IFFI 2026 | നിറഞ്ഞ സദസ്സിൽ ‘രാമായണ’; ‘സർവം മായ’യും ‘സ്വിച്ച് ഓഫും’ ഇന്ന് പ്രദർശനത്തിനെത്തും

പ്രതീകാത്മക ചിത്രം | Photo: Facebook/ World of Ramayana, Nivin Pauly
പ്രതീകാത്മക ചിത്രം | Photo: Facebook/ World of Ramayana, Nivin Pauly

പനജി: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മൂന്നാംദിനം ശ്രദ്ധനേടി നിതേഷ് തിവാരിയുടെ ‘രാമായണ’. നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ച ചിത്രത്തെ കൈയടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സംവിധായകൻ നിതേഷ് തിവാരിയും പ്രദർശനത്തിനെത്തി.

അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ കഴിഞ്ഞദിവസം പ്രദർശിപ്പിച്ച സ്പാനിഷ് ചിത്രം ‘പ്രേ ഫോർ അസ്’ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടി. ഡാനിയൽ മോൺസോൺ ഒരുക്കിയ ചിത്രം, സ്പെയിനിലെ ഫ്രാങ്കോ ഭരണകാലത്ത് കത്തോലിക്കാ സഭ നടത്തിയിരുന്ന പെൺകുട്ടികളുടെ കറക്ഷൻ ഹോമിലെ ക്രൂരതകളുടെ കഥപറയുന്നു. ലോകസിനിമാ വിഭാഗത്തിൽ പ്രദർശനത്തിനെത്തിയ സാന്ദ്ര വോൾനറുടെ ‘എവരിടൈം’ കൈയടിനേടി.

ഇന്ത്യൻ പനോരമ വിഭാഗത്തിൽ പി. ശേഷാദ്രി സംവിധാനം ചെയ്ത കന്നഡ ചിത്രം ‘റൂബി- ക്യൂബ്’, ഭരത്ബാലയുടെ ഹിന്ദി ചിത്രം ‘ബനാറസ്’, അസമീസ് ചിത്രം ‘സൂര്യമുഖി’ തുടങ്ങിയവ പ്രദർശിപ്പിച്ചു. ബനാറസ് സംഗീത സംവിധായകൻ എ.ആർ. റഹ്‌മാനും വേദിയിലെത്തി.

അഖിൽ സത്യൻ സംവിധാനം ചെയ്ത മലയാള ചിത്രം ‘സർവം മായ’ തിങ്കളാഴ്ച ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കും. സംവിധായകനും നടനുമായ ബേസിൽ ജോസഫും ബോളിവുഡ് സംവിധായകൻ അയാൻ മുഖർജിയും പങ്കെടുക്കുന്ന ‘ഇൻ- കോൺവർസേഷൻ’ സെഷനും നടക്കും.

നോൺ ഫീച്ചർ വിഭാഗത്തിൽ സന്ദീപ് ഫ്രാൻസിസ് സംവിധാനം ചെയ്ത ‘സ്വിച്ച് ഓഫ്‌’ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ‘ദി ഹണ്ട്രസ്’ ‘ദി റിവർ ട്രെയിൻ’ എന്നീ ചിത്രങ്ങൾ തിങ്കളാഴ്ച പ്രദർശനത്തിനെത്തും.

Content Highlights: Nitesh Tiwari's film Ramayana received strong applause from a packed audience on the third day of IFFI in Panaji. AR Rahman attended the Indian Panorama screening of Bharatbala's Hindi film Banaras. Akhil Sathyan's Malayalam film Sarvam Maya and Sandeep Francis's non-feature film Switch Off will be screened on Monday. Actor-director Basil Joseph and filmmaker Ayan Mukerji will participate in an In-Conversation session at the festival. International competition films The Huntress and The River Train are also scheduled for Monday screenings.