എന്റെ 'ദൃശ്യം 3' മോഹൻലാലിനെ കാണിക്കാൻ ആഗ്രഹമുണ്ടായിരുന്നു, അദ്ദേഹത്തെ വിളിച്ചിരുന്നു -അജയ് ദേവ്ഗൺ

ദൃശ്യം 3 എന്ന ചിത്രം മോഹൻലാലിനെ കാണിക്കാൻ താൻ ആഗ്രഹിച്ചിരുന്നുവെന്ന് നടൻ അജയ് ദേവ്ഗൺ. മോഹൻലാലിന്റെ 'ദൃശ്യം 3' യിൽ നിന്ന് ഇത് വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. മോഹൻലാലിനെ വിളിച്ചിരുന്നുവെന്നും അവധിക്കാലം ചിലവിടുന്നതിനാൽ അദ്ദേഹത്തിന് ചിത്രം കാണാൻ കഴിഞ്ഞില്ലെന്നും അജയ് ദേവ്ഗൺ പറഞ്ഞു. FICCI ഫ്രെയിംസിലെ ഒരു ചർച്ചയ്ക്കിടെയാണ് അജയ് ദേവ്ഗൺ ഇക്കാര്യം പറഞ്ഞത്.
"ഞാൻ ലാൽ സാറിനെ വിളിച്ചു, അദ്ദേഹം ഈ ചിത്രം കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. നിർമാതാവ് അലോക് ജെയിൻ പറഞ്ഞതുപോലെ അവർ മികച്ച ജോലി ചെയ്യുന്നു. ഇത്തവണ ഞങ്ങൾ പൂർണ്ണമായും വഴിമാറിനടക്കുകയാണ്. അതിനാൽ, എന്നെ സംബന്ധിച്ചിടത്തോളം, മോഹൻലാലിന്റെ ഭാഗത്തുനിന്നുള്ള ഒരു അനുമതി നല്ലതായിരിക്കുമെന്ന് ഞാൻ കരുതി. ഞാൻ അദ്ദേഹത്തിനെ ഈ ചിത്രം കാണിക്കാൻ ആഗ്രഹിച്ചു. പക്ഷേ അദ്ദേഹം അവധിയാഘോഷിക്കുകയാണ്. അദ്ദേഹം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നത് വളരെ സന്തോഷകരമാണ്. ലാൽ സാർ ഉടൻ തന്നെ ചിത്രം കാണുമെന്നാണ് ഞാൻ കരുതുന്നത്." അജയ് ദേവ്ഗണിന്റെ വാക്കുകൾ.
'ദൃശ്യം' ഫ്രാഞ്ചൈസി അവസാനിപ്പിക്കുന്നതിനെക്കുറിച്ചും അതിനു പിന്നിലെ കാരണങ്ങളെക്കുറിച്ചും അജയ് ദേവ്ഗൺ വ്യക്തത വരുത്തി. 'ദൃശ്യം' പരമ്പരയ്ക്ക് ചേരുന്ന രീതിയിൽ ഒരു തിരക്കഥ തയാറാക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്നും, അതിനാൽ മികച്ച രീതിയിൽ തന്നെ ഫ്രാഞ്ചൈസി അവസാനിപ്പിക്കാനാണ് തങ്ങൾ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എഴുത്തുകാരും സംവിധായകരും നാല് തിരക്കഥകൾ നിരസിച്ച ശേഷമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന തിരിവുകളും ട്വിസ്റ്റുകളുമുള്ള അന്തിമ തിരക്കഥയിലേക്ക് എത്തിയത്. ചിത്രം 'ദൃശ്യം 2'നേക്കാൾ മികച്ചതാണെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അജയ് ദേവ്ഗൺ കൂട്ടിച്ചേർത്തു.
വിജയ് സാൽഗോങ്കർ എന്ന കഥാപാത്രമായി അജയ് ദേവ്ഗൺ വീണ്ടും എത്തുന്ന ഈ ചിത്രം, ദൃശ്യം ഫ്രാഞ്ചൈസിയുടെ അവസാന ഭാഗമായിരിക്കും എന്ന് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളത്തിൽ മോഹൻലാൽ അഭിനയിക്കുന്ന 'ദൃശ്യം 3'യിൽ നിന്ന് തികച്ചും വ്യത്യസ്തമായ പ്രമേയവും കഥാഗതിയുമാണ് ഹിന്ദി പതിപ്പിൽ ഒരുക്കിയിരിക്കുന്നത്. ശ്രീയ ശരൺ, ഇഷിത ദത്ത, തബു, രജത് കപൂർ എന്നിവരും ചിത്രത്തിൽ തിരിച്ചെത്തുന്നുണ്ട്. ജയ്ദീപ് അഹ്‌ലാവത്തും പ്രകാശ് രാജുമാണ് താരനിരയിലേക്ക് പുതുതായി എത്തിയവർ.
സ്റ്റാർ സ്റ്റുഡിയോ 18 അവതരിപ്പിക്കുന്ന ഈ ചിത്രം അലോക് ജെയിൻ, അജിത് അന്ധാരെ, കുമാർ മംഗത് പഥക്, അഭിഷേക് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രം ഒക്ടോബർ 2ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
Content Highlights: Bollywood star Ajay Devgn shared that he reached out to Mohanlal for his approval regarding Drishyam 3, confirming that the Hindi conclusion features an entirely different narrative from the Malayalam version.