ജാക്കി ചാൻ അന്തരിച്ചെന്ന് വ്യാജപ്രചാരണം; താരത്തിന് ഒരു കുഴപ്പവുമില്ലെന്ന് സ്ഥിരീകരണം

ചൈനീസ് ഇതിഹാസതാരം ജാക്കി ചാൻ അന്തരിച്ചെന്ന് സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം. ജാക്കി ചാൻ അന്തരിച്ചുവെന്ന് അവകാശപ്പെട്ട് X, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് ഈ പോസ്റ്റുകൾ പ്രചരിച്ചത്. എന്നാൽ, അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തന്റെ 72-ാം വയസ്സിലും അദ്ദേഹം സിനിമയിൽ സജീവമാണെന്നും ഏറ്റവും പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി.
അമേരിക്കയിലാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ, ജാക്കി ചാൻ മരിച്ചെന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. "ജാക്കി ചാൻ (1954-2026)" എന്നെഴുതിയ കറുപ്പും വെളുപ്പും കലർന്ന ചിത്രങ്ങളോടെയാണ് ഈ വ്യാജ പ്രചാരണം ആരംഭിച്ചത്. അബ്ദുൾ എന്ന സോഷ്യൽ മീഡിയ ഉപയോക്താവ് പങ്കുവെച്ച പോസ്റ്റ് വെറും അഞ്ച് മണിക്കൂറിനുള്ളിൽ 3.8 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ വ്യാജവാർത്ത ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് വേഗത്തിൽ പടരുകയായിരുന്നു. വാർത്ത പരന്നതോടെ നിരവധി ആരാധകർ ഓൺലൈനിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
പോസ്റ്റിന് മറുപടിയായി X-ൽ ഒരു കമ്മ്യൂണിറ്റി നോട്ട് പ്രത്യക്ഷപ്പെട്ടു. "ഈ പോസ്റ്റിലെ ചിത്രം ജാക്കി ചാന് വേണ്ടിയുള്ള ചരമക്കുറിപ്പ് പോലെയാണ് നിർമ്മിച്ചിരിക്കുന്നത്, എന്നാൽ അദ്ദേഹം ജീവിച്ചിരിപ്പുണ്ട്, 72-ാം വയസ്സിലും സജീവമാണ്" എന്നാണ് നോട്ടിൽ വ്യക്തമാക്കിയത്. ജാക്കി ചാൻ നിലവിൽ പൂർണ്ണ ആരോഗ്യവാനാണെന്നും വിവിധ സിനിമാ പ്രോജക്ടുകളിൽ സജീവമായി പ്രവർത്തിച്ചുവരികയാണെന്നും വാർത്താ മാധ്യമങ്ങൾ ഉറപ്പുനൽകുന്നു.
Also Read: മമ്മൂട്ടിക്കും മോഹൻലാലിനും മുതൽ ജാക്കിചാനുംവരെ അടവുപകർന്ന കളരി; സിവിഎൻ കളരി പ്ലാറ്റിനം ജൂബിലിയിൽ
ഫാങ് ഷിലോംഗ് എന്ന് യഥാർത്ഥ പേരുള്ള ജാക്കി ചാൻ, ലോകമെമ്പാടും വൻ സ്വീകാര്യതയുള്ള ഒരു ആയോധന കലാകാരനും നടനും ചലച്ചിത്ര നിർമ്മാതാവുമാണ്. 2026-ൽ 400 ദശലക്ഷം ഡോളറിലധികം ആസ്തിയുള്ള അദ്ദേഹം പ്രധാനമായും ഹോങ്കോംഗിലാണ് താമസിക്കുന്നത്. കൗലൂൺ ടോംഗ് റെസിഡൻഷ്യൽ മേഖലയിലെ ഒരു ഫാക്ടറി വെയർഹൗസ് രഹസ്യ മുറികളും വാതിലുകളുമുള്ള മനോഹരമായ വീടാക്കി മാറ്റിയാണ് അദ്ദേഹം ജീവിക്കുന്നത്.
2026 ജൂലൈയിൽ സിംഗപ്പൂരിലെ പേയ് ചുൻ പബ്ലിക് സ്കൂളിൽ നടത്തിയ സർപ്രൈസ് സന്ദർശനത്തിലാണ് ജാക്കി ചാൻ അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. അവിടെവെച്ച് "ഹാർഡ് ടു സേ ഗുഡ്‌ബൈ" എന്ന ഗാനം പാടി വിദ്യാർത്ഥികളെയും അധ്യാപകരെയും അദ്ദേഹം അത്ഭുതപ്പെടുത്തിയിരുന്നു. തന്റെ ബാല്യകാലത്തെ കഷ്ടപ്പാടുകളെക്കുറിച്ചും ഒരു പാത്രം ചോറിനായുള്ള ആഗ്രഹത്തെക്കുറിച്ചും സംസാരിച്ച അദ്ദേഹം, കഠിനാധ്വാനം ചെയ്യണമെന്നും സ്വപ്നങ്ങൾ കണ്ടാൽ മാത്രമേ വിജയം നേടാനാകൂ എന്നും കുട്ടികളേ ഓർമ്മിപ്പിക്കുകയും ചെയ്തു.
Content Highlights: Viral social media posts carrying a monochrome "1954-2026" fake obituary of legendary martial arts actor Jackie Chan are false; the 72-year-old star is alive and well, with fact-checkers confirming it as a hoax.