'ചെവിട്ടോർമ്മ' IFFKയിലേക്ക്, മികച്ച പ്രതികരണവുമായി 'ഭൗമ'; അഭിനയത്തിന്‍റെ വ്യത്യസ്ത തലങ്ങളെ സ്പർശിച്ച് ദിലീഷ് പോത്തൻ

#Movie Desk
ദിലീഷ് പോത്തൻ | ഫോട്ടോ: പി. ജയേഷ് \ മാതൃഭൂമി
ദിലീഷ് പോത്തൻ | ഫോട്ടോ: പി. ജയേഷ് \ മാതൃഭൂമി

'ഭൗമ'യിലെ ഈശോ എന്ന പോലീസുകാരൻ, 'ചെവിട്ടോർമ്മ'യിലെ കിടപ്പുരോഗിയായ വർക്കിച്ചൻ എന്ന വയോധികൻ... ഒരു കാലത്ത് വില്ലൻ വേഷങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ദിലീഷ് പോത്തൻ അടുത്തിടെയായി ശ്രദ്ധേയ വേഷങ്ങളിലാണ് ഓരോ സിനിമയിലും എത്തുന്നത്. ഇപ്പോഴിതാ താരത്തിന്‍റെ കരിയറിൽ തന്നെ ഏറെ വ്യത്യസ്തമായ കഥാപാത്രമായി കിടപ്പുരോഗിയായ ഒരു വൃദ്ധന്‍റെ വേഷത്തിൽ ദിലീഷ് പോത്തൻ എത്തുന്ന 'ചെവിട്ടോർമ്മ' IFFK-യിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്. അതോടൊപ്പം ദിലീഷ് പോത്തൻ കേന്ദ്ര കഥാപാത്രമായെത്തിയ 'ഭൗമ' എന്ന സിനിമയിലെ അദ്ദേഹം അവതരിപ്പിച്ച ഈശോ എന്ന കഥാപാത്രത്തിന്‍റെ പ്രകടനവും തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുകയാണ്. റെജിൻ എസ്. ബാബുവാണ് 'ഭൗമ' സംവിധാനം ചെയ്തിരിക്കുന്നത്.

'ഭൗമ'യിലെ ക്ലൈമാക്സ് രംഗങ്ങളിലുൾപ്പെടെ ഈശോ എന്ന കഥാപാത്രമായി ദിലീഷ് പോത്തൻ ജീവിക്കുകയായിരുന്നു. ഗോഥിക് ഹൊറർ ത്രില്ലറായി എത്തിയിരിക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തന്‍റെ അഭിനയമികവ് എടുത്തുപറയേണ്ടതാണ്. മിസ്റ്ററി ത്രില്ലറായെത്തിയ ചിത്രത്തിൽ ചില പ്രധാന രഹസ്യങ്ങളുടെ ചുരുളഴിയുന്നത് ദിലീഷ് പോത്തന്‍റെ കഥാപാത്രത്തിലൂടെയാണ്.

സംവിധായകൻ, നിർമ്മാതാവ്, നടൻ എന്നീ വിവിധ തലങ്ങളിൽ തൻറേതായ വ്യക്തിമുദ്ര പതിപ്പിച്ച താരം 'ചെവിട്ടോർമ്മ'യിലും ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാണ് എത്തുന്നത്. ബുസാൻ ഫിലിം ഫെസ്റ്റിവലിൽ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം നേരത്തെ തന്നെ വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. എഴുത്തുകാരനും സംവിധായകനുമായ ലിയോ തദ്ദേവൂസ് ഒരുക്കിയിരിക്കുന്ന 'ചെവിട്ടോർമ്മ' ബുസാനിൽ വിൻഡോ റ്റു ഏഷ്യൻ സിനിമ എന്ന വിഭാഗത്തിലാണ് പ്രദർശിപ്പിച്ചത്.

ഓസ്ട്രേലിയൻ കമ്പനിയായ സ്റ്റോപ്പ് വിഞ്ചിങ് ഫിലിംസ്, ലവ്ലി ഫ്രെയിംസ്, അൺകോംബ്ഡ് ബുദ്ധ, എസ് ഫോർ സിനിമാസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസറും സ്ക്രിപ്റ്റ് എഡിറ്ററുമായ സ്റ്റീഫൻ സക്കറിയാസിന്‍റെ നേതൃത്വത്തിൽ ലോകൻ രവി, ജേക്കബ് സക്കറിയാസ്, ആദിത്യ ഗ്രോവർ, ഹർഷ് അഗർവാൾ, സാജൻ ബാലൻ എന്നിവരാണ് ചിത്രത്തിന്‍റെ നിർമാണം. ആറ്റസ് ഫിലിംസിന്‍റെ ബാനറിൽ ബസം കാദിയാർ ആണ് ഭൗമ നി‍ർമ്മിച്ചിരിക്കുന്നത്.

Content Highlights: Actor and filmmaker Dileesh Pothan is earning widespread acclaim for his remarkable versatility in two distinct projects: playing the mysterious cop Eesho in Rejin S. Babu's gothic horror thriller Bouma, and portraying a bedridden elderly man named Varkkichan in Leo Thaddeus's Chevittormma, which heads to the IFFK competition section following its Busan Film Festival premiere.