ഇടതുകൈ ഒടിഞ്ഞു, മൂന്ന് പല്ലുകൾ റൂട്ട് കനാൽ ചെയ്തു; 'ബൈസൺ' ചിത്രീകരണത്തിനിടെ പരിക്കുപറ്റിയെന്ന് ധ്രുവ്

ദീപാവലി റിലീസുകളായെത്തിയ ചിത്രങ്ങളിൽ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ് മാരി സെൽവരാജ് സംവിധാനംചെയ്ത ബൈസൺ. ധ്രുവ് വിക്രം നായകനായ ചിത്രം കബഡിയുടെ പശ്ചാത്തലത്തിലുള്ളതാണ്. സിനിമയുടെ ചിത്രീകരണത്തിനിടെ തനിക്ക് സംഭവിച്ച പരിക്കുകളേക്കുറിച്ച് ധ്രുവ് സംസാരിക്കുന്ന വീഡിയോ ശ്രദ്ധേയമാവുകയാണ്. ബൈസൺ റിലീസ് ചെയ്യുന്നതിന്റെ മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ധ്രുവ് ഇക്കാര്യങ്ങൾ പറഞ്ഞത്.
"ഷൂട്ടിങ് സമയത്ത് ഒരുപാട് പരിക്കുകൾ സംഭവിച്ചു. ഇടത് കൈ ഒടിഞ്ഞു. പൊട്ടലുണ്ടായതിനാൽ കാരണം മൂന്ന് പല്ലുകൾ റൂട്ട് കനാൽ ചെയ്യേണ്ടി വന്നു. കഴുത്തിൽ വലിയ രീതിയിലുള്ള പരിക്കുകൾ സംഭവിച്ചു. കൈമുട്ട്, വിരലുകള്‍ തുടങ്ങി പല ഭാഗത്തും പരിക്കുകളേറ്റു. പക്ഷേ അതെല്ലാം ഞാൻ ആസ്വദിച്ചു". ധ്രുവ് വിക്രം പറഞ്ഞു.
സ്‌പോര്‍ട്‌സ് ആക്ഷന്‍ ഡ്രാമ ചിത്രമായെത്തിയ 'ബൈസണ്‍' തിയേറ്ററുകളില്‍ മികച്ച പ്രേക്ഷകപ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. പ്രശസ്ത കബഡി താരം മണത്തി ഗണേശന്റെ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ സിനിമ അദ്ദേഹത്തിന്റെ ബയോപിക് ആയിരിക്കില്ലെന്ന് സംവിധായകൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
അനുപമ പരമേശ്വരന്‍, രജിഷ വിജയന്‍, ലാല്‍, പശുപതി തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട്. കബഡിയുടെ പശ്ചാത്തലത്തില്‍ ജാതി രാഷ്ട്രീയം ശക്തമായി പറയുന്ന ചിത്രമാണ് ബൈസണ്‍.
Content Highlights: Dhruv Vikram details his serious injuries during `Bison` filming, including a broken arm and root canals for three teeth, amidst the film`s success.