'ധര്‍മേന്ദ്രയുടെ നടക്കാതെ പോയ ആഗ്രഹം'; പ്രാര്‍ഥനാ യോഗത്തില്‍ വിതുമ്പി ഹേമ മാലിനി, ആശ്വസിപ്പിച്ച് മക്കള്‍

നടന്‍ ധര്‍മ്മേന്ദ്രയുടെ വിയോഗത്തിന് പിന്നാലെ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ യോഗത്തില്‍ കണ്ണീര്‍ അടക്കാനാവാതെ ഭാര്യയും നടിയും എംപിയുമായ ഹേമ മാലിനി. ധര്‍മ്മേന്ദ്രയുടെ മരണത്തെ ആര്‍ക്കും ആശ്വസിപ്പിക്കാന്‍ കഴിയാത്തത്ര ദുഃഖവും ഞെട്ടലുമുണ്ടാക്കിയെന്ന് അവര്‍ പറഞ്ഞു. നടക്കാതെപോയ ധര്‍മേന്ദ്രയുടെ സ്വപ്‌നത്തെക്കുറിച്ചും പ്രാര്‍ഥനാ യോഗത്തില്‍ അവര്‍ വെളിപ്പെടുത്തി. ജന്‍പഥിലെ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററിലാണ് പ്രാര്‍ത്ഥനാ യോഗം നടന്നത്. ഹേമ മാലിനിയുടെ വികാരഭരിതമായ പ്രസംഗത്തിനിടെ മക്കളായ ഈഷാ ഡിയോളും അഹാന ഡിയോളും അവരെ ആശ്വസിപ്പിക്കാനെത്തി.
'ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്നു, എന്നാല്‍ എനിക്കത് താങ്ങാനാവാത്ത ദുഃഖമാണ്. കാലത്തെ അതിജീവിച്ച ഒരു പങ്കാളിയുടെ വേര്‍പാട്' - കണ്ണീര്‍ അടക്കിപ്പിടിച്ചുകൊണ്ട് ഹേമാ മാലിനി പറഞ്ഞു. 'കാലക്രമേണ, അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ മറഞ്ഞിരുന്ന ഒരു ഭാഗം പുറത്തുവന്നു... അദ്ദേഹം ഉര്‍ദു കവിതകള്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍. അദ്ദേഹത്തിന്റെ പ്രത്യേകത അതായിരുന്നു. ഏത് സാഹചര്യത്തിലും കവിത എഴുതാന്‍ അദ്ദേഹത്തിന് സാധിക്കും. ഇതായിരുന്നു അദ്ദേഹത്തിന്റെ കഴിവ്. ഞാന്‍ പലപ്പോഴും അദ്ദേഹത്തോട് ഒരു പുസ്തകം എഴുതാന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് അത് ഇഷ്ടപ്പെടുമായിരുന്നു. അദ്ദേഹം അതിനെക്കുറിച്ച് വളരെ ഗൗരവമായി ചിന്തിക്കുകയും മുന്നൊരുക്കം നടത്തുകയും ചെയ്തിരുന്നു. പക്ഷേ അത് നടക്കാതെപോയി' ഹേമ കൂട്ടിച്ചേര്‍ത്തു.
'സിനിമകളില്‍ പ്രണയ രംഗങ്ങളില്‍ അഭിനയിച്ച വ്യക്തിയാണ് എന്റെ ജീവിത പങ്കാളിയായത്. ഞങ്ങളുടെ പ്രണയം സത്യമായിരുന്നു. അതിനാല്‍ ഏത് സാഹചര്യത്തെയും നേരിടാനുള്ള ധൈര്യം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. ഞങ്ങള്‍ വിവാഹിതരായി. അദ്ദേഹം വളരെ അര്‍പ്പണബോധമുള്ള പങ്കാളി ആയിരുന്നു. അദ്ദേഹം എനിക്ക് പ്രചോദനവും ശക്തമായ പിന്തുണയും നല്‍കി ഓരോ നിമിഷവും എന്റെ കൂടെ നിന്നു.' - ഹേമ മാലിനി പറഞ്ഞു.
ഡല്‍ഹിയില്‍ നടന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മ്മല സീതാരാമന്‍, കിരണ്‍ റിജിജു, കങ്കണ റണാവത്ത് എംപി എന്നിവരടക്കം നിരവധി പ്രമുഖരാണ് പങ്കെടുത്തത്.
ധര്‍മ്മേന്ദ്രയുടെ രണ്ടാം ഭാര്യയാണ് ഹേമ മാലിനി. പ്രകാശ് കൗറിനെയാണ് അദ്ദേഹം ആദ്യം വിവാഹം കഴിച്ചത്. 1954ല്‍ വിവാഹിതരായ പ്രകാശിനും ധര്‍മ്മേന്ദ്രയ്ക്കും സണ്ണി, ബോബി, വിജേത, അജീത എന്നിവരാണ് മക്കളായി ഉള്ളത്. ഹേമയ്ക്കും ധര്‍മ്മേന്ദ്രയ്ക്കും ഈഷ, അഹാന എന്നീ രണ്ട് പെണ്‍മക്കളുമുണ്ട്.
നവംബര്‍ 24ന് 89-ാം വയസിലാണ് ധര്‍മ്മേന്ദ്ര അന്തരിക്കുന്നത്. അദ്ദേഹത്തിന്റെ 90-ാം ജന്മദിനം ഡിസംബര്‍ 8-ന് വരാനിരിക്കെ ആയിരുന്നു വിയോഗം. ഈ മാസം ആദ്യം ചികിത്സ കഴിഞ്ഞ് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിവിട്ട അദ്ദേഹം വീട്ടില്‍ വിശ്രമത്തിലായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ നവംബര്‍ 25-ന് മുംബൈയില്‍ നടന്നു.
Content Highlights: Hema Malini emotionally remembers husband Dharmendra at a Delhi prayer meet, revealing his unfinished book dream. Daughters Esha & Ahana by her side