‘ചരിത്രപരമായ വിപ്ലവം’; വിജയ്‌യുടെ വിജയത്തെക്കുറിച്ച് മകൻ; അകൽച്ചയിലെന്ന റിപ്പോർട്ടുകൾ തള്ളി ആരാധകർ

പിതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്‌യുമായി സ്വരചേർച്ചയില്ലെന്ന റിപ്പോർട്ടുകൾ പരോക്ഷമായി തള്ളി മകൻ ജേസൺ സഞ്ജയ്. തന്റെ പുതിയ ചിത്രമായ 'സിഗ്മ'യുടെ പ്രചാരണാർഥം നൽകിയ അഭിമുഖത്തിൽ ജേസൺ പിതാവിനെക്കുറിച്ച് പരാമർശിച്ച ഭാഗങ്ങൾ ചൂണ്ടിക്കാട്ടി ആരാധകർ രംഗത്തെത്തി. ഇരുവരും തമ്മിൽ പിരിഞ്ഞ് താമസിക്കുകയാണെന്ന റിപ്പോർട്ടുകൾ അഭിമുഖം ചൂണ്ടിക്കാട്ടി ആരാധകർ തള്ളി. പിതാവിന്റെ തിരഞ്ഞെടുപ്പിലെ വിജയം ഉൾപ്പെടെ അഭിമുഖത്തിൽ ചർച്ചയായി.
പിതാവ് തമിഴ്നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ 'ചരിത്രപരമായ വിപ്ലവം' എന്നാണ് ജേസൺ സഞ്ജയ് അഭിമുഖത്തിൽ വിശേഷിപ്പിച്ചത്. 'ഇപ്പോൾ നടന്നിരിക്കുന്നത് ഒരു ചരിത്ര വിപ്ലവമാണ്. ഇതിലൂടെ എനിക്കും അനിയത്തിക്കും കുടുംബത്തിലുള്ള എല്ലാവർക്കും കൂടുതൽ ഉത്തരവാദിത്തം വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അതിനാൽ ഞാൻ ഏറെ ശ്രദ്ധാലുവായിരിക്കണം, കാരണം സാഹചര്യം അങ്ങനെയാണ്', എന്നായിരുന്നു ചോദ്യത്തിന് മറുപടിയായി ജേസണിന്റെ വാക്കുകൾ.
പിതാവ് ജീവിതത്തിൽ തനിക്ക് നൽകിയ ഉപദേശങ്ങളെക്കുറിച്ചും സഞ്ജയ് സംസാരിച്ചു. 'നിന്റേതായ ഒരു വ്യക്തിത്വം സ്വയം കെട്ടിപ്പടുക്കുക എന്നാണ് അദ്ദേഹം എനിക്ക് തന്ന ഉപദേശം. അത് തന്നെയാണ് എന്റെയും ലക്ഷ്യം. 'എന്തെങ്കിലും സഹായം വേണമെങ്കിൽ തീർച്ചയായും സഹായിക്കാം, പക്ഷേ കാര്യങ്ങളെല്ലാം നീ തന്നെ ഒറ്റയ്ക്ക് ചെയ്യണം. എങ്കിൽ മാത്രമേ അനുഭവപരിചയം ലഭിക്കൂ' എന്ന് അദ്ദേഹം പറഞ്ഞു', ജേസൺ തുറന്നുപറഞ്ഞു.
തമിഴകത്തെ വലിയൊരു താരത്തിന്റെ മകനായിരുന്നിട്ടും അഭിനയത്തിന് പകരം സംവിധാനം തിരഞ്ഞെടുത്തതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ചെറുപ്പം മുതലേ സിനിമാ സെറ്റുകൾ കാണാൻ കഴിഞ്ഞതാണ് തന്റെ താത്പര്യത്തെ വളർത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
'ചെറുപ്പം മുതലേ സിനിമാ സെറ്റുകളിലേക്ക് എനിക്ക് പ്രവേശനം ഉണ്ടായിരുന്നു. സെറ്റുകളിലേക്ക് പോകുന്നത് ജീവിതത്തിന്റെ ഭാഗമായി മാറി. അവിടെ ഞാൻ ഇണങ്ങിച്ചേരുകയും ചെയ്തു. അങ്ങനെയാണ് സിനിമയോടുള്ള താല്പര്യം ഉണ്ടാകുന്നത്,' ജേസൺ വ്യക്തമാക്കി.
