'സ്റ്റീംബോട്ട് വില്ലി'യിലെ മിക്കിയെയും മിന്നിയെയും ഇനി ആര്‍ക്കുമെടുക്കാം; ഡിസ്‌നി ചോദിച്ചുവരില്ല

Steamboat Willie
Steamboat Willie

ലോകമൊട്ടാകെ കോടിക്കണക്കിന് ആരാധകരുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ് മിക്കി മൗസും മിന്നി മൗസും. 1928-ലാണ് വാള്‍ട്ട് ഡിസ്‌നിയും അബ് ഐവര്‍ക്ക്‌സും ചേര്‍ന്നാണ് സ്റ്റീംബോട്ട് വില്ലി എന്ന ഹ്രസ്വചിത്രത്തിലൂടെ മിക്കി, മിന്നി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വാള്‍ട്ട് സിസ്‌നി സ്റ്റുഡിയോസ് നിര്‍മിച്ച സ്റ്റീംബോട്ട് വില്ലി ന്യൂയോര്‍ക്കിലെ യൂണിവേഴ്‌സല്‍ കോളനി തിയേറ്ററിലാണ് ആദ്യം പ്രദര്‍ശനത്തിനെത്തിയത്. അധികം വൈകാതെ പ്രേക്ഷകലക്ഷങ്ങള്‍ മിക്കിയെയും മിന്നിയെയും ഏറ്റെടുത്തു. വാള്‍ട്ട് ഡിസ്‌നിയുടെ പേര് അമേരിക്കയ്ക്കപ്പുറം സഞ്ചരിച്ച് അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തിയാര്‍ജ്ജിക്കുന്നതിന് കാരണമായി തീര്‍ന്നതും 'സ്റ്റീംബോട്ട് വില്ലി'യാണ്. 

'സ്റ്റീംബോട്ട് വില്ലി'യിലെ മിക്കിയുടെയും മിന്നിയുടെയും ചിത്രങ്ങള്‍ ഇനി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാം. പകര്‍പ്പവകാശം ഉന്നയിച്ചുകൊണ്ട് ഡിസ്‌നി വരികയില്ല. കാര്‍ട്ടൂണ്‍ ഇറങ്ങി 95 വര്‍ഷം പിന്നിടുമ്പോള്‍ ഡിസ്‌നിയുടെ പകര്‍പ്പവകാശത്തിന്റെ കാലാവധി അവസാനിച്ചിരിക്കുകയാണ്. 'സ്റ്റീംബോട്ട് വില്ലി'യ്ക്ക് മാത്രമേ ഇനി പകര്‍പ്പവകാശം ബാധകമാകാതെ വരൂ. അതിന് ശേഷം വന്നവയെല്ലാം ഇപ്പോഴും ഡിസ്‌നിയുടെ കൈവശം തന്നെയാണ്- ഡിസ്‌നിയുടെ വക്താവ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 

പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളുടെ കേന്ദ്രമായിരുന്നു 'സ്റ്റീംബോട്ട് വില്ലി' . ആദ്യ റിലീസിന് ശേഷം അന്‍പത് വര്‍ഷമായിരുന്നു പകര്‍പ്പാവകാശത്തിന്റെ കാലാവധി. 1984-ല്‍ അക്കാലത്തെ നിയമപ്രകാരം പകര്‍പ്പവകാശം കാലഹരണപ്പെടേണ്ടതായിരുന്നു. എന്നാല്‍ ഡിസ്‌നി ഗ്രൂപ്പ് സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി കാലാവധി നീട്ടി. 2003 അടുത്തെത്തിയപ്പോള്‍, ഇനിയൊരു 20 വര്‍ഷം കൂടി നീട്ടിത്തരണമെന്ന് ഡിസ്‌നി ആവശ്യപ്പെട്ടു. ഡിസ്‌നിയും റിപബ്ലിക്കന്‍ പാര്‍ട്ടിയും തമ്മിലുള്ള നിയമപോരാട്ടത്തിന് പിന്നാലെയാണ് ഇനിയും പകര്‍പ്പവകാശം ഡിസ്‌നിയ്ക്ക് നീട്ടിനല്‍കേണ്ടതില്ലെന്ന തീരുമാനം ഉണ്ടാകുന്നത്. 

Content Highlights: Disney loses Steamboat Willie Mickey Mouse copyright, available in public domain