ഫഹദ് എന്നെ ചേട്ടനെന്ന് വിളിച്ചതിൽ സന്തോഷം, ഇനിയതുമാറ്റി സാർ എന്നാക്കരുത് -സൂര്യ

ഫഹദ് ഫാസിലിനെ വാനോളം പുകഴ്ത്തി തമിഴ് സൂപ്പർതാരം സൂര്യ. ഫഹദ് നായകനാകുന്ന ഡോണ്ട് ട്രബിൾ ദ ട്രബിൾ എന്ന ചിത്രത്തിന്റെ തമിഴ്നാട് പ്രൊമോഷൻ ചടങ്ങിലാണ് സംഭവം. ഫഹദുമായുള്ള ആഴത്തിലുള്ള വ്യക്തിബന്ധത്തെക്കുറിച്ചും അദ്ദേഹത്തിന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളെക്കുറിച്ചും വേദിയിൽ സൂര്യ വൈകാരികമായി സംസാരിച്ചു. ചടങ്ങിൽ സംസാരിക്കവെ, ഫഹദ് തന്നെ 'അണ്ണാ' എന്ന് വിളിച്ചതിലുള്ള സന്തോഷം സൂര്യ പങ്കുവച്ചു.
ഡോണ്ട് ട്രബിൾ ദ ട്രബിളിന്റെ പ്രചാരണച്ചടങ്ങിൽ സംസാരിക്കവേ മുഖ്യാതിഥിയായ സൂര്യയെ ചേട്ടൻ എന്നാണ് ഫഹദ് ഫാസിൽ വിശേഷിപ്പിച്ചത്. ഇതേക്കുറിച്ചാണ് സൂര്യ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചത്. നമ്മളെ എപ്പോഴും ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും എന്നതാണ് സിനിമയുടെ ഭംഗിയെന്ന് സൂര്യ പറഞ്ഞു. ഒരിക്കലും വിചാരിക്കാത്ത കോമ്പിനേഷനാണ് രാജമൗലിയുടെ പ്രൊഡക്ഷനിൽ ഫഹദ് അഭിനയിക്കുന്നത്. ഫഹദ് അണ്ണാ എന്ന് വിളിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ട്; അങ്ങനെ അണ്ണാ എന്ന് വിളിച്ചിട്ട് പിന്നീട് അത് മാറ്റി 'സർ' എന്ന് വിളിക്കരുതെന്ന് സൂര്യ സരസമായി ആവശ്യപ്പെട്ടു.
"ഞങ്ങൾ രണ്ടുപേരും തമ്മിൽ ഒരുപാട് സംസാരിച്ചിട്ടുണ്ട്, ഒന്നിച്ച് ഒരുപാട് സമയം ചെലവഴിച്ചിട്ടുമുണ്ട്. രാവിലെയെന്നോ ഉച്ചയെന്നോ വൈകുന്നേരമെന്നോ പാതിരാത്രിയെന്നോ വ്യത്യാസമില്ലാതെ ഞങ്ങൾ സംസാരിച്ചിരുന്ന എത്രയോ ഓർമകളുണ്ട്. ഞങ്ങളുടെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ചും ഞങ്ങൾ നേരിട്ട സമാനതകളെക്കുറിച്ചുമൊക്കെ ഞങ്ങൾ ഒരുപാട് സംസാരിച്ചിട്ടുണ്ട്. ഞങ്ങൾക്കൊന്നും അത്ര എളുപ്പത്തിൽ കിട്ടിയതല്ല. ഒരുപാട് വീണും മുട്ടുപൊട്ടിയുമൊക്കെ തന്നെയാണ് ഒടുവിൽ എഴുന്നേറ്റ് നിൽക്കാൻ പഠിച്ചത്. ആ ഓർമ്മകളെല്ലാം ഇത്രയും തുറന്ന മനസ്സോടെ പങ്കുവെച്ചതിന് ഫഹദിന് ഒത്തിരി നന്ദി.
