഒറ്റ നിമിഷം കൊണ്ട് താൻ അദ്ദേഹത്തിന്റെ പ്രണയത്തിൽ വീണുപോയെന്ന് ശബാന ഓർക്കുന്നു.
തങ്ങളുടെ പ്രണയകാലത്ത് അമ്മ നൽകിയ രസകരമായ മുന്നറിയിപ്പിനെക്കുറിച്ചും ശബാന പറയുന്നുണ്ട്. ജാവേദ് അക്തറുമായി പിണങ്ങിയിരിക്കുന്ന സമയത്ത് അദ്ദേഹം ശബാനയ്ക്ക് ഒരു കവിത അയച്ചു കൊടുത്തു. ഇതിനുപിന്നാലെയാണ് അമ്മ മുന്നറിയിപ്പ് നൽകിയത്. ‘ കവികളിൽ പോയി കുടുങ്ങരുത്. വാക്കുകൾ കൊണ്ട് നിങ്ങളെ വീഴ്ത്താൻ അവർക്ക് പ്രത്യേക കഴിവുണ്ട്. അവരിൽ നിന്ന് അകലം പാലിക്കുന്നതാണ് നല്ലത്’- അമ്മയുടെ മുന്നറിയിപ്പ് അവർ ഓർത്തെടുത്തു.
സ്വതന്ത്രമായ അഭിപ്രായങ്ങളുള്ള രണ്ട് വ്യക്തികളായതുകൊണ്ട് തന്നെ തങ്ങൾക്കിടയിൽ തർക്കങ്ങൾ സ്വാഭാവികമാണെന്ന് ഇരുവരും പറയുന്നു. എന്നാൽ ആ വഴക്കുകൾ മോശമായ രീതിയിലേക്ക് പോകാതിരിക്കാൻ പ്രതിവിധിയും ഇരുവരും കണ്ടെത്തിയിട്ടുണ്ട്. തർക്കം പരിധി വിടുമെന്ന് തോന്നുമ്പോൾ അവർ 'ഡ്രോപ്പ് ഇറ്റ്' (ഇത് ഇവിടെ നിർത്താം) എന്ന് പറയും. പിന്നീട് പത്തു ദിവസം കഴിഞ്ഞ് മനസ്സ് സാഹചര്യം ശാന്തമായ ശേഷം മാത്രമേ ആ വിഷയത്തെക്കുറിച്ച് സംസാരിക്കൂ. ഇത് പരസ്പരമുള്ള ബഹുമാനം നിലനിർത്താൻ സഹായിക്കുന്നുവെന്ന് ശബാന ആസ്മി പറയുന്നു.
സിനിമകളിൽ കാണുന്നത് പോലെ പെട്ടെന്നുണ്ടാകുന്ന ഒന്നല്ല പ്രണയമെന്നും, അതൊരു സാവധാനത്തിലുള്ള പ്രക്രിയയാണെന്നുമാണ് പ്രണയത്തെക്കുറിച്ചുള്ള ജാവേദ് അക്തറിന്റെ കാഴ്ചപ്പാട്.