സിനിമയിൽനിന്ന് ഒഴിവാക്കുമോ എന്ന ഭയത്തിലെഴുതിയ പാട്ട്; ആ പ്രണയഗാനം പിറന്നതിനെക്കുറിച്ച് ജാവേദ് അക്തർ

#മൂവി ഡെസ്ക്
ജാവേദ് അക്തർ, 1942: എ ലവ് സ്റ്റോറി എന്ന ചിത്രത്തിലെ രം​ഗങ്ങൾ | ഫോട്ടോ: Getty Images, Screengrab
ജാവേദ് അക്തർ, 1942: എ ലവ് സ്റ്റോറി എന്ന ചിത്രത്തിലെ രം​ഗങ്ങൾ | ഫോട്ടോ: Getty Images, Screengrab

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ പ്രണയഗാനങ്ങളിൽ ഒന്നാണ് വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 1942: എ ലവ് സ്റ്റോറി എന്ന ചിത്രത്തിലെ 'ഏക് ലഡ്കി കോ ദേഖാ തോ ഐസാ ലഗാ' എന്ന ഗാനം. എന്നാൽ, ഈ ഗാനം സിനിമയിൽ ഉൾപ്പെടുത്താൻ ചിത്രത്തിന്റെ സംവിധായകൻ വിധു വിനോദ് ചോപ്രയ്ക്കും സംഗീതസംവിധായകൻ ആർ.ഡി. ബർമനും ആദ്യം താത്പര്യമില്ലായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗാനരചയിതാവ് ജാവേദ് അക്തർ. ഒരു പാട്ടിനുള്ള സാഹചര്യം ഈ സിനിമയിലില്ലെന്നാണ് അവർ കരുതിയിരുന്നത്. എന്നാൽ ഒരു ഗാനമെങ്കിലും ഉൾപ്പെടുത്തണമെന്ന് ജാവേദ് അക്തർ നിർബന്ധം പിടിച്ചതോടെയാണ് ഒരു സൂപ്പർഹിറ്റിനുള്ള വഴിതുറന്നത്.

ഗാനം എഴുതാൻ തനിക്കുമുന്നിൽ വിധു വിനോദ് ചോപ്രയും ആർ.ഡി ബർമനും ഒരു വലിയ നിബന്ധന വെച്ചിരുന്നുവെന്ന് ജാവേദ് അക്തർ ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ മനസുതുറന്നു. ഒരു ശനിയാഴ്ചയായിരുന്നു തങ്ങൾ മൂന്നുപേരും ഒരുമിച്ചിരുന്നതെന്ന് അദ്ദേഹം ഓർമിച്ചു. അത് അത്രമേൽ അസാധാരണമായ ഒരു ഗാനമായിരിക്കണം എന്നതായിരുന്നു സംവിധായകനും സംഗീത സംവിധായകനും മുന്നോട്ടുവെച്ച നിബന്ധന. സിനിമയിൽ പാട്ട് ഉൾപ്പെടുത്തേണ്ട രംഗമോ, ഈണമോ പോലും ഇല്ലാതെയാണ് ഈ വെല്ലുവിളി ഏറ്റെടുത്തത്. ചോപ്രയും ബർമനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഈ കാര്യത്തെക്കുറിച്ച് പൂർണമായി മറന്നുപോയി. പിന്നീട് ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് പാട്ടുമായി വരാൻ ആർ.ഡി. ബർമന്റെ സഹായി വിളിച്ചപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്. സംവിധായകനും കൊറിയോഗ്രാഫറും അഭിനേതാക്കളായ അനിൽ കപൂർ, ജാക്കി ഷ്രോഫ് തുടങ്ങിയവരും അടങ്ങുന്ന ഒരു വലിയ ആൾക്കൂട്ടത്തിന് മുന്നിൽ പരാജയപ്പെടുമോ എന്ന വലിയ ഭയം ഉള്ളിലുണ്ടായിരുന്നു. സിനിമയിൽ നിന്ന് തന്നെ ഒഴിവാക്കപ്പെടുമോ എന്ന ഭയമാണ് തന്നെക്കൊണ്ട് ഈ ഗാനം എഴുതിച്ചതെന്നും ജാവേദ് അക്തർ ഓർക്കുന്നു.

"എനിക്ക് എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. വല്ലാത്ത നാണക്കേടാകും ഉണ്ടാകാൻ പോകുന്നതെന്ന് എനിക്ക് തോന്നി." ആ നിമിഷത്തെക്കുറിച്ച് ജാവേദ് അക്തർ പറഞ്ഞതിങ്ങനെ.

