എട്ടുവയസ്സ് വ്യത്യാസം, ഗ്രേസിനെ താൻ 'ഗ്രൂം' ചെയ്‌തെടുത്തതാണെന്ന് എബി ടോം സിറിയക്; വ്യാപകവിമർശനം

#Movies Desk
എബി ടോം സിറിയക്കും ഗ്രേസ് ആന്റണിയും | ഫോട്ടോ: മാതൃഭൂമി
എബി ടോം സിറിയക്കും ഗ്രേസ് ആന്റണിയും | ഫോട്ടോ: മാതൃഭൂമി

യൂട്യൂബ് ചാനൽ അഭിമുഖത്തിൽ സംഗീതസംവിധായകനും നടി ഗ്രേസ് ആന്റണിയുടെ ജീവിതപങ്കാളിയുമായ എബി ടോം സിറിയക് നടത്തിയ പരാമർശത്തിനെതിരേ വ്യാപകവിമർശനം. ഗ്രേസുമായുള്ള പ്രണയകഥ തുറന്നുപറഞ്ഞപ്പോൾ എബി നടത്തിയ പരാമർശമാണ് സാമൂഹികമാധ്യമങ്ങളിൽ വിമർശനത്തിന് ഇടയാക്കിയത്. 18 വയസ്സിൽ പരിചയപ്പെട്ട ഗ്രേസിനെ തനിക്കുവേണ്ട രീതിയിൽ മാറ്റിയെടുക്കുകയായിരുന്നുവെന്ന എബിയുടെ വാക്കുകളാണ് വിമർശനത്തിന് ഇടയാക്കിയത്.

'18-ാം വയസ്സിലാണ് ഞങ്ങൾ പരിചയപ്പെടുന്നത്. 19 വയസ്സിലൊക്കെയാണ് ഞങ്ങൾ പ്രണയത്തിലാവുന്നത്. അന്ന് ഒന്നും അറിയാത്ത കൊച്ചുകുട്ടിയാണ്. ഞാൻ എനിക്കുവേണ്ട രീതിയിൽ ഗ്രൂം ചെയ്‌തെടുത്തതാണ്', എന്നായിരുന്നു എബിയുടെ വാക്കുകൾ. ഇതുകേട്ട ഗ്രേസ്, 'വളർത്തിയെടുത്തു' എന്നുകൂടെ കൂട്ടിച്ചേർത്തു. എബി പറഞ്ഞുനിർത്തിയതും തമാശയെന്നോണം അവതാരകയുൾപ്പെടെ മൂന്നുപേരും പൊട്ടിച്ചിരിച്ചു.

അഭിമുഖത്തിൽനിന്നുള്ള ഭാഗം സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിമർശനം കടുത്തത്. തനിക്കുവേണ്ടി പങ്കാളിയെ മാറ്റിയെടുത്തെന്ന് അവകാശപ്പെടുന്നതിലെ സ്ത്രീവിരുദ്ധതയുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് വിമർശനം. തങ്ങൾ തമ്മിൽ എട്ടുവയസ്സിന്റെ വ്യത്യാസമുണ്ടെന്നും എബി തന്നെ അഭിമുഖത്തിൽ പറയുന്നുണ്ട്. ഇതടക്കം വിമർശകർ ചൂണ്ടിക്കാട്ടുന്നു. പ്രണയത്തിലായിരിക്കുന്ന ഒരാളുടെ വ്യക്തിത്വത്തെ മാനിക്കാത്തതും തുല്യതയ്ക്ക് എതിരുമാണ് എബിയുടെ പ്രസ്താവനയെന്നാണ് ആളുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇരുവർക്കും അതിൽ തെറ്റൊന്നും കാണാൻ സാധിക്കുന്നില്ലെങ്കിൽപ്പോലും മറ്റൊരാളെ തനിക്കുവേണ്ടി മാറ്റിയെടുത്തുവെന്നത് തമാശയായി അവതരിപ്പിച്ച് പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്തതാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ഇത്തരം പരാമർശങ്ങളെ ഒരിക്കലും കാൽപനികവത്കരിക്കാൻ പാടില്ലെന്നും വിമർശകർ അഭിപ്രായപ്പെടുന്നു.

