ജയ് ഗണേഷും മിത്ത് വിവാദവും; സംഭവം ഇങ്ങനെയെന്ന് രഞ്ജിത്ത് ശങ്കര്‍

രഞ്ജിത്ത് ശങ്കര്‍, ഉണ്ണി മുകുന്ദന്‍
രഞ്ജിത്ത് ശങ്കര്‍, ഉണ്ണി മുകുന്ദന്‍

ജയ് ഗണേഷ് എന്ന പേരില്‍ ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കര്‍ സിനിമ പ്രഖ്യാപിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഒറ്റപ്പാലത്തെ ഗണേശോത്സവ വേദിയില്‍വെച്ച് ഉണ്ണി മുകുന്ദനാണ് ചിത്രം പ്രഖ്യാപിച്ചത്. രഞ്ജിത് ശങ്കറും ഫെയ്‌സ്ബുക്കിലൂടെ ചിത്രത്തേക്കുറിച്ചുള്ള വിവരം പങ്കുവെച്ചു. 

വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറം എന്ന ചിത്രത്തിന് പിന്നാലെയാണ് ജയ് ഗണേഷില്‍ ഗണപതിയായി ഉണ്ണി മുകുന്ദന്‍ എത്തുന്നത്. ജയ് ഗണേശിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷം ഈ വേഷം അവതരിപ്പിക്കാനുള്ള ഒരു നടനായുള്ള തിരച്ചിലിലായിരുന്നു താനെന്നാണ് നായകനായി ഉണ്ണി മുകുന്ദനിലേക്ക് എത്തിയതിനേക്കുറിച്ച് രഞ്ജിത് ശങ്കര്‍ വ്യക്തമാക്കിയിരുന്നു.

ജയ് ഗണേഷ് പ്രഖ്യാപിച്ചതോടെ സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ 'മിത്ത്' പരാമര്‍ശവുമായി ബന്ധപ്പെടുത്തി നിരവധി കമന്റുകളും പോസ്റ്റുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇതെ തുടര്‍ന്ന് ഇക്കാര്യത്തില്‍ വിശദീകരണവുമായി  രംഗത്തെത്തിയിരിക്കുകയാണ് രഞ്ജിത്ത് ശങ്കര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് രഞ്ജിത്തിന്റെ വിശദീകരണം. മിത്ത് വിവാദവുമായി ചിത്രത്തിന് ബന്ധമില്ലെന്നും, വിവാദങ്ങള്‍ ഉണ്ടാകുന്നതിന് ഒരു മാസം മുന്‍പ് തന്നെ സിനിമയുടെ ടൈറ്റില്‍ ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നുമാണ് രഞ്ജിത്ത് പറഞ്ഞത്. ഇതിന് തെളിവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

''സിനിമയുടെ പ്രഖ്യാപനം മുതല്‍ വ്യാപകമായി പ്രചരിക്കുന്ന എല്ലാ വാര്‍ത്തകള്‍ക്കും അറുതിവരുത്താന്‍, പ്രസ്തുത വിവാദത്തിന് ഒരു മാസം മുമ്പ് കേരള ഫിലിം ചേംബറില്‍ ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. നന്ദി- രഞ്ജിത്ത് ശങ്കര്‍ കുറിച്ചു.

ഈയിടെ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വിനായകചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്‌കാരികസമ്മേളനത്തില്‍ മിത്ത് വിവാദത്തേക്കുറിച്ച് ഉണ്ണി മുകുന്ദന്‍ സംസാരിച്ചിരുന്നു. ഇന്ന് ഗണപതി മിത്താണെന്നു പറയുന്നവര്‍ നാളെ കൃഷ്ണനും ശിവനും പിന്നെ നമ്മളും മിത്താണെന്നു പറയുമെന്നാണ് അദ്ദേഹം പറഞ്ഞത്. ആര് ആര്‍ക്കുവേണ്ടിയാണ് ഇതു പറയുന്നതെന്നു മനസ്സിലാക്കണം. വിഷമമുണ്ടായി എന്ന് ഉറക്കെ പറയാനെങ്കിലും തയ്യാറാകണം. ഇല്ലെങ്കില്‍ നമ്മള്‍ നടത്തുന്ന ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും അര്‍ഥമില്ലാതാകും. ജീവിതദുഃഖങ്ങള്‍ തരണംചെയ്യാനുള്ള ആശ്രയമാണ് ദൈവമെന്ന് അറിയാത്തവരില്ല. മര്യാദയുടെ പേരിലെങ്കിലും ദൈവങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ മടിക്കരുത്. അതിന് ചങ്കൂറ്റത്തിന്റെ ആവശ്യമില്ലെന്നുമായിരുന്നു താരം പറഞ്ഞത്.

രഞ്ജിത്ത് ശങ്കറും, ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ജയ് ഗണേഷ് നിര്‍മ്മിക്കുന്നത്. ഡ്രീംസ് എന്‍ ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Content Highlights: jai ganesh, movie myth controversy, unni mukundan ranjith, shankar clarifies