ലൈംഗികാതിക്രമ കേസ്: നടി കരഞ്ഞുകൊണ്ട് ഇറങ്ങിവന്ന കാരവൻ കസ്റ്റഡിയിൽ,രഞ്ജിത്തുമായി തെളിവെടുപ്പ് നടത്തും

#മൂവി ഡെസ്ക്
നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ എറണാകുളം സബ് ജയിലിൽനിന്നും കോടതിയിലേക്ക് കൊണ്ടുപോകുന്നു | ഫോട്ടോ: മാതൃഭൂമി
നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ എറണാകുളം സബ് ജയിലിൽനിന്നും കോടതിയിലേക്ക് കൊണ്ടുപോകുന്നു | ഫോട്ടോ: മാതൃഭൂമി

കൊച്ചി: യുവനടിക്കുനേരേ ഉണ്ടായ ലൈംഗികാതിക്രമം സംബന്ധിച്ച പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ചവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും.

എറണാകുളം സബ് ജയിലിൽനിന്നാണ് രഞ്ജിത്തിനെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. ഗുരുതരസ്വഭാവമുള്ള കുറ്റകൃത്യമാണ് രഞ്ജിത്തിന്റേതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അതിനാൽതന്നെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടത് അത്യാവശ്യമാണെന്നും വാദമുന്നയിച്ചു. അറസ്റ്റുചെയ്ത സമയത്ത് പാലിക്കേണ്ട നടപടിക്രമങ്ങൾ പോലീസ് പാലിച്ചിട്ടില്ലെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ വാദിച്ചു. ആരോഗ്യപ്രശ്നങ്ങൾ ഏറെയുള്ള വ്യക്തിയാണെന്നും ചൂണ്ടിക്കാട്ടി. അറസ്റ്റ് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ എസ്. രാജീവ് പിന്നീട് മാധ്യമങ്ങളോടും പ്രതികരിച്ചു.

തിങ്കളാഴ്ച വൈകീട്ട് നാലുവരെയാണ് പോലീസ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. കസ്റ്റഡികാലയളവിൽ ഓരോ 24 മണിക്കൂർ കൂടുമ്പോഴും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

കാരവനുകൾ പോലീസ് കസ്റ്റഡിയിൽ

കൊച്ചി: സംവിധായകൻ രഞ്ജിത്ത് യുവനടിയോട് അപമര്യാദയായി പെരുമാറിയ കാരവൻ പോലീസ് കസ്റ്റഡിയിലെടുത്തു, സംഭവം നടക്കുമ്പോൾ ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിലുണ്ടായിരുന്ന രണ്ട് കാരവനുകൾ ഫൊറൻസിക് പരിശോധനയ്ക്കായി പോലീസ് കൊച്ചിയിലെത്തിച്ചു. കൊച്ചി സിറ്റി പോലീസ് എ.ആർ. ക്യാമ്പിൽ ഇവ സൂക്ഷിച്ചിരിക്കുകയാണ്.

അടുത്തദിവസം തന്നെ രഞ്ജിത്തിനെ കാരവനിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഈ കാരവനിൽ വെച്ചാണ് നടിയോട് അപമര്യാദയായി പെരുമാറിയതെന്നാണ് കേസ്. നടി കാരവനിൽനിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങുന്നതിന് സാക്ഷികളുമുണ്ട്. ഇവരുടെ മൊഴിയും എടുക്കും. സിനിമാ സെറ്റിലുള്ളവർ സംഭവം നേരത്തേ അറിഞ്ഞിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.

Content Highlights: An Ernakulam court has remanded director Ranjith to police custody until Monday in connection with a sexual assault complaint filed by a young actress, while police have seized the caravans involved for forensic examination.