അതേസമയം, വിമർശകർക്ക് പരോക്ഷമറുപടിയമായി ഗ്രേസ് ആന്റണി എത്തി. എബിയെ ടാഗ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീലിന്റെ ക്യാപ്ഷനിലാണ് ഗ്രേസിന്റെ മറുപടി. 'പെർഫെക്ട് ഗ്രൂമിങ് ഏട്ടായി' എന്നായിരുന്നു ഗ്രേസിന്റെ അടിക്കുറുപ്പ്. സുഹൃത്തുക്കൾക്കൊപ്പം ഗ്രേസും എബിയും കാറിൽ സഞ്ചരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ഗ്രേസാണ് കാർ ഓടിക്കുന്നത്. 'കൂലി'യിലെ 'പവർഹൗസ്' എന്ന പാട്ട് പശ്ചാത്തലത്തിൽ കേൾക്കാം. ഗ്രേസിന്റെ ക്യാപ്ഷനെതിരേയും വ്യാപകവിമർശനമാണ് ഉയരുന്നത്.

കഴിഞ്ഞവർഷം സെപ്റ്റംബറിലായിരുന്നു ഗ്രേസ് ആന്റണി- എബി ടോം സിറിയക് വിവാഹം. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ എബി സിറിയക് തോമസിന്റേയും ഷാജി സിറിയകിന്റേയും മകനാണ്. മ്യൂസിക് പ്രോഗ്രാമറും അറേഞ്ചറും കൂടിയായ എബി, ഒട്ടേറെ മലയാളം ചിത്രങ്ങളുടെ സംഗീതവിഭാഗത്തിൽ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. സ്വതന്ത്രസംഗീതസംവിധായകനെന്ന നിലയിൽ ഏഴോളം ചിത്രങ്ങളിൽ പ്രവർത്തിച്ച എബി, പൃഥ്വിരാജ് നായകനായ 'പാവാട'യിലെ പാട്ടുകളിലൂടെയാണ് ശ്രദ്ധേയനായത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Grace (@grace_antonyy)

ഒമർ ലുലു സംവിധാനംചെയ്ത 'ഹാപ്പി വെഡ്ഡിങ്ങി'ലൂടെയായിരുന്നു ഗ്രേസ് ആന്റണിയുടെ അരങ്ങേറ്റം. 'കുമ്പളങ്ങി നൈറ്റ്സി'ലെ വേഷം ഗ്രേസിനെ കൂടുതൽ ശ്രദ്ധേയയാക്കി. 'ജോർജേട്ടൻസ് പൂരം', 'തമാശ', 'ഹലാൽ ലവ് സ്റ്റോറി', 'കനകം കാമിനി കലഹം', 'റോഷാക്ക്' എന്നിവയിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. റാം സംവിധാനം ചെയ്ത തമിഴ് ചിത്രം 'പറന്തു പോ' ആണ് ഗ്രേസിന്റേതായി അവസാനം തീയേറ്ററിലെത്തിയ ചിത്രം. 'എക്സ്ട്രാ ഡീസന്റ്' ആണ് അവസാനം റിലീസ് ചെയ്ത മലയാള ചിത്രം. മഹേഷ് നാരായണന്റെ മമ്മൂട്ടി- മോഹൻലാൽ ചിത്രം 'പേട്രിയറ്റി'ൽ ഗ്രേസ് പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്.

Content Highlights: Aby Tom Cyriac claimed he groomed Grace Antony after meeting her at 18. The statement sparked widespread criticism for perceived misogyny and lack of partner respect. Grace Antony attempted to deflect criticism with a social media post. The couple has faced significant public scrutiny over these remarks