ഒരുതരം വിരസതയും ഈഗോയും ഞങ്ങൾക്കിടയിൽ വന്നു; ലിസിയുമായി പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി പ്രിയദർശൻ

#മൂവി ഡെസ്ക്
പ്രിയദർശനും ലിസിയും | ഫോട്ടോ: പി. ഡേവിഡ് \ മാതൃഭൂമി ആർക്കൈവ്സ്
പ്രിയദർശനും ലിസിയും | ഫോട്ടോ: പി. ഡേവിഡ് \ മാതൃഭൂമി ആർക്കൈവ്സ്

ടി ലിസിയുമായി പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി സംവിധായകൻ പ്രിയദർശൻ. മൂന്ന് പതിറ്റാണ്ട് നീണ്ട ദാമ്പത്യ ജീവിതത്തിനിടയിൽ വിരസതയും ഈഗോയും കടന്നുവന്നപ്പോഴാണ് അകലാൻ തീരുമാനിച്ചതെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. കുറച്ചുവർ‌ഷങ്ങൾക്ക് ശേഷം ഞങ്ങൾക്ക് പരസ്പരം മിസ്സ് ചെയ്യുന്നു എന്ന് മനസ്സിലാക്കിയപ്പോഴാണ് വീണ്ടും ഒരുമിക്കാൻ തീരുമാനിച്ചതെന്നും പ്രിയദർശൻ വെളിപ്പെടുത്തി. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് പ്രിയദർശൻ ഇക്കാര്യം പറഞ്ഞത്.

‘‘മുപ്പത്തിരണ്ട് വർഷത്തെ ദാമ്പത്യത്തിനിടയിൽ ഒരുതരം വിരസതയും ഈഗോയും ഞങ്ങൾക്കിടയിൽ വന്നു. അതുകുറച്ചു കടുപ്പമുള്ള കാര്യമാണ്. അതുകൊണ്ട് പിരിയുന്നതാണ് നല്ലതെന്ന് ഞങ്ങൾ തീരുമാനിച്ചു. കുറച്ചുവർഷങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് പരസ്പരം മിസ്സ് ചെയ്യുന്നതായി തോന്നി. അതുകൊണ്ട് ഞങ്ങൾ വീണ്ടും ഒന്നിച്ചു, അത്രേയുള്ളൂ. നമുക്കൊരു കൂട്ട് എപ്പോഴും അത്യാവശ്യമാണ്.’’ പ്രിയദർശന്റെ വാക്കുകൾ.

പത്ത് വർഷം മുൻപാണ് പ്രിയദർശനും ലിസിയും വേർപിരിഞ്ഞത്. അടുത്തിടെ മിഡ്-ഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വീണ്ടും ലിസിയുമായി ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ച വിവരം പ്രിയദർശൻ വെളിപ്പെടുത്തിയത്. തങ്ങൾ ഇപ്പോൾ ഒരുമിച്ചാണ് താമസിക്കുന്നതെന്നും എന്നാൽ വീണ്ടും ഒരു വിവാഹത്തിന് തൽക്കാലം പദ്ധതിയില്ലെന്നും പ്രിയദർശൻ പറഞ്ഞിരുന്നു.

ഈ വർഷം ജനുവരിയിൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ഇരുവരും കൈകോർത്ത് എത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് എന്ന ചിത്രത്തിന്റെ ഡബ്ബിങ്ങിന് മമ്മൂട്ടി ചെന്നൈയിൽ ലിസിയുടെ സ്റ്റുഡിയോയിൽ എത്തിയിരുന്നു. മാർച്ച് 16-ന് മമ്മൂട്ടിക്കൊപ്പമുള്ള പ്രിയന്റെയും തന്റെയും ചിത്രം ലിസി തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

അക്ഷയ് കുമാർ നായകനാകുന്ന ഭൂത് ബംഗ്ലാ ആണ് പ്രിയദർശൻ സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. 14 വർഷങ്ങൾക്കുശേഷം അക്ഷയ് കുമാറും പ്രിയദർശനും ഒന്നിക്കുന്ന ചിത്രമാണ് ഭൂത് ബംഗ്ലാ. രേഷ് റാവൽ, രാജ്പാൽ യാദവ്, തബു, വാമിഖ ഗബ്ബി എന്നിവരും 'ഭൂത് ബംഗ്ല'യിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഏപ്രിൽ 10-ന് ചിത്രം തിയേറ്ററുകളിൽ എത്തും.

Content Highlights: Renowned director Priyadarshan revealed that ego and boredom caused his split from actress Lissy after 32 years of marriage, but the couple has now decided to live together again after realizing they missed each other's companionship.