‘ചുറ്റുമുള്ളവർ എന്റെ കഴിവിനെ സംശയിച്ചപ്പോൾ എന്നെ വിശ്വസിച്ചത് ഒരേയൊരാൾ’; കണ്ണീരണിഞ്ഞ് ഗീതു മോഹൻദാസ്

ടോക്സിക് എന്ന ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ചിൽ വൈകാരികമായി സംസാരിച്ച് സംവിധായിക ഗീതു മോഹൻദാസ്. നടൻ യഷ്, അണിയറപ്രവർത്തകർ എന്നിവരെക്കുറിച്ചെല്ലാം അവർ വാചാലയായി. എപ്പോഴും തന്റെ കൂടെയുള്ളവരോട് വലിയ സ്നേഹമുണ്ടെന്നും, രാത്രി രണ്ടു മണിക്ക് വിളിച്ചാൽ പോലും താൻ അവരുടെ സഹായത്തിന് ഒപ്പമുണ്ടാകുമെന്നും ഗീതു വേദിയിൽ വ്യക്തമാക്കി. ശനിയാഴ്ചയാണ് ടോക്സിക് എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങിയത്.
വേദിയിലേക്ക് അവതാരകൻ ഗീതുവിനെ സ്വാഗതം ചെയ്തപ്പോൾ കാണികൾ വലിയ ആവേശത്തോടെയാണ് അവരെ സ്വീകരിച്ചത്. കന്നഡയിൽ തയ്യാറാക്കിയ പ്രസംഗം മറന്നുപോയതിനാൽ താൻ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ സംസാരിക്കുകയാണെന്ന് പറഞ്ഞാണ് ഗീതു തന്റെ വാക്കുകൾ ആരംഭിച്ചത്. വർഷങ്ങളായി തന്റെ മകളെ സ്നേഹത്തോടെ നോക്കുന്ന തന്റെ അമ്മയ്ക്ക് അവർ ആദ്യം നന്ദി പറഞ്ഞു. തന്റെ മകൾക്ക് ഉയരങ്ങളിൽ പറക്കാൻ വേണ്ടിയാണ് അമ്മ പേരക്കുട്ടിയെ നോക്കിയതെന്നും, വീട്ടിലുള്ള കുടുംബാംഗങ്ങളുടെ പിന്തുണ എത്രത്തോളം വലുതാണെന്നും അവർ ഓർമ്മിപ്പിച്ചു.
സിനിമയിലെ അഭിനേതാക്കളിൽ ഒരാളായ വെനൂത്സയെക്കുറിച്ച് ഗീതു മോഹൻദാസ് വേദിയിൽ പ്രത്യേകം പരാമർശിച്ചു. എല്ലാ ഇംഗ്ലീഷ് ഡയലോഗുകളും കൃത്യമായി മനഃപാഠമാക്കുന്ന ഒരേയൊരു നടൻ അദ്ദേഹമാണെന്ന് അവർ പറഞ്ഞു. ചിലർ സിനിമകൾ നിർമ്മിക്കുമ്പോൾ, വെനൂത്സ സിനിമകൾ ഹൃദയത്തോടും സത്യസന്ധതയോടും കൂടി നിർമിക്കാൻ സാധ്യമാക്കുകയാണ് ചെയ്യുന്നത്. സിനിമയ്ക്ക് ആവശ്യമായതെല്ലാം നൽകുകയും ടീമിൽ പൂർണ വിശ്വാസമർപ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ പിന്തുണയ്ക്ക് ഗീതു നന്ദി അറിയിച്ചു.
ഒരു സിനിമ രൂപപ്പെടുന്നതിന് പിന്നിൽ നൂറുകണക്കിന് തീരുമാനങ്ങളും മണിക്കൂറുകൾ നീണ്ട അദൃശ്യമായ കഠിനാധ്വാനവുമുണ്ടെന്ന് ഗീതു അഭിപ്രായപ്പെട്ടു. ആ അധ്വാനത്തെ പ്രേക്ഷകർക്ക് മുന്നിൽ വളരെ ലളിതമായി തോന്നിപ്പിക്കുന്നതിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ വിജയം അടങ്ങിയിരിക്കുന്നതെന്നും അവർ വ്യക്തമാക്കി.
