തന്റെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന് ഇർഫാൻ ഖാന് നേരത്തേ അറിയാമായിരുന്നു -സംവിധായകൻ അഭിനയ് ഡിയോ

അന്തരിച്ച നടൻ ഇർഫാൻ ഖാനെ അനുസ്മരിച്ച് സംവിധായകൻ അഭിനയ് ഡിയോ. ബ്ലാക്ക്മെയിൽ എന്ന ചിത്രത്തിന്റെ ചിത്രീകരണസമയത്തെ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു. ശാരീരികമായി ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന ആ സമയത്തും ഇർഫാൻ ഒറ്റ ടേക്കിൽ ഒട്ടും നിർത്താതെ ഏകദേശം 200 മീറ്റർ ഓടിയെന്ന് അഭിനയ് ഡിയോ സംസാരിച്ചു. എന്നാൽ ആ സമയത്ത് ഇർഫാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തനിക്ക് അറിയുമായിരുന്നില്ല. 'ബ്ലാക്ക്മെയിലിന്റെ' രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകളെക്കുറിച്ചും, ചികിത്സയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിച്ചു പ്രവർത്തിക്കുമെന്ന് പറഞ്ഞപ്പോൾ ഇർഫാൻ എങ്ങനെ പ്രതികരിച്ചു എന്നതിനെക്കുറിച്ചും സംവിധായകൻ സ്ക്രീനിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
അഭിനയിക്കുമ്പോൾ ഇർഫാൻ ചെയ്യുന്ന ചെറിയ കാര്യങ്ങൾ താൻ ശ്രദ്ധിക്കാറുണ്ടായിരുന്നുവെന്നും അത് തന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും അഭിനയ് ഓർത്തെടുത്തു. "അദ്ദേഹത്തെക്കുറിച്ച് പറയാൻ ഒരുപാടുണ്ട്. അദ്ദേഹം വളരെ സ്വാഭാവികമായി അഭിനയിക്കുന്ന ഒരു നടനായിരുന്നു, നമ്മുടെ രാജ്യം കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും മികച്ചവരിൽ ഒരാൾ. തന്റെ കഥാപാത്രങ്ങളെക്കുറിച്ച് അദ്ദേഹം ആഴത്തിൽ പഠിക്കുമായിരുന്നു, എന്നാൽ അദ്ദേഹം അത്രയധികം തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് നമുക്ക് ഒരിക്കലും മനസ്സിലാക്കാൻ കഴിയുമായിരുന്നില്ല. താൻ റിഹേഴ്സൽ ചെയ്ത കാര്യമാണ് ചെയ്യുന്നതെന്ന തോന്നൽ അദ്ദേഹം ഒരിക്കലും നൽകിയിരുന്നില്ല. വെള്ളം പോലെ ഒഴുകുന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിനയം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അഭിനയം കാണാൻ വളരെ മനോഹരമായിരുന്നു," 'ഡെൽഹി ബെല്ലി' സംവിധായകൻ പറഞ്ഞു.
Also Read: നമ്മൾ പ്രതീക്ഷിക്കുന്നതു തന്നെ സമ്മാനിക്കാനുള്ള യാതൊരു ബാധ്യതയും ജീവിതത്തിനില്ല
"ബ്ലാക്ക്മെയിലിൽ ഒരു രംഗമുണ്ടായിരുന്നു, അതിൽ അദ്ദേഹം ഒട്ടും നിർത്താതെ ഒറ്റ ടേക്കിൽ ഏകദേശം 200 മീറ്റർ ഓടേണ്ടതുണ്ടായിരുന്നു. ആ 200 മീറ്ററിനൊടുവിൽ അദ്ദേഹം നിന്നു അഭിനയിക്കണം, തന്റെ ഭാര്യയെ മറ്റൊരു പുരുഷനോടൊപ്പം കണ്ട ഒരാളുടെ മാനസിക സംഘർഷം മുഖത്ത് കാണിക്കണമായിരുന്നു. ആ രംഗം ചെയ്യാൻ വേറെ വഴിയില്ലാത്തതുകൊണ്ട് അദ്ദേഹം ഓടി. എന്നാൽ അദ്ദേഹം അന്ന് അസുഖബാധിതനായിരുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു." അഭിനയ് പറഞ്ഞു.
"ഞാൻ അദ്ദേഹത്തോട് പറഞ്ഞു, 'നോക്കൂ ഇർഫാൻ, ഈ ഷോട്ടിൽ നമുക്ക് ശരിയായാൽ വളരെ നല്ലത്, അല്ലെങ്കിൽ നമ്മൾ ഈ രംഗം വീണ്ടും എടുക്കേണ്ടി വരുമെന്ന്.' ശരി, നമുക്ക് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. അപ്പോഴും തനിക്ക് സുഖമില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞില്ല. ഇർഫാൻ ആ രംഗം ഒരിക്കൽ ചെയ്തു, രണ്ടാമതും ചെയ്തു, മൂന്നാമത്തെ ശ്രമത്തിൽ ഞാൻ പറഞ്ഞു, 'ക്ലോസ്-അപ്പ് ഫ്രെയിമുകൾക്കായി നമുക്ക് അവസാനമായി ഒരു ടേക്ക് കൂടി ചെയ്യാം.' അപ്പോൾ ഇർഫാൻ പറഞ്ഞു, 'അഭിനയ്, ഇതാണ് അവസാനത്തെ ടേക്ക്, കാരണം ഇതിനുശേഷം ഞാൻ വീണുപോയേക്കാം.' ഞാൻ ഞെട്ടിപ്പോയി, പാതിരാത്രിയായതുകൊണ്ട് അദ്ദേഹം ക്ഷീണിതനായിരിക്കുമെന്നാണ് ഞാൻ കരുതിയത്," അഭിനയ് കൂട്ടിച്ചേർത്തു.