ഈ വലിയ സമ്മർദ്ദത്തിനിടയിൽ വണ്ടിയോടിച്ചു പോകുമ്പോഴാണ് 'ഏക് ലഡ്കി കോ ദേഖാ തോ ഐസാ ലഗാ' എന്ന വരി മനസ്സിൽ ഉദിക്കുന്നത്. ഉപമകൾ മാത്രം ഉപയോഗിച്ച് മുഴുവൻ പാട്ടും എഴുതുക എന്ന വേറിട്ടൊരു ആശയമാണ് അവതരിപ്പിച്ചത്. ഈ ആശയം എല്ലാവർക്കും ഇഷ്ടപ്പെടുകയും പിന്നാലെ പാട്ടിന്റെ വരികൾ എഴുതാൻ ഇരിക്കുകയും ചെയ്തു. വരികൾ നൽകിയ ഉടൻ തന്നെ ആർ.ഡി. ബർമൻ അത് എഴുതിയെടുക്കുകയും ഉടൻതന്നെ പാടിനോക്കുകയും ചെയ്തു. അങ്ങനെയാണ് ഏറെ വെല്ലുവിളികൾ നിറഞ്ഞ ഒരു അന്തരീക്ഷത്തിൽ വെച്ച് ഈ പ്രണയഗാനം പിറവിയെടുത്തതെന്ന് അക്തർ പറഞ്ഞു.

ആ കാലഘട്ടത്തിലെ ഹിന്ദി സിനിമാ സംഗീതം വളരെ നിലവാരമില്ലാത്ത അവസ്ഥയിലൂടെ കടന്നുപോകുകയായിരുന്നുവെന്ന് ജാവേദ് അക്തർ വിലയിരുത്തി. അർത്ഥശൂന്യവും അശ്ലീലവുമായ പാട്ടുകൾ നിറഞ്ഞ ആ സമയത്ത് യഥാർത്ഥ കവിതകൾ വേണമെന്നായിരുന്നു വിധു വിനോദ് ചോപ്രയുടെ ആവശ്യം. '1942: എ ലവ് സ്റ്റോറി' എന്ന ചിത്രത്തിലെ ഗാനങ്ങളുടെ വൻ വിജയം ഹിന്ദി സിനിമാ സംഗീതത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു. സിനിമയിലെ പാട്ടുകൾക്ക് അർത്ഥവും നിലവാരവും കൈവരാനും അശ്ലീലത കുറയ്ക്കാനും ഇത് കാരണമായി. പരീക്ഷണങ്ങൾക്ക് തയ്യാറാകുന്ന സംവിധായകർ ഉണ്ടാകുമ്പോൾ മാത്രമേ ഇത്തരം മാറ്റങ്ങൾ സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബോളിവുഡിന്റെ വിജയത്തോടുള്ള മനോഭാവത്തെക്കുറിച്ചും ആർ.ഡി. ബർമനെക്കുറിച്ചും അക്തർ മനസ്സ് തുറക്കുന്നുണ്ട്. സിനിമ വിജയിച്ചാൽ അർഹതയില്ലാത്തവർക്ക് വരെ ക്രെഡിറ്റ് ലഭിക്കുകയും പരാജയപ്പെട്ടാൽ എല്ലാവരെയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതാണ് ഇവിടുത്തെ രീതി. ഏതാനും സിനിമകളുടെ പരാജയങ്ങൾക്ക് ശേഷം ബർമനെ പലരും കൈവിട്ട സമയത്താണ് ഈ ചിത്രം അദ്ദേഹത്തിന് വലിയൊരു അവസരമായത്. ബർമൻ എന്ന പ്രതിഭയുടെ വലിയൊരു ആരാധകനായിരുന്നു താൻ. ജോലി ചെയ്യുന്ന വ്യക്തി നമ്മളിൽ നിന്ന് കൂടുതൽ മികച്ച സൃഷ്ടികൾ പ്രതീക്ഷിക്കുമ്പോൾ മാത്രമേ കലാകാരന് പൂർണ്ണ ശേഷിയോടെ പ്രവർത്തിക്കാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

'1942: എ ലവ് സ്റ്റോറി'

വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ഒരു റൊമാന്റിക് ഡ്രാമയാണ് '1942: എ ലവ് സ്റ്റോറി'. അനിലും കപൂർ, മനീഷ കൊയ്‌രാള, ജാക്കി ഷ്രോഫ് എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ. ഡാനി ഡെൻസോങ്പ, അനുപം ഖേർ, പ്രാൻ, ബ്രയാൻ ഗ്ലോവർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. വ്യത്യസ്ത കുടുംബ പശ്ചാത്തലങ്ങളിൽ നിന്നുള്ള നരേൻ (അനിൽ കപൂർ), രജ്ജോ (മനീഷ കൊയ്‌രാള) എന്നീ പ്രണയജോഡികളുടെ കഥയാണ് ചിത്രം പറയുന്നത്.

Content Highlights: Veteran lyricist Javed Akhtar revealed that the iconic romantic song 'Ek Ladki Ko Dekha Toh Aisa Laga' from 1942: A Love Story was created out of sheer panic when director Vidhu Vinod Chopra and composer RD Burman almost dropped it from the film.