'ഇടനിലക്കാരനല്ല, ഗുണഭോക്താവ്'; ബിറ്റ്‌കോയിന്‍ കേസില്‍ ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവിനെതിരെ ED കുറ്റപത്രം

രാജ് കുന്ദ്രയും ശില്‍പ ഷെട്ടിയും | File Photo - ANI
രാജ് കുന്ദ്രയും ശില്‍പ ഷെട്ടിയും | File Photo - ANI

ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസില്‍ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയ്‌ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു. കുന്ദ്ര അവകാശപ്പെട്ടതുപോലെ ഇടപാടുകളില്‍ അദ്ദേഹം മധ്യസ്ഥനല്ല ഗുണഭോക്താവ് കൂടിയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ ഇഡി പറയുന്നു. ക്രിപ്റ്റോ തട്ടിപ്പ് സൂത്രധാരനെന്ന് കരുതുന്ന അന്തരിച്ച അമിത് ഭരദ്വാജില്‍നിന്ന് ലഭിച്ച 285 ബിറ്റ്കോയിനുകള്‍ കുന്ദ്രയുടെ കൈവശമുണ്ടെന്നും അവ നിലവില്‍ 150.47 കോടി രൂപ വിലമതിക്കുന്നതാണെന്നും ഇ.ഡി പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ (പിഎംഎല്‍എ) പ്രകാരമുള്ള പ്രത്യേക കോടതിയിലാണ് ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചത്.

ബിറ്റ്‌കോയിന്‍ വാലറ്റ് വിലാസങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ രാജ് കുന്ദ്ര ബോധപൂര്‍വം മറച്ചുവെച്ചുവെന്നും ഭരദ്വാജില്‍നിന്ന് ലഭിച്ച ബിറ്റ്‌കോയിനുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുന്നതില്‍ പരാജയപ്പെട്ടുവെന്നും കുറ്റപത്രത്തില്‍ പറയുന്നുതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ബിറ്റ്‌കോയിനുകള്‍ കുന്ദ്രയുടെ കൈവശം തന്നെയാണെന്നും അദ്ദേഹം അതില്‍നിന്നുള്ള നേട്ടങ്ങള്‍ അനുഭവിക്കുകയാണെന്നും അന്വേഷണ ഏജന്‍സി പറയുന്നു. നിയമ നടപടികളെ തടസപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണവും രാജ് കുന്ദ്രയ്‌ക്കെതിരെയുണ്ട്.

വേരിയബിള്‍ ടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെ മഹാരാഷ്ട്ര പോലീസും ഡല്‍ഹി പോലീസും രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകളില്‍ നിന്നാണ് കുന്ദ്രയ്‌ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ ഉത്ഭവം. അന്തരിച്ച അമിത് ഭരദ്വാജ്, അജയ് ഭരദ്വാജ്, വിവേക് ഭരദ്വാജ്, സിംപി ഭരദ്വാജ്, മഹേന്ദര്‍ ഭരദ്വാജ് എന്നിവര്‍ക്കെതിരെ ആയിരുന്നു കേസ്. ബിറ്റ്‌കോയിന്‍ മൈനിങ് ഫാം ആരംഭിക്കുമെന്നും നിക്ഷേപകര്‍ക്ക് ക്രിപ്റ്റോ ആസ്തികളില്‍ വലിയ വരുമാനം ലഭിക്കുമെന്നും വാഗ്ദാനം നല്‍കി ബിറ്റ്കോയിന്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ച് മണിചെയിന്‍ മാതൃകയിലായിരുന്നു തട്ടിപ്പ് എന്നാണ് ഇ.ഡി പറയുന്നത്. കമ്പനിയുടെ പ്രൊമോട്ടര്‍മാര്‍ നിക്ഷേപകരെ വഞ്ചിക്കുകയും നിയമവിരുദ്ധമായി സമ്പാദിച്ച ബിറ്റ്‌കോയിനുകള്‍ രഹസ്യ ഓണ്‍ലൈന്‍ വാലറ്റുകളില്‍ ഒളിപ്പിക്കുകയും ചെയ്തുവെന്നും ഇ.ഡി പറയുന്നു.

യുക്രെയ്‌നില്‍ ഒരു ബിറ്റ്‌കോയിന്‍ മൈനിങ് ഫാം സ്ഥാപിക്കുന്നതിനായി അമിത് ഭരദ്വാജില്‍നിന്ന് രാജ് കുന്ദ്ര 285 ബിറ്റ്‌കോയിനുകള്‍ കൈപ്പറ്റിയതായി ഏജന്‍സി ആരോപിക്കുന്നു. പദ്ധതി യാഥാര്‍ഥ്യമായില്ലെങ്കിലും രാജ് കുന്ദ്രയുടെ കൈവശം 150 കോടിയിലധികം രൂപ വിലമതിക്കുന്ന 285 ബിറ്റ്‌കോയിനുകള്‍ ഇപ്പോഴുമുണ്ട്. ഇടപാടുകളില്‍ മധ്യസ്ഥനായി പ്രവര്‍ത്തിച്ചുവെന്നാണ് രാജ് കുന്ദ്ര അവകാശപ്പെട്ടെങ്കിലും അത് തെളിയിക്കുന്നതിനുള്ള രേഖകളൊന്നും നല്‍കിയില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.