ആദ്യകാലത്ത് പൈലറ്റാകാനായിരുന്നു ആഗ്രഹമെന്നും പിന്നീട് ക്രിക്കറ്ററാകാൻ ആഗ്രഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 11, 12 ക്ലാസുകളിൽ പഠിക്കുമ്പോഴാണ് സിനിമയോട് താല്പര്യം തോന്നിയതും കോളേജ് പഠനകാലത്ത് സംവിധാനം തിരഞ്ഞെടുക്കാൻ തീരുമാനിച്ചതും. ചെറുപ്പം മുതലേ കഥകൾ പറയാൻ ഇഷ്ടപ്പെട്ടിരുന്നുവെന്നും, പിന്നീട് കാനഡയിൽ പോയി സിനിമാ സംവിധാനം പഠിച്ച ശേഷമാണ് എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായ ധാരണ ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജയോടുള്ള തന്റെ ആരാധനയെക്കുറിച്ചും ജേസൺ വെളിപ്പെടുത്തി. യുവാൻ ആണ് തന്റെ ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകനെന്ന് ജേസൺ തുറന്നുപറഞ്ഞു.
'റെക്കോർഡിംഗിനിടെയാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ആദ്യം ഞങ്ങൾ കുറച്ചുമാത്രമേ സംസാരിച്ചുള്ളൂ, എന്നാൽ പിന്നീട് സൗഹൃദത്തിലായി. എന്തുകൊണ്ടാണ് ദുബായിൽ താമസിക്കുന്നതെന്നും ഇന്ത്യയിലേക്ക് ഇടയ്ക്കിടെ വരാത്തതെന്നും ഞാൻ അദ്ദേഹത്തോട് തമാശയായി ചോദിച്ചു. ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണെന്ന് അദ്ദേഹത്തിന് നേരത്തെ അറിയാമായിരുന്നു. അദ്ദേഹത്തിന്റെ ചിത്രം പതിച്ച ടി- ഷർട്ട് ധരിച്ച ചിത്രങ്ങൾ എടുത്ത് പിതാവിനോട് യുവാന് അയച്ചു കൊടുക്കാൻ ഞാൻ പണ്ടൊക്കെ ആവശ്യപ്പെടുമായിരുന്നു. സന്തോഷമുള്ളപ്പോഴും വിഷമമുള്ളപ്പോഴും ഞാൻ എപ്പോഴും അദ്ദേഹത്തിന്റെ സിനിമകളിലെ ഗാനങ്ങളാണ് കേൾക്കാറുള്ളത്', ജേസൺ ഓർത്തെടുത്തു.
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുന്ദീപ് കിഷൻ നായകനാകുന്ന 'സിഗ്മ' എന്ന ചിത്രത്തിലൂടെയാണ് ജേസൺ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.
Content Highlights: Jason Sanjay implicitly dismissed rumors of a strain in his relationship with his father, Tamil Nadu Chief Minister C. Joseph Vijay, during a recent promotional interview. He described his father’s historic political victory as a revolutionary change that brings a greater sense of responsibility to the family. Sharing personal insights, Jason revealed that his father advised him to forge his own identity and gain experience by standing on his own feet. Despite being a superstar's son, Jason chose directing over acting due to his childhood exposure to film sets, eventually studying filmmaking in Canada. Jason is set to make his directorial debut with the upcoming movie Sigma, starring Sundeep Kishan and produced by Lyca Productions.