ആരാധകൻ മുഖത്തേക്ക് മദ്യം തെറിപ്പിച്ചു, ക്ഷുഭിതയായി തിരിച്ച് മൈക്കുകൊണ്ടെറിഞ്ഞ് ഗായിക | വീഡിയോ

സംഗീത പരിപാടിക്കിടെ ആരാധകരിൽ നിന്ന് ഗായകർക്ക് നല്ലതും ചീത്തയുമായ അനുഭവങ്ങൾ ഉണ്ടാവാറുണ്ട്. അമേരിക്കൻ റാപ് ഗായിക കാർഡി ബിക്ക് ഒരു ആരാധകനിൽ നിന്നും ഈയിടെ നേരിട്ടത് അത്ര നല്ല അനുഭവമല്ല. ആരാധകന്റെ മോശം പെരുമാറ്റത്തിൽ ക്ഷുഭിതയായ താരം ഒരു നിമിഷംപോലും പാഴാക്കാതെയാണ് മറുപടി നൽകിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ശനിയാഴ്ചയാണ് സോഷ്യൽ മീഡിയയെ ഒന്നടങ്കം അമ്പരപ്പിച്ച നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തന്റെ ഹിറ്റ് ഗാനമായ ബോഡാക് യെല്ലോ എന്ന ഗാനം അവതരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു കാർഡി. ഇതിനിടയിലാണ് സംഗീതപരിപാടിക്കെത്തിയ മുൻനിരയിലുണ്ടായിരുന്ന കാണികളിലൊരാൾ ഗായികയ്ക്ക് നേരെ ഗ്ലാസിലിരുന്ന മദ്യം എറിഞ്ഞത്. ഒന്ന് ഞെട്ടിയ കാർഡി പാട്ട് നിർത്തി മദ്യം എറിഞ്ഞ ആരാധകന് നേരെ മൈക്ക് വലിച്ചെറിയുകയുമായിരുന്നു.
അധികം താമസിയാതെ സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്ന് ഇയാളെ പരിപാടി നടക്കുന്ന വേദിക്കരികിൽ നിന്ന് പിടിച്ചുകൊണ്ടുപോയി. സംഭവത്തിന്റെ വീഡിയോ കാട്ടുതീപോലെ പടരാൻ അധികം സമയമൊന്നും എടുത്തില്ല. രണ്ട് വീഡിയോകളാണ് പുറത്തുവന്നവയിൽ പ്രധാനപ്പെട്ടത്. മൈക്ക് എറിഞ്ഞശേഷം ആരാധകനോട് ക്ഷുഭിതയായി സംസാരിക്കുന്ന കാർഡിയേയാണ് വീഡിയോയിൽ കാണാനാവുക. അതേസമയം എവിടെയാണ് ഈ സംഭവം നടന്നതെന്ന് വ്യക്തമായിട്ടില്ല.
ഈ മാസം വിയന്നയിൽവെച്ച് സമാനരീതിയിലുള്ള അനുഭവം ഗാനരചയിതാവ് ഹാരി സ്റ്റൈല്‍സും നേരിട്ടിരുന്നു. സംഗീതപരിപാടിക്കിടെ അദ്ദേഹത്തിന് മുഖത്ത് അടിയേൽക്കുകയായിരുന്നു.
Content Highlights: Fan throws drink at Cardi B during concert, Cardi B hurls her mic at him video viral