നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടണമെന്നാവശ്യപ്പെട്ട് മുംബൈ പോലീസ്, നടപടി CJP പ്രതിഷേധത്തിൽ പങ്കെടുത്തതിന്

#മൂവി ഡെസ്ക്
ഇമ്രാൻ ഖാൻ | ഫോട്ടോ: AFP
ഇമ്രാൻ ഖാൻ | ഫോട്ടോ: AFP

ആമിർ ഖാന്റെ അനന്തരവനും ബോളിവുഡ് താരവുമായ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് മുംബൈ പോലീസ്. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒക്ടോബർ 10-ന് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്നാണിത്. ഈ മാസം 28-നകം ഇന്ത്യ വിടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യൻ പൗരനല്ലാത്ത ഒരാൾ രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്ന് ഫോറിനേഴ്‌സ് ആക്ട് അഥവാ ഇമിഗ്രേഷൻ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. യു.എസ് പൗരത്വമുള്ള ഇമ്രാൻ ഖാനെ ഉടൻ നാടുകടത്തണമെന്ന് ബി.ജെ.പി നേതാവ് കിരിത് സോമയ്യ ആവശ്യപ്പെട്ടിരുന്നു. ഒരു വിദേശ പൗരൻ രാജ്യത്ത് രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നത് ഉചിതമാണോ എന്ന് സോമയ്യ ചോദിച്ചിരുന്നു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് ഒത്തുകൂടിയവരിൽ ഇമ്രാനും ഉൾപ്പെടുന്നു. അദ്ദേഹത്തോടൊപ്പം പങ്കാളിയും നടിയുമായ ലേഖ വാഷിംഗ്ടണും കസിൻ സെയ്ൻ മേരി ഖാനും ഉണ്ടായിരുന്നു. പ്രകടനത്തിനിടയിൽ മുംബൈ പോലീസ് ഇവരെ മൂവരെയും കസ്റ്റഡിയിൽ എടുത്തിരുന്നു.

താൻ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രതിനിധിയായല്ല, മറിച്ച് മുംബൈയിലെ ഒരു സാധാരണ താമസക്കാരൻ എന്ന നിലയിലാണ് പ്രതിഷേധത്തിനെത്തിയതെന്ന് ഇമ്രാൻ ഖാൻ വ്യക്തമാക്കിയിരുന്നു. സഞ്ചാര സ്വാതന്ത്ര്യത്തിനും ജനങ്ങളുടെ ശബ്ദത്തിനും മേലുള്ള നിയന്ത്രണങ്ങളെയാണ് താൻ ചോദ്യം ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് അമേരിക്കൻ പൗരത്വമാണുള്ളതെന്നും മുൻപ് ഇന്ത്യൻ പാസ്‌പോർട്ടിനായി അപേക്ഷിച്ചിട്ടുണ്ടെന്നും വോട്ട് ചെയ്യാൻ സാധിച്ചില്ലെങ്കിലും തിരഞ്ഞെടുപ്പ് ബോധവത്കരണത്തിൽ പങ്കാളിയാകാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Content Highlights: Following his participation in a political protest in Mumbai against Chief Election Commissioner Gyanesh Kumar, actor Imran Khan has been issued a notice under the Immigration Act to leave India by October 28 due to his US citizenship status.