കരിയറിൽ വ്യത്യാസമുണ്ടാക്കിയത് അനിയൻ ബാവ ചേട്ടൻ ബാവ, പ്രിയപ്പെട്ടത് പഞ്ചാബി ഹൗസ് -റാഫി

റാഫി | ഫോട്ടോ: വി.പി. പ്രവീൺകുമാർ ‌‌\ മാതൃഭൂമി
റാഫി | ഫോട്ടോ: വി.പി. പ്രവീൺകുമാർ ‌‌\ മാതൃഭൂമി

പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം, ഹലോ, മായാവി, ചതിക്കാത്ത ചന്തു തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തിരക്കഥാകൃത്തായും സംവിധായകനായും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച കലാകാരനാണ് റാഫി. മൂന്നുപതിറ്റാണ്ടുമുമ്പ് സി​ദ്ദിഖ്-ലാലിന്റെ അസിസ്റ്റന്റായിട്ടായിരുന്നു സിനിമാപ്രവേശം. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദിലീപിന് നായകനാക്കി വോയ്സ് ഓഫ് സത്യനാഥൻ എന്ന ചിത്രവുമായെത്തുകയാണ് അദ്ദേഹം. 

ആദ്യ തിരക്കഥ എഴുതിയിട്ട് ഇപ്പോൾ 31 വർഷം കഴിഞ്ഞെന്ന് റാഫി മാതൃഭൂമിയോട് പറഞ്ഞു. 1992-ൽ മിസ്റ്റർ ആൻഡ് മിസിസ് എന്ന സിനിമയായിരുന്നു അത്. സാജനായിരുന്നു സംവിധായകൻ. അതേവർഷം കലാധരൻ സംവിധാനംചെയ്ത എല്ലാരും ചൊല്ലണ് എന്ന സിനിമയ്ക്കും തിരക്കഥയെഴുതി. അതിനുശേഷമാണ്‌ രാജസേനൻ സംവിധാനംചെയ്ത അനിയൻബാവ ചേട്ടൻ ബാവ എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. പിന്നീട്‌, ഒരുപാട് സിനിമകളിൽ ധാരാളം സംവിധായകരുടെ കൂടെ പ്രവർത്തിക്കാൻ സാധിച്ചു. സിനിമ എനിക്ക് എല്ലാകാലവും സന്തോഷം തന്നിട്ടുണ്ടെന്നും റാഫി പറഞ്ഞു. 

ഏറ്റവും ഇഷ്ടപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്നതുകൊണ്ടുതന്നെ എല്ലാദിവസം എന്തെങ്കിലും ചെയ്യണമെന്ന താത്പര്യമുണ്ട്. ഈ കാലത്തിനിടയിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട ചില വിജയങ്ങളുണ്ട്. ആദ്യത്തേത് അനിയൻ ബാവ ചേട്ടൻ ബാവ എന്ന സിനിമയുടെ വിജയംതന്നെയാണ്. ആ വിജയമാണ് എന്റെ സിനിമാ കരിയറിൽ വ്യത്യാസമുണ്ടാക്കിയത്. ഇതുവരെചെയ്ത സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത് പഞ്ചാബി ഹൗസ് തന്നെയാണ്. അങ്ങനെയൊരു സിനിമചെയ്യാൻ പറ്റിയതിൽ മനസ്സിൽ എപ്പോഴും സന്തോഷം തോന്നാറുണ്ട്. മായാവി, ഹലോ, തിളക്കം, ടു കൺട്രീസ്, റിങ് മാസ്റ്റർ, തെങ്കാശിപ്പട്ടണം, പാണ്ടിപ്പട എന്നീ ചിത്രങ്ങളും പ്രിയപ്പെട്ട പട്ടികയിലുള്ളവയാണ്. റാഫി കൂട്ടിച്ചേർത്തു.

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോജു ജോർജ്, ജ​ഗപതി ബാബു, മകരന്ദ് പാണ്ഡേ, സിദ്ദിഖ്, വീണ നന്ദകുമാർ എന്നിവരാണ് മറ്റുവേഷങ്ങളിൽ. ഈ മാസം 28-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

(സൂരജ് സുകുമാരൻ റാഫിയുമായി നടത്തിയ അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം)

Content Highlights: director raffi about his film life, new movie voice of sathyanathan, actor dileep