ഫർഹാന്റെ ഡോൺ 3യിൽ നിന്ന് പിന്മാറി, രൺവീറിനോട് 40 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട്

'ഡോൺ 3'-യിൽ നിന്ന് നടൻ രൺവീർ സിങ് പിന്മാറിയതിനെ തുടർന്ന് ഫർഹാൻ അക്തറിന്റെ എക്‌സൽ എന്റർടെയ്‌മെന്റ് 40 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട്. ഡിസംബറിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിൽനിന്ന് രൺവീർ പിന്മാറിയതോടെ വലിയ സാമ്പത്തിക നഷ്ടമുണ്ടായതായി നിർമാണ കമ്പനി ചൂണ്ടിക്കാണിക്കുന്നു. ഷെഡ്യൂളിങ്, ആസൂത്രണം, മറ്റ് കാര്യങ്ങളുമായി ബന്ധപ്പെട്ട കാലതാമസം എന്നിവയ്ക്കുള്ള നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
തിരക്കഥയിൽ തൃപ്തനല്ലാത്തതിനാലാണ് പ്രൊജക്ടിൽനിന്ന് പിന്മാറിയതെന്ന് രൺവീർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ രൺവീർ പലതവണ മാറ്റങ്ങൾ ആവശ്യപ്പെപ്പെടുകയും ഫൈനൽ ഡ്രാഫ്റ്റിൽ അതൃപ്തി പ്രകടിപ്പിക്കുകയുമായിരുന്നുവെന്നും രൺവീർ അംഗീകാരം നൽകിയതിനുശേഷം മാത്രമാണ് പ്രീ പ്രൊഡക്ഷനുമായി മുന്നോട്ടു പോയതെന്നും നിർമാണ കമ്പനി വ്യക്തമാക്കുന്നു.
രൺവീർ സിങ്ങും എക്‌സൽ എന്റർടെയ്ൻമെന്റും തമ്മിൽ രണ്ടു മണിക്കൂർ നീണ്ട കൂടിക്കാഴ്ച്ച നടത്തിയെന്നും എന്നാൽ യാതൊരു തീരുമാനമായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തർക്കം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് പ്രശ്‌നപരിഹാരത്തിനായി ഇടപെട്ടിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലും ഒട്ടേറെ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. പലരും രൺവീറിനെ പിന്തുണച്ചാണ് കുറിപ്പ് പങ്കുവെച്ചത്. 'അവർക്ക് രൺവീർ സിങ്ങിൽ നിന്ന് രേഖാമൂലമുള്ള ഒന്നും ലഭിച്ചിട്ടില്ലെങ്കിൽ ഒരു കേസ് പോലും ഉണ്ടാകില്ല' എന്നാണ് ഒരാൾ കുറിച്ചത്. 'രൺവീർ ഒരു കരാർ തുക വാങ്ങിയിട്ടുണ്ടെങ്കിൽ ടീസറിനായി ചെലവഴിച്ച സമയം കഴിച്ച് ആ തുക മാത്രം തിരികെ നൽകിയാൽ മതി. അല്ലാതെ മറ്റെന്തെങ്കിലും നൽകേണ്ടതില്ല. ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം പിന്മാറിയിരുന്നു' എന്നാണ് മറ്റൊരാളുടെ പ്രതികരണം.
'ഉയർന്ന ബജറ്റുള്ള ചിത്രങ്ങൾക്കുപോലും 40 കോടി രൂപ പ്രീ പ്രൊഡക്ഷന് സാധാരണ വരില്ല. പ്രീ പ്രൊഡക്ഷനിൽ സാധാരണയായി തിരക്കഥ വികസനം, കാസ്റ്റിങ്, ലൊക്കേഷൻ കണ്ടെത്തൽ, ടീമിനെ നിയമിക്കൽ, ബ്ജറ്റ് തയ്യാറാക്കൽ, സ്റ്റോറിബോർഡിങ്, പ്രൊഡക്ഷൻ ഡിസൈൻ എന്നിവ ഉൾപ്പെടുന്നു. ഈ ഘട്ടത്തിൽ 40 കോടി രൂപ ചെലവഴിക്കുന്നത് അമിതമാണെന്ന് തോന്നുന്നു. എങ്ങനെയാണ് അവർ ഇങ്ങനെയൊരു സാഹചര്യത്തിൽ എത്തിയത്?' മറ്റൊരു ഉപയോക്താവ് കുറിച്ചു.
2023-ൽ എക്‌സൽ എന്റർടെയ്‌മെന്റ് രൺവീറിനെ ഉൾപ്പെടുത്തിയുള്ള ഒരു ടീസറിനൊപ്പം ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ചിത്രീകരണം നടന്നില്ല. രൺവീറിന് പകരം ഒരാളെ കണ്ടെത്താൻ വൈകുന്നതുകൊണ്ടാണ് ചിത്രീകരണം നീണ്ടുപോകുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ രൺവീർ സിങ്ങോ എക്‌സൽ എന്റർടെയ്ൻമെന്റോ വിഷയത്തിൽ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.
Content Highlights: farhan akhtar demands rs 40 crore from ranveer singh for walking out of don 3