സാധാരണ ഒരു സിനിമ ചെയ്യുമ്പോൾ നമ്മളൊക്കെ പലവിധ കണക്കുകൂട്ടലുകളും നടത്താറുണ്ട്. ഇങ്ങനെ ഒരു സിനിമ ചെയ്താൽ ആളുകൾക്ക് ഇഷ്ടപ്പെടുമോ, എന്റെ ഇമേജിനെ ബാധിക്കുമോ എന്നൊക്കെ. സത്യത്തിൽ ഞാൻ ഇപ്പോഴും അങ്ങനെയൊക്കെ ചിന്തിച്ച് തെറ്റായ കണക്കുകൂട്ടലുകൾ നടത്താറുണ്ട്, എനിക്ക് ഫഹദിനെപ്പോലെ ആകാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഫഹദിന് അത്തരം ഇമേജ് ഭാരങ്ങളോ കണക്കുകൂട്ടലുകളോ ഒന്നുമില്ല. അദ്ദേഹം കഥാപാത്രത്തെയും കഥയെയും മാത്രമാണ് നോക്കുന്നത്. "ഈ കഥ നല്ലതാണോ, കഥാപാത്രം നന്നായിട്ടുണ്ടോ, ഈ കണ്ടന്റ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ കഴിയുമോ" എന്ന് മാത്രമാണ് അദ്ദേഹം തുറന്ന മനസ്സോടെ ചിന്തിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിൽ നിന്ന് നമുക്ക് ഇത്രയും മികച്ച സിനിമകൾ ലഭിക്കുന്നത്.
നമ്മളൊക്കെ ഒരു കഥാപാത്രമായി മാറാൻ ശ്രമിക്കുമ്പോൾ ഫഹദ് ആ കഥാപാത്രമായിത്തന്നെ ജീവിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹം അതിമനോഹരമായാണ് അഭിനയിക്കുന്നത്. എല്ലാ ഭാഷകളിലും അഭിനയിച്ച് ശബ്ദവും കൊടുക്കുന്നു. നമ്മൾ കഥാപാത്രമാകാൻ ശ്രമിക്കുമ്പോൾ അദ്ദേഹം കഥാപാത്രമായി ജീവിക്കുകയാണ് ചെയ്യുന്നത്. ഞാൻ ഫഹദിന്റെ സിനിമകൾ മാത്രമല്ല ഇഷ്ടപ്പെടുന്നത്, ഒരു നടനെന്ന നിലയിലും നിർമ്മാതാവെന്ന നിലയിലും അദ്ദേഹത്തിന്റെ സിനിമകളെ മാത്രമല്ല, സ്‌ക്രീനിലും സ്‌ക്രീനിനു പുറത്തുമുള്ള അദ്ദേഹത്തിന്റെ ഈ സമീപനത്തെയും ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു, ഒപ്പം ഒരു നിർമ്മാതാവെന്ന നിലയിൽ എനിക്ക് അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുമുണ്ട്’, സൂര്യയുടെ വാക്കുകൾ.
ഫഹദ് ഫാസിൽ നായകനാകുന്ന ബിഗ് ബജറ്റ് ഫാന്റസി എന്റർടെയ്‌നർ 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' ഒക്ടോബർ രണ്ടിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. തെലുങ്കിൽ ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ് ഭാഷകളിലും ഒരേസമയം റിലീസ് ചെയ്യും. കേരളത്തിൽ ഭാവന റിലീസാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ശശാങ്ക് യെലേറ്റിയാണ്. എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രത്തിന് തിരക്കഥയും ശശാങ്ക് യെലറ്റി തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്.എസ്. കാർത്തികേയ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അർക മീഡിയ വർക്ക്‌സും ഷോയിങ് ബിസിനസും ചേർന്നാണ് ചിത്രം ഒരുക്കുന്നത്.
Also Read: Vishwanath & Sons Review | മാസ്&ക്യൂട്ട് സൂര്യ, എനർജറ്റിക് മമിത; ഫീൽഗുഡ് എന്റർടെയ്നർ വിശ്വനാഥ്&സൺസ്
ഫഹദ് ഫാസിലിനൊപ്പം സ്സാര പലേക്കർ, സൗരഭ് സച്ച്‌ദേവ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഫഹദ് ഫാസിലിന്റെ ആദ്യത്തെ ലീഡ് തെലുങ്ക് ചിത്രം എന്ന പ്രത്യേകതയും 'ഡോണ്ട് ട്രബിൾ ദ ട്രബിളി'നുണ്ട്. മലയാളത്തിലും തമിഴിലും ഡബ്ബ് ചെയ്ത പതിപ്പുകളാണ് എത്തുന്നത്.
Content Highlights: At the Tamil Nadu promotional event for Dont Trouble The Trouble, Tamil superstar Suriya shared a heartfelt tribute to Fahadh Faasil, praising his fearlessness, unique script choices, and ability to truly live inside a character without worrying about star image.