പൊങ്കലിന് തന്നെ തിയേറ്ററിലെത്തിക്കാൻ നിയമപോരാട്ടം; 'ജനനായകൻ' സുപ്രീംകോടതിയിലേക്ക്

ചെന്നൈ: ടിവികെ നേതാവ് വിജയ് നായകനായ ‘ജനനായകൻ’ സിനിമ പൊങ്കൽ ആഘോഷത്തിനുമുൻപ് പുറത്തിറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചു. പറഞ്ഞ സമയത്ത് സിനിമ തിയേറ്ററുകളിലെത്തിക്കാൻ സാധിക്കാത്തതിന് നിർമാതാവ് കെ. വെങ്കട്ട് നാരായണ പ്രേക്ഷകരോട് ക്ഷമാപണം നടത്തി.
സിനിമയ്ക്ക് ഉടൻ പ്രദർശനാനുമതി നൽകണമെന്ന മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശനിയാഴ്ച വൈകീട്ട് സ്റ്റേ ചെയ്തതോടെയാണ് റിലീസ് അനിശ്ചിതത്വത്തിലായത്. സിംഗിൾബെഞ്ച് ഉത്തരവിനെ ചോദ്യംചെയ്ത് സെൻസർ ബോർഡ് നൽകിയ അപ്പീൽ ജനുവരി 21-നേ പരിഗണിക്കൂ എന്നതുകൊണ്ട് സിനിമ പൊങ്കൽ ആഘോഷവേളയിൽ പുറത്തിറങ്ങാനുള്ള സാധ്യത മങ്ങി. ഇതേത്തുടർന്നാണ് സുപ്രീംകോടതിയിൽ ഹർജി നൽകാൻ നിർമാതാക്കൾ തീരുമാനിച്ചത്. തിങ്കളാഴ്ച വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നാണ് അറിയുന്നത്.
നിശ്ചിത തീയതിയിൽ സിനിമ പുറത്തിറക്കുന്നതിന് ആവുന്നതെല്ലാം ചെയ്തതായി സിനിമ നിർമിച്ച കെ.വി.എൻ. പ്രൊഡക്‌ഷൻസിന്റെ ഉടമ കെ. വെങ്കട്ട് നാരായണ ശനിയാഴ്ച വീഡിയോസന്ദേശത്തിൽ പറഞ്ഞു. വിജയ് എന്ന താരത്തിന്റെ അഭിനയജീവിതത്തിന് അർഹിക്കുന്ന രീതിയിലുള്ള യാത്രയയപ്പ് നൽകാനായിരുന്നു ശ്രമം. ഇക്കാര്യത്തിൽ ഒപ്പംനിന്ന പ്രേക്ഷകർക്കും തിയേറ്റർ ഉടമകൾക്കും വിതരണക്കാർക്കുമുണ്ടായ പ്രയാസത്തിൽ അദ്ദേഹം ക്ഷമചോദിച്ചു.
സിനിമയ്ക്ക് പ്രദർശനാനുമതി നേടിയെടുക്കാൻ നടത്തിയ ശ്രമങ്ങൾ വെങ്കട്ട് നാരായണ വിശദീകരിച്ചു. സിനിമ ഡിസംബർ 18-ന് സെൻസർബോർഡിന് സമർപ്പിച്ചതാണ്. ചില മാറ്റങ്ങളോടെ യു/എ സർട്ടിഫിക്കറ്റ് നൽകാമെന്ന് 22-ന് സമിതി അറിയിച്ചു. നിർദേശിച്ച മാറ്റങ്ങളോടെ സിനിമ വീണ്ടും സമർപ്പിച്ചു. എന്നാൽ, ഒരു പരാതിയുടെ അടിസ്ഥാനത്തിൽ സിനിമ പുനഃപരിശോധനാ സമിതിക്കു വിട്ടതായി ജനുവരി അഞ്ചിന് ഇ-മെയിലൂടെയാണ് അറിയിച്ചത്. ഇത് ചോദ്യംചെയ്തുകൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ജനുവരി ആറ്, ഏഴ് തീയതികളിൽ വാദം കേട്ട സിംഗിൾബെഞ്ച് സിനിമയ്ക്ക് പ്രദർശനാനുമതി നൽകാൻ വെള്ളിയാഴ്ച രാവിലെ ഉത്തരവിട്ടെങ്കിലും സെൻസർ ബോർഡിന്റെ അപ്പീലിൽ വൈകുന്നേരം അത് സ്റ്റേ ചെയ്യുകയായിരുന്നു - വെങ്കട്ട് നാരായണ പറഞ്ഞു.
സിംഗിൾബെഞ്ച് ഉത്തരവിനെതിരേ സെൻസർ ബോർഡ് നൽകിയ അപ്പീൽ പൊങ്കൽ അവധിക്കുശേഷം 21-നേ വാദത്തിനെടുക്കൂയെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ വന്നാൽ പൊങ്കൽ അവധിക്കാലത്ത് സിനിമ പ്രദർശനത്തിനെത്തിക്കാനാവില്ല. ഇതുകാരണമാണ് നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിക്കുന്നത്.
Content Highlights: Producers of `Jana Nayagan` starring Vijay approach Supreme Court for a Pongal release after Madras High Court order stays