ധർമേന്ദ്രയുടെ ഫാം ഹൗസ് ആരാധകർക്കായി തുറന്നുകൊടുക്കുന്നു, പ്രവേശനം സൗജന്യം, അറിയിച്ചത് കുടുംബം

#മൂവി ഡെസ്ക്
നടൻ ധർമേന്ദ്ര | ഫോട്ടോ: AFP
നടൻ ധർമേന്ദ്ര | ഫോട്ടോ: AFP

മുംബൈ: അന്തരിച്ച നടൻ ധർമേന്ദ്രയുടെ ഖണ്ഡാലയിലെ ഫാം ഹൗസ് ആരാധകർക്കായി തുറന്നുകൊടുക്കുന്നു. അദ്ദേഹത്തിന്റെ കുടുംബം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഡിസംബർ എട്ടിനാണ് ഫാം ഹൗസിലേക്ക് ആരാധകർക്ക് പ്രവേശിക്കാനാവുക. താരത്തിന്റെ 90-ാം ജന്മദിനത്തിന് മുന്നോടിയായിട്ടാണ് അദ്ദേഹത്തിന് ആദരമെന്നോണം ഇക്കാര്യം ചെയ്യാൻ ഡിയോൾ കുടുംബം തീരുമാനിച്ചത്.

ഫാം ഹൗസിലേക്ക് പ്രവേശിക്കാൻ പാസോ രജിസ്ട്രേഷനോ ഇല്ല. ഫാം ഹൗസിലെ സംഗമം ഉച്ചയ്ക്ക് ഒരുമണിക്ക് ആരംഭിക്കും. ധർമേന്ദ്രയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്ത ആളുകൾക്ക് ഒത്തുകൂടി അദ്ദേഹത്തെ അനുസ്മരിക്കാൻ ഒരു ഇടം സൃഷ്ടിക്കണമെന്ന കുടുംബത്തിന്റെ ആഗ്രഹത്തിൽ നിന്നാണ് പ്രവേശനം സൗജന്യമാക്കാൻ തീരുമാനിച്ചത്. മാധ്യമങ്ങൾക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.

യാത്ര സുഗമമാക്കുന്നതിനായി, ലോനാവാലയിൽ നിന്ന് ബസുകൾ ഉണ്ടായിരിക്കും. സണ്ണി, ബോബി, അവരുടെ കുട്ടികൾ എന്നിവരുൾപ്പെടെ ഡിയോൾ കുടുംബം ഫാംഹൗസിൽ ആരാധകരെ കാണുകയും അഭിവാദ്യം അർപ്പിക്കുകയും ചെയ്യും.

നവംബർ 24-ന് 89-ാം വയസ്സിലാണ് ധർമേന്ദ്ര അന്തരിച്ചത്. ഡിസംബർ എട്ടിന്‌ 90-ാം പിറന്നാൾ ആഘോഷിക്കാനിരിക്കേയാണ് മുംബൈയിലെ ജുഹുവിലെ വസതിയിൽ വിടവാങ്ങൽ. ശ്വാസതടസ്സത്തെത്തുടർന്ന് ധർമേന്ദ്രയെ ഒക്ടോബർ അവസാനം മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വിട്ട് 12 ദിവസത്തിനുശേഷമാണ് വിടവാങ്ങിയത്. നടൻ എന്നതിനുപുറമേ സിനിമാനിർമാതാവും രാഷ്ട്രീയനേതാവുമായിരുന്നു ധർമേന്ദ്ര. ജുഹുവിലെ പവൻ ഹൻസ്‌ ശ്മശാനത്തിലായിരുന്നു സംസ്കാരം.

ധർമേന്ദ്രയുടെ ഓർമ്മയ്ക്കായി അടുത്തിടെ മുംബൈയിൽ ഒരു പ്രാർത്ഥനാ യോഗം നത്തിയിരുന്നു. 'സെലിബ്രേഷൻ ഓഫ് ലൈഫ്' എന്ന് പേരിട്ട ഈ പ്രാർത്ഥനാ യോഗത്തിന് ഡിയോൾ കുടുംബമാണ് ആതിഥേയത്വം വഹിച്ചത്. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, രേഖ, ഐശ്വര്യ റായ് എന്നിവരടക്കമുള്ളവർ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തിരുന്നു.

Content Highlights: Deol Family Opens Dharmendra's Khandala Farmhouse for Public Remembrance on 90th Birth Anniversary