'എന്റെ ഡാഡിച്ചൻ ഇപ്പോൾ സ്വർഗത്തിലിരുന്ന് പുഞ്ചിരിക്കുന്നുണ്ടാകും'; മമ്മൂട്ടിയെ കണ്ട് അനുഗ്രഹം വാങ്ങി ഡോൺ മൈക്കൽ

മലയാളികളുടെ മെഗാസ്റ്റാർ മമ്മൂട്ടിയെ കണ്ട് അനുഗ്രഹം വാങ്ങി യുവനടൻ ഡോൺ മൈക്കൽ. രഞ്ജിത് സംവിധാനം ചെയ്ത ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലെ ബിജു കുര്യൻ എന്ന പോലീസ് കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് ഡോൺ. അന്തരിച്ച നടൻ രാജൻ പി. ദേവിന്റെ കൊച്ചുമകൻ കൂടിയാണ് ഡോൺ മൈക്കൽ. സിനിമാലോകത്തേക്കുള്ള തന്റെ കടന്നുവരവിൽ പ്രേക്ഷകരുടെ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണമെന്ന് സോഷ്യൽ മീഡിയാ പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.
"എന്റെ ഹൃദയത്തിൽ ഞാൻ വളരെക്കാലമായി കൊണ്ടുനടക്കുന്ന സ്വപ്നത്തിലേക്ക് ആദ്യ ചുവടുവെക്കുന്നതിന് മുമ്പ് അനുഗ്രഹം തേടണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ചുരുക്കം ചിലരുണ്ട്. അതിലൊരാളാണ് മമ്മൂക്ക. എല്ലാത്തിലുമുപരിയായി, സ്വർഗത്തിലിരുന്ന് എന്റെ ഡാഡിച്ചൻ ഇപ്പോൾ പുഞ്ചിരിക്കുന്നുണ്ടാകുമെന്ന് എനിക്കറിയാം. വാക്കുകളിൽ ഒതുക്കാൻ കഴിയാത്തത്ര വലിയ കാര്യമാണ് എനിക്കാ ചിന്ത. എന്റെ സിനിമാ ലോകത്തേക്കുള്ള ഈ കടന്നുവരവിൽ നിങ്ങളുടെയെല്ലാം പ്രാർത്ഥനകളും അനുഗ്രഹങ്ങളും ഒപ്പമുണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു." മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ഡോൺ കുറിച്ചു.
വൈശാഖ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ നായകനായ ഖലീഫയാണ് ഡോണിന്റേതായി ആദ്യം പുറത്തുവന്ന ചിത്രം. ഇതിൽ വിവേക് എന്ന വില്ലൻ വേഷമായിരുന്നു അദ്ദേഹത്തിന്.
Also Read: Law and Order Review | തിയേറ്റർ പൂരപ്പറമ്പാക്കിയ കാമിയോ; തൂഫാനടിച്ച് രഞ്ജിത്തിന്റെ ‘ലോ ആൻഡ് ഓർഡർ’
'തുടരും' ഫെയിം പ്രകാശ് വർമയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് ലോ ആന്റ് ഓർഡർ. പൂർണമായും ഒരു പൊലീസ് സ്റ്റോറി ജോണറിൽ അവതരിപ്പിക്കുന്ന ലോ ആന്റ് ഓർഡർ ഒരു റിയലിസ്റ്റിക്ക് ആക്ഷൻ ത്രില്ലർ കുടുംബ ചിത്രമാണ്. കഴിഞ്ഞദിവസം പ്രദർശനത്തിനെത്തിയ ചിത്രത്തിൽ അഭിരാമിയാണ് നായിക. ബ്ലാക്ക് എന്ന ചിത്രത്തിലെ കാരിക്കാമുറി ഷൺമുഖനായി കാമിയോ കഥാപാത്രമായി മമ്മൂട്ടിയും എത്തുന്നുണ്ട്.
Also Read: ആ എൻട്രിയിൽ ഇളകിമറിഞ്ഞ തിയേറ്റർ; മാസും ഇമോഷൻസും ചേർന്ന 'ലോ ആൻഡ് ഓർഡർ' | Podcast
ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്ജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി. കെ പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, ഭീമൻ രഘു, ജെയ്സ്, അസീം ജമാൽ, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ് രാധാകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, മോഹൻ ജോസ്, മാധുരി, സാബു മോൻ, ഗുണ്ട്കാട് സാബു, നന്ദു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങൾ.
Also Read: രാജൻ പി. ദേവിന്റെ കൊച്ചുമകനായതിൽ അഭിമാനം, അദ്ദേഹത്തിന്റെ പേരിന് കളങ്കമുണ്ടാക്കില്ല-നടൻ ഡോൺ മൈക്കൽ
സത്യം സിനിമാസ്, മഹാ സുബൈർ മൂവീക്ഷേത്ര എന്നി ബാനറിൽ പ്രേമചന്ദ്രൻ എ.ജി, മഹാസുബൈർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ നിർവഹിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം ഉദയ് കൃഷ്ണ എഴുതുന്നു. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകരുന്നു. കപിൽ കപിലൻ, റ്റോജൻ റ്റോബി, അനില രാജീവ് എന്നിവരാണ് ഗായകർ.
Content Highlights: Young actor Don Michael, grandson of the late veteran actor Rajan P Dev and noted for his roles in Khalifa and Ranjith's latest directorial Law and Order, met Megastar Mammootty to seek his blessings for his acting career, sharing an emotional note on social media.