നടൻ യഷിനെ (Yash)കുറിച്ച് ഗീതു വാചാലയായി. യഷിനൊപ്പം പ്രവർത്തിക്കുന്നത് എങ്ങനെയുള്ള അനുഭവമാണെന്ന് പലരും തന്നോട് ചോദിക്കാറുണ്ടെന്ന് ഗീതു പറഞ്ഞു. തന്റെ പ്രിയപ്പെട്ട നിർമാതാവോ, മികച്ച നടനോ, അല്ലെങ്കിൽ സഹ-തിരക്കഥാകൃത്തോ മാത്രമല്ല യഷ്, മറിച്ച് അതൊരു ആഴത്തിലുള്ള വികാരമാണെന്ന് ഗീതു കൂട്ടിച്ചേർത്തു. ഈ സിനിമയ്ക്ക് ശേഷം തന്റെ വഴി എങ്ങോട്ടാണെന്ന് അറിയില്ലെങ്കിലും, ജീവിതത്തിൽ ഇനി എന്തുണ്ടാക്കിയാലും യഷ് തന്റെയുള്ളിൽ എപ്പോഴും ഉണ്ടായിരിക്കും. പലരും തന്റെ കഴിവിനെ സംശയിച്ചപ്പോൾ തന്നിൽ വിശ്വാസമർപ്പിച്ച ഒരേയൊരാൾ യഷ് ആയിരുന്നു. ഈ സിനിമയുടെ യാത്രയിൽ തനിക്ക് ഏറ്റവും വലിയ പ്രചോദനം തന്നത് യഷ് ആണെന്നും ഗീതു കൂട്ടിച്ചേർത്തു.
"യഷിനെക്കുറിച്ച് എടുത്തുപറയണം. ഈ സിനിമയുടെ യാത്രയിൽ എനിക്ക് ഏറ്റവും വലിയ പ്രചോദനം തന്നത് യഷ് ആണ്. അദ്ദേഹവുമായുള്ള ഓരോ സംഭാഷണവും എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു. ഈ സിനിമയ്ക്ക് ശേഷവും യഷിന്റെ ഒരു ഭാഗം എന്നോടൊപ്പം എപ്പോഴും ഉണ്ടാകും. അത്രമാത്രം ഇൻഫ്‌ളുവൻസ് യഷിനുണ്ട്. ചുറ്റുമുള്ള എല്ലാവരും എന്റെ കഴിവിലും കാര്യപ്രാപ്തിയിലും സംശയം പ്രകടിപ്പിച്ചപ്പോൾ എന്നിൽ പൂർണമായും വിശ്വാസമർപ്പിച്ച ഒരേയൊരാൾ യഷ് മാത്രമാണ്. അതിന് അദ്ദേഹത്തോട് വലിയൊരു നന്ദി പറയണം. അതുപോലെ ഈ സിനിമയുടെ ഭാഗമായി നിന്ന നൂറുകണക്കിന് ആളുകളോടും ഹൃദയംതൊട്ട് നന്ദി അറിയിക്കുന്നു." ഗീതു മോഹൻദാസ് പറഞ്ഞു.
കഴിഞ്ഞദിവസമാണ് 'ടോക്‌സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങിയത്. ഇതുവരെ കാണാത്ത ലുക്കിലാണ് ചിത്രത്തിൽ യഷിനെ അവതരിപ്പിച്ചിരിക്കുന്നത്. റായ, ടിക്കറ്റ് എന്നീ വേഷങ്ങളിലാണ് യഷ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ഗീതു മോഹൻദാസാണ്. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി, സുദേവ് നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
യഷും ഗീതു മോഹൻദാസും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗോപൻ ചിദംബരമാണ് ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. രവി ബസ്രൂർ, വിശാൽ മിശ്ര, തനിഷ്ക് ബാഗ്ചി എന്നിവരാണ് സംഗീത സംവിധാനം. ജെ.ജെ. പെറി, അൻപറിവ്, കെച്ച കംഫാക്ഡീ, അമൃത് സിംഗ് എന്നിവരാണ് സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്.
കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. കെ.വി.എൻ. പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Content Highlights: At the Toxic trailer launch, director Geethu Mohandas delivered an emotional speech thanking her family and crew, while revealing that superstar Yash was the only person who truly believed in her abilities when others doubted her.