ഷൂട്ട് കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് ഇർഫാന് കാൻസർ ആണെന്ന് തിരിച്ചറിഞ്ഞതെന്ന് അഭിനയ് പറഞ്ഞു. " ആ അവസ്ഥയിലും ആ മനുഷ്യൻ ഓടിക്കൊണ്ടേയിരുന്നു. ആ ഓർമകൾ ശരിക്കും പ്രത്യേകതയുള്ളവയാണ്, കാരണം അവ ജോലിയിൽ പൂർണമായും സമർപ്പിതനായ, തന്റെ കലയോട് തികഞ്ഞ ആത്മാർത്ഥത പുലർത്തിയ ഒരു മഹാനായ മനുഷ്യനെയാണ് ഓർമ്മിപ്പിക്കുന്നത്. ചിത്രീകരണത്തിന്റെ അവസാന സമയത്ത്, ഈ ചിത്രത്തിന്റെ വിജയത്തിൽ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നതിനാൽ ഞാൻ അദ്ദേഹവുമായി രണ്ടാം ഭാഗത്തെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചിരുന്നു. അദ്ദേഹം വളരെ ആവേശത്തിലായിരുന്നു, ചിത്രത്തിന്റെ റഫ് കട്ട് കണ്ട സമയത്ത് അദ്ദേഹത്തിന്റെ ആരോഗ്യം മോശമായെന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. ആ സമയത്ത് ഞാൻ അദ്ദേഹത്തോട് സംസാരിച്ചു, 'നോക്കൂ ഇർഫാൻ, നിങ്ങൾ എവിടെ പോയാലും, ജർമ്മനിയിലോ എവിടെയായാലും, പോയി സുഖം പ്രാപിച്ചു വേഗം തിരിച്ചുവരൂ, നമ്മൾ രണ്ടാം ഭാഗം ചെയ്യണം' എന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് ചെയ്യാമെന്ന് പറഞ്ഞു. എങ്കിലും, തന്റെ ആയുസ്സ് അവസാനിക്കാറായി എന്ന് എവിടെയോ അദ്ദേഹത്തിന് അറിയാമായിരുന്നു." അഭിനയ് പറഞ്ഞവസാനിപ്പിച്ചു.
ന്യൂറോ എൻഡോക്രൈൻ ട്യൂമറുമായുള്ള പോരാട്ടത്തിനൊടുവിൽ 2020 ഏപ്രിൽ 29-ന് 53-ാം വയസ്സിൽ ഇർഫാൻ അന്തരിച്ചു. 'ബ്ലാക്ക്മെയിൽ' പുറത്തിറങ്ങി കൃത്യം രണ്ട് വർഷത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മരണം.
2011-ൽ പുറത്തിറങ്ങിയ 'ഗെയിം' എന്ന ചിത്രത്തിലൂടെയാണ് അഭിനയ് ദിയോ സംവിധാന രംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് ഇമ്രാൻ ഖാൻ, വീർ ദാസ്, കുനാൽ റോയ് കപൂർ എന്നിവർ അഭിനയിച്ച ഡാർക്ക് കോമഡി ചിത്രമായ 'ഡെൽഹി ബെല്ലി' സംവിധാനം ചെയ്തു. പിന്നീട് ഇർഫാനുമൊത്തുള്ള 'ബ്ലാക്ക്മെയിലിന്' മുൻപായി ജോൺ എബ്രഹാമും സോനാക്ഷി സിൻഹയും പ്രധാന വേഷത്തിലെത്തിയ 'ഫോഴ്സ് 2' അദ്ദേഹം സംവിധാനം ചെയ്തു.
ഒക്ടോബർ 23-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത 'ദൂസ്ര'യുമായി അദ്ദേഹം ഇപ്പോൾ വലിയൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിൽ ലോർഡ്സിൽ നടന്ന 2002-ലെ ഇന്ത്യയുടെ ചരിത്രപ്രസിദ്ധമായ നാറ്റ്വെസ്റ്റ് ട്രോഫി ഫൈനൽ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, തനിക്ക് ചുറ്റുമുള്ള പുരുഷാധിപത്യ അന്തരീക്ഷത്തെ ധൈര്യത്തോടെ ചോദ്യം ചെയ്യാൻ തയ്യാറാകുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. പ്ലാബിത ബോർത്താക്കറാണ് ഈ സ്പോർട്സ് ഡ്രാമയിൽ പ്രധാന വേഷത്തിലെത്തിയത്.
Content Highlights: Director Abhinay Deo reminisced about the late actor Irrfan Khan, sharing experiences from the filming of "Blackmail." Despite facing physical challenges, Irrfan ran approximately 200 meters in a single take, showcasing his dedication.