മരണത്തെ ഭയമില്ല, ഇനിയും കുറച്ചുകാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്- ദിൽജിത് ദോസാഞ്ജ്

നിരവധി ആരാധകരുള്ള പഞ്ചാബി ഗായകനും നടനുമാണ് ദിൽജിത് ദോസാഞ്ജ്. ഏപ്രിൽ മുപ്പതിന് കാനഡയിൽ വച്ചുനടന്ന സംഗീത പരിപാടിക്കിടയിൽ ജീവിതത്തേയും മരണത്തേയുംകുറിച്ച് ദിൽജിത് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
ഓറ വേൾഡ് ടൂറിന്റെ ഭാഗമായുള്ള സംഗീത പരിപാടിക്കിടെയാണ് ജീവിതത്തേക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളിൽ മാറ്റംവന്നുവെന്ന് ദിൽജിത് പറഞ്ഞത്. താൻ ഇതിനകം തന്നെ ഈ ലോകം വിട്ടുപോയിരിക്കുകയാണ്. മരണത്തെയോർത്ത് യാതൊരു ഭയവുമില്ല. കഴിഞ്ഞ ഡിസംബറിൽ ഞാൻ ഈ ശരീരത്തിൽനിന്ന് പുറത്തുകടക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ ഈ ശരീരം വിട്ടുപോവുന്നതിനുമുമ്പ് എനിക്കിനിയും കുറച്ചുകാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്- ദിൽജിത് പറഞ്ഞു.
ഒന്നിനേയോർത്തും ഭയമില്ലെന്നും ദിൽജിത് പറഞ്ഞു. മരണത്തേയും ഭയമില്ല. ആരോടും വിദ്വേഷമില്ല. എല്ലാവരോടും സ്നേഹമാണുള്ളത്. കഴിയുന്നത്ര ജീവിതത്തിൽ സ്നേഹവും ബഹുമാനവും ക്ഷമയും കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്.- ദിൽജിത് പറഞ്ഞു.
വീഡിയോ പുറത്തുവന്ന് അധികമാവുംമുമ്പേ വൈറലാവുകയും ചെയ്തു. ദിൽജിത് എന്തെങ്കിലും സമ്മർദം അനുഭവിക്കുന്നതാണ് ഇങ്ങനെ പറയുന്നതിനു പിന്നിലെന്നും തിരക്കിട്ട ജീവിതത്തിൽ മാനസികാരോഗ്യത്തിന് മുൻഗണന നൽകേണ്ടതിന്റെ പ്രാധാന്യമാണ് വ്യക്തമാകുന്നതെന്നും പറഞ്ഞാണ് പലരും വീഡിയോ പങ്കുവെക്കുന്നത്.
നേരത്തേ നെറ്റ്ഫ്ലിക്സിന് നൽകിയ അഭിമുഖത്തിനിടെ കലാകാരന്മാർ നേരിടുന്ന പ്രതിസന്ധികളേക്കുറിച്ച് ദിൽജിത് തുറന്നുപറഞ്ഞിരുന്നു. ഓരോ കലാകാരന്മാരും ഇത്തരം ബുദ്ധിമുട്ടുകൾ ജീവിതത്തിൽ നേരിടുന്നുണ്ട്. മരിക്കുന്നതുവരെ അവരേക്കുറിച്ച് ആളുകൾ നല്ലതുപറയില്ല. അവർ അർഹിക്കുന്ന സ്നേഹം നൽകുകയുമില്ല. ഈ ലോകംവിട്ടുപോയാൽ മാത്രമേ സ്നേഹം ലഭിക്കുകയുള്ളൂ. ഒന്നുകിൽ അയാൾ ചംകീലയെപ്പോലെ കൊല്ലപ്പെടണം. അല്ലെങ്കിൽ സ്വാഭാവിക മരണം സംഭവിക്കണം. എന്നാൽ മാത്രമേ ആളുകൾ അവരുടെ കഴിവിനെ പ്രശംസിക്കുകയുള്ളൂ. - എന്നാണ് ദിൽജിത് പറഞ്ഞത്.
പഞ്ചാബി സംഗീതരംഗത്തെ വിപ്ലവ ഗായകൻ അമർ സിങ് ചംകീലയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ചംകീലയായി എത്തിയത് ദിൽജിത് ആയിരുന്നു. സർദാർജി 3, ബോർഡർ 2 എന്നീ ചിത്രങ്ങളിലാണ് ദിൽജിത് അവസാനമായി വേഷമിട്ടത്. ഇംതിയാസ് അസിയുടെ മേം വാപസ് ആവൂംഗാ ആണ് ദിൽജിത്തിന്റെ വരാനിരിക്കുന്ന ചിത്രം.
Content Highlights: Diljit Dosanjh Breaks Silence on Death and His Purpose in Life