ഇളയരാജയ്ക്ക് തിരിച്ചടി; 'എൻ ഇനിയ പൊൻ നിലാവേ' കോപ്പിറൈറ്റ് കേസിലെ ഹൈക്കോടതി വിധിയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

മൂടു പനി എന്ന ചിത്രത്തിലെ എൻ ഇനിയ പൊൻ നിലാവേ (En Iniya Pon Nilave) എന്ന ഗാനത്തിന്റെ വരികളുടെയും സൗണ്ട് റെക്കോർഡിങ്ങിന്റെയും പകർപ്പവകാശ തർക്കത്തിൽ സംഗീത സംവിധായകൻ ഇളയരാജയ്ക്ക് തിരിച്ചടി നൽകിയ ഡൽഹി ഹൈക്കോടതി വിധിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഹൈക്കോടതി വിധിക്കെതിരെ ഇളയരാജ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ നിർണായക നിലപാട്
ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് അപ്പീൽ ഹർജി പരിഗണിക്കാൻ വിസമ്മതിച്ചത്. പ്രമുഖ സംഗീത കമ്പനിയായ സാരേഗമയ്ക്ക് (Saregama) അനുകൂലമായി പുറപ്പെടുവിച്ച മെയ് 26-ലെ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ഇളയരാജ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
ഒരു സിനിമാ നിർമ്മാണ കമ്പനി, ഇളയരാജയിൽ നിന്ന് ലൈസൻസ് ലഭിച്ചുവെന്ന് അവകാശപ്പെട്ട് ഈ ഗാനത്തിന്റെ പുനഃസൃഷ്ടിച്ച രൂപം (recreated version) തങ്ങളുടെ ചിത്രത്തിൽ ഉപയോഗിച്ചതാണ് തർക്കത്തിന് തുടക്കമിട്ടത്. എന്നാൽ 'മൂടു പനി' സിനിമയുടെ യഥാർത്ഥ നിർമാതാവിൽ നിന്നുള്ള അസൈൻമെന്റ് (assignment) വഴി ഗാനത്തിന്റെ പകർപ്പവകാശം തങ്ങൾക്കാണ് ലഭിച്ചതെന്ന് കാട്ടി സാരേഗമ ഇതിനെതിരെ എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു.
കേസ് പരിശോധിച്ച് ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ, ഗാനത്തിന്റെ ഈണത്തിലും സംഗീത ഘടകങ്ങളിലും മാത്രമാണ് ഇളയരാജയ്ക്ക് അവകാശമുള്ളതെന്നും, വരികളിലോ സൗണ്ട് റെക്കോർഡിങ്ങിലോ അദ്ദേഹത്തിന് പകർപ്പവകാശമില്ലെന്നും വ്യക്തമാക്കി. ഹൈക്കോടതിയുടെ മെയ് 21-ലെ സിംഗിൾ ബെഞ്ച് ഉത്തരവിനെ ഡിവിഷൻ ബെഞ്ച് പിന്നീട് ശരിവെക്കുകയായിരുന്നു.
Also Read: സരിഗമയുമായി കോപ്പിറൈറ്റ് തർക്കം: ഇളയരാജയ്ക്ക് തിരിച്ചടി, 134 പാട്ടുകളിൽ വിലക്കുമായി ഡൽഹി ഹൈക്കോടതി
മെയ് 21-ലെ വിധിയുടെ കൃത്യത ചോദ്യം ചെയ്തുകൊണ്ട് ഇളയരാജ സമർപ്പിച്ച പുനഃപരിശോധനാ ഹർജി മെയ് 26-ന് ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ അപ്പീൽ തള്ളിയതോടെ, വരികളുടെയും സൗണ്ട് റെക്കോർഡിംഗിന്റെയും പകർപ്പവകാശത്തിൽ ഹൈക്കോടതിയുടെ തീരുമാനം നിലനിൽക്കും.
സിനിമാ സംബന്ധമായ വാർത്തകളും ആർട്ടിക്കിളുകളും വായിക്കാനും വീഡിയോകൾ കാണാനും വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ: https://mbi.page.link/movie
Content Highlights: The Supreme Court of India refused to interfere with the Delhi High Court's order and dismissed music composer Ilaiyaraaja's appeal regarding the copyright ownership of the iconic song En Iniya Pon Nilave from the movie Moodu Pani, upholding Saregama's rights over the lyrics and sound recording.