ബെറ്റിങ് ആപ്പുകളുടെ പരസ്യം; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി ഉൾപ്പെടെയുള്ള താരങ്ങൾക്കെതിരെ കേസ്

ബെറ്റിങ് ആപ്പുകൾക്കായി പരസ്യംചെയ്ത താരങ്ങൾക്കെതിരേയും സോഷ്യൽമീഡിയാ ഇൻഫ്ളുവൻസർമാർക്കെതിരേയും കേസെടുത്ത് എൻഫോഴ്സ് ഡയറക്ടറേറ്റ്. വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ്, നിധി അഗർവാൾ, മഞ്ചു ലക്ഷ്മി എന്നീ താരങ്ങൾക്കെതിരെയാണ് ഇസിഐആർ(എൻഫോഴ്സ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) രജിസ്റ്റർ ചെയ്തത്.രണ്ട് ടെലിവിഷൻ അവതാരകരും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവർക്കെതിരെ വൈകാതെ സമൻസ് അയക്കുമെന്ന് ഇഡി അറിയിച്ചു.
29 പ്രമുഖ അഭിനേതാക്കൾ, ഹർഷൻ സായ് ഉൾപ്പെടെയുള്ള സോഷ്യൽമീഡിയാ ഇൻഫ്ളുവൻസർമാർ, ലോക്കൽ ബോയ് നാനി എന്ന യൂട്യൂബ് ചാനലിന്റെ നടത്തിപ്പുകാർ എന്നിവർക്കെതിരെ ഇഡി അന്വേഷണം നടത്തിവരികയാണ്.
ഈ പ്രചാരണങ്ങളിലൂടെ വലിയ തുകയുടെ ഇടപാടുകൾ നടന്നിട്ടുണ്ടാവാമെന്നും അത് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടതാകാമെന്നും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്.
അതേസമയം, കഴിവ് അടിസ്ഥാനമാക്കിയുള്ള ഗെയിമായ എ23യുടെ ബ്രാൻഡ് അംബാസിഡർ മാത്രമാണ് താനെന്നാണ് വിജയ് ദേവരകൊണ്ടയുടെ ന്യായീകരണം. സ്‌കിൽ ബേസ്ഡ് ഗെയിം എന്ന നിലയിൽ റമ്മിയെ സുപ്രീംകോടതി നൈപുണ്യത്തിന്റെ കളിയായി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു. ഇത് ഭാഗ്യത്തെ അടിസ്ഥാനമാക്കിയുള്ള ചൂതാട്ടത്തിൽ നിന്ന് വ്യത്യസ്തമാണെന്നും അവർ പറയുന്നു.
റാണ ദഗ്ഗുബാട്ടിയും തന്റെ ലീഗൽ ടീം വഴി പ്രസ്താവന പുറത്തിറക്കി. നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള ഗെയിമിങ് ആപ്പുമായി തനിക്കുണ്ടായിരുന്ന ബന്ധം 2017-ൽ അവസാനിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്ലാറ്റ്‌ഫോമുകൾ അനുവദിക്കപ്പെട്ട പ്രദേശങ്ങളിൽ മാത്രമാണ് എല്ലാ പ്രചാരണ പരിപാടികളും നടത്തിയതെന്നും അവ നിയമപരമായ പരിശോധനകൾക്ക് വിധേയമായിരുന്നു എന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
2016-ൽ താൻ ജംഗിൾ റമ്മിയെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് നടൻ പ്രകാശ് രാജ് വ്യക്തമാക്കി. എന്നാൽ ഒരു വർഷത്തിനുള്ളിൽ കരാർ അവസാനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാങ്കേതികമായി ആ പ്രചാരണം നിയമപരമായിരുന്നുവെങ്കിലും അത് ധാർമികമായി തനിക്ക് ശരിയായി തോന്നിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനുശേഷം ചൂതാട്ടവുമായി ബന്ധപ്പെട്ട ഒരു പ്ലാറ്റ്‌ഫോമിനെയും താൻ പ്രമോട്ട്ചെയ്തിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: ED Cracks Down on Celebrity Endorsements of Illegal